25 April Thursday
ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ 10 കുറ്റമാണ്‌ അന്വേഷിക്കുക

ഫ്രാൻസ്‌ അന്വേഷണം തുടങ്ങി; അനങ്ങാതെ മോഡി

സാജൻ എവുജിൻUpdated: Tuesday Jul 20, 2021

logo image credit www.mediapart.fr


ന്യൂഡൽഹി
ഇസ്രയേലി സൈബർ നിരീക്ഷണസ്ഥാപനം എൻഎസ്‌ഒയുടെ പെഗാസസ്‌ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ ഫ്രാൻസിലെ സർക്കാർ ഉദ്യോഗസ്ഥരുടെയും മാധ്യമ–-മനുഷ്യാവകാശ പ്രവർത്തകരുടെയും സ്‌മാർട്ട്‌ ഫോണുകൾ ചോർത്തിയെന്ന വെളിപ്പെടുത്തലിന്മേൽ ഫ്രഞ്ച്‌ പ്രോസിക്യൂഷൻ അന്വേഷണം തുടങ്ങി. ഫ്രഞ്ച്‌ മാധ്യമസ്ഥാപനം മീഡിയപാർട്‌ നൽകിയ പരാതിയിലാണ്‌ നടപടി. ഇന്ത്യൻ പൗരന്മാരെ സമാനമായി നിരീക്ഷിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടും മോഡി സർക്കാർ മൗനത്തിലാണ്‌.

മീഡിയപാർടിന്റെ സ്ഥാപകൻ എഡ്‌ വി പ്ലെനേൽ, റിപ്പോർട്ടർ ലെനൈഗ്‌ ബ്രിദോക്‌സ്‌ എന്നിവരുടെ സ്‌മാർട്ട്‌ഫോണുകളിൽ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം പെഗാസസ്‌ ഉപയോഗിച്ച്‌ വിവരങ്ങൾ ചോർത്തിയെന്നാണ്‌ വെളിപ്പെടുത്തൽ. ഫ്രഞ്ച്‌ ദേശീയ പത്രം ലെ മുന്ദ്‌, എഎഫ്‌പി വാർത്താഏജൻസി എന്നിവയിലെ ജീവനക്കാരുടെ ഫോണുകളും ചോർത്തി. പാരിസ്‌ ആസ്ഥാനമായ ‘ഫോർബിഡൻ സ്‌റ്റോറീസ്‌’ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ 17 മാധ്യമസ്ഥാപനം നടത്തിയ അന്വേഷണത്തിലാണ്‌ ചോർത്തൽ പുറത്തുവന്നത്‌.

സ്വകാര്യതയ്‌ക്കു നേരെയുള്ള കടന്നുകയറ്റം, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ്‌, ക്രിമിനൽ ഗൂഢാലോചന എന്നിങ്ങനെ 10 കുറ്റമാണ്‌ അന്വേഷിക്കുകയെന്ന്‌ ഫ്രഞ്ച്‌ സർക്കാർ പ്രോസിക്യൂഷൻ ഓഫീസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. വിപുലമായും നിരന്തരമായും നടക്കുന്ന നിയമവിരുദ്ധനിരീക്ഷണം ഫ്രഞ്ച്‌ പ്രോസിക്യൂഷന്റെ അന്വേഷണപരിധിയിൽ വരുമെന്ന്‌ ‘ദ ഗാർഡിയൻ’ റിപ്പോർട്ട്‌ ചെയ്‌തു.

മീഡിയപാർടിന്റെ വെളിപ്പെടുത്തലിൽ ഇന്ത്യ–-ഫ്രാൻസ്‌ റഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ച്‌  ഫ്രാൻസിൽ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണ്‌. 59,000 കോടി രൂപയുടെ ഇടപാടിൽ ഫ്രഞ്ച്‌ പ്രസിഡന്റും മുൻപ്രസിഡന്റും അടക്കമുള്ളവർ അന്വേഷണം നേരിടുകയാണ്‌. ഇക്കാര്യത്തിലും മോഡിസർക്കാർ പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top