23 April Tuesday

പെഗാസസ്‌ ചാരപ്പണിയില്‍ അന്വേഷണം; സമ്മർദം ചെലുത്തി യുഎസും

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

ന്യൂഡൽഹി > പെഗാസസ്‌ ഫോൺചോർത്തലിൽ നടപടിയെടുക്കണമെന്ന്‌ ഇസ്രയേലിനോട്‌ അമേരിക്ക. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന്‌ ഫ്രാൻസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുഎസ് ഇടപെടലെന്ന് വാഷിങ്‌ടൺ പോസ്‌റ്റ്‌ റിപ്പോർട്ടുചെയ്‌തു.

പല വിദേശരാജ്യങ്ങളും ജനാധിപത്യത്തിന്‌ നേരെയുള്ള കടന്നാക്രമണമെന്ന നിലയിൽ ഫോണ്‍ ചോർത്തലിനെ ഗൗരവത്തിൽ കാണുമ്പോള്‍ മോഡി സർക്കാർ മൗനത്തില്‍. യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ മധ്യേഷ്യൻ ഉപദേശകനായ ബ്രെറ്റ്‌ മക്‌ഗുർക്‌ കഴിഞ്ഞ ദിവസം വൈറ്റ്‌ഹൗസിൽ ഇസ്രയേൽ പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ സൊഹർ പൽട്ടിയുമായാണ് പെഗാസസ്‌വിഷയം ചര്‍ച്ച ചെയ്‌ത‌‌ത്. സൈബർ ചാരപ്പണി തടയാൻ പുതിയ നിയന്ത്രണം വേണമെന്ന്  യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങള്‍ ബൈഡനോട്‌ ആവശ്യപ്പെട്ടു.

കൈയോടെ പിടിച്ച് ഫ്രാന്‍സ്

പെഗാസസ്‌ ഫോൺ ചോർത്തൽ യാഥാർഥ്യമാണെന്ന്‌ ഫ്രാൻസിലെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ എഎൻഎസ്‌എസ്‌ഐ സാങ്കേതിക പരിശോധനയില്‍ കണ്ടെത്തി. അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ മീഡിയാപാർട്ടിലെ രണ്ട്‌ മാധ്യമപ്രവർത്തകരുടെ ഫോണിലാണ്‌ തെളിവുകൾ ഫ്രഞ്ച്‌ ഏജൻസി കണ്ടെത്തിയത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിക്കൂട്ടിലുള്ള റഫേൽ യുദ്ധവിമാന അഴിമതി ഇടപാട്‌ പുറത്തുകൊണ്ടുവന്നത്‌ മീഡിയാപാർട്ടായിരുന്നു. ആദ്യമായാണ്‌ ഒരു സർക്കാർ ഏജൻസി പെഗാസസ്‌ ചോർത്തൽ സ്ഥിരീകരിച്ചത്‌. മോഡി സർക്കാർ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറല്ല. ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എൻഎസ്‌ഒ ഓഫീസിൽ ഇസ്രയേൽ റെയ്‌ഡ് നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top