29 March Friday

പെഗാസസ്‌ ദുരുപയോഗം ചെയ്‌തു; സര്‍ക്കാര്‍ ഏജൻസികളെ വിലക്കി: എൻഎസ്‌ഒ

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

ന്യൂഡൽഹി > രാജ്യാന്തരതലത്തിൽ സമ്മർദം ശക്തമായതോടെ ചാരസോഫ്‌റ്റ്‌വെയർ പെഗാസസ്‌ ഉപയോഗിക്കുന്നതിൽനിന്ന്‌ പല സർക്കാർ ഏജൻസിയെയും ഇസ്രയേൽ കമ്പനിയായ എൻഎസ്‌ഒ വിലക്കി. പെഗാസസ്‌ ദുരുപയോഗം ചെയ്‌തതായി എൻഎസ്‌ഒ സംശയിക്കുന്ന സർക്കാർ ഏജൻസികൾക്കാണ്‌ താൽക്കാലിക വിലക്ക്‌ ഏർപ്പെടുത്തിയതെന്ന്‌  യുഎസ്‌ മാധ്യമം എൻപിആർ റിപ്പോർട്ട്‌ ചെയ്‌തു. ഇന്ത്യയിൽ റോയും ഐബിയും പെഗാസസ്‌ ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്‌. വിലക്കപ്പെട്ടവയുടെ പട്ടികയിൽ റോയും ഐബിയും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

ആംനെസ്‌റ്റിയും മാധ്യമസ്ഥാപനങ്ങളും പുറത്തുകൊണ്ടുവന്ന ചോര്‍ത്തല്‍ വിവരം ശരിവയ്‌ക്കുന്നതാണ്‌ ഇസ്രയേലിന്റെ അന്വേഷണ പ്രഖ്യാപനവും എൻഎസ്‌ഒയുടെ വിലക്കൽ നടപടിയും. നേരത്തേതന്നെ അഞ്ച്‌ ഏജൻസിയെ പെഗാസസ്‌ ദുരുപയോഗിച്ചതിന്‌ എൻഎസ്‌ഒ വിലക്കിയിരുന്നു.

വാട്‌സാപ്പിൽ പെഗാസസ്‌ നുഴഞ്ഞുകയറ്റം നടത്തിയെന്ന്‌ 2020ൽ കണ്ടെത്തിയതോടെയായിരുന്നു ഇത്. ഇന്ത്യയിലും പെഗാസസ്‌ വ്യാപകമായി ദുരുപയോഗിച്ചെന്ന്‌ അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്‌മ കണ്ടെത്തി. ചോർത്തലിന്‌ ഇരയായ ആയിരത്തിലേറെ പേരിൽ മുന്നൂറിലേറെ തിരിച്ചറിയാനായി. ഇന്ത്യൻ ഏജൻസി പെഗാസസ്‌ വാങ്ങിയിട്ടുണ്ടോയെന്ന്‌ സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, നിഷേധിച്ചിട്ടുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top