27 April Saturday

പെഗാസസ്‌; പ്രതിപക്ഷത്തെ നിശ്ശബ്‌ദ‌രാക്കി സഭ നടത്തിക്കൊണ്ടുപോകാൻ ശ്രമം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ന്യൂഡൽഹി > പ്രതിപക്ഷത്തെ നിശ്ശബ്‌ദ‌രാക്കി സഭ നടത്തിക്കൊണ്ടുപോകുക എന്ന നിലപാട് ഒട്ടും ആശാസ്യമല്ലെന്ന്‌ രാജ്യസഭ എം.പി എളമരം കരീം. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് തീർത്തും ഭൂഷണമല്ലാത്ത നിലപാടാണ് രാജ്യസഭാ ചെയർമാനും സർക്കാരും സ്വീകരിക്കുന്നത്. ഇന്ന് സഭ നിർത്തിവെച്ച രീതിയും തീർത്തും അപലപനീയമാണെന്നും കരീം പറഞ്ഞു.

പെഗാസസ്‌ ഫോൺ ചോർത്തൽ പ്രശ്‌നത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സഭയിൽ വന്ന് അവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ അനുവദിക്കണം, ചർച്ചക്ക് ശേഷം ഈ വിഷയം സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് വിടാൻ സർക്കാർ തയ്യാറാവണം എന്നീ ആ വശ്യങ്ങളും; ഒപ്പം കർഷക സമരവും വിലക്കയറ്റവുമുൾപ്പെടെയുള്ള ഗൗരവതരമായ വിഷയങ്ങളും സഭയിൽ ചർച്ചചെയ്യണം എന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്.

പക്ഷെ ഈ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ പോലും പ്രതിപക്ഷ നേതാക്കളെ സഭാധ്യക്ഷൻ അനുവദിച്ചില്ല. രാജ്യത്തെയാകെ ബാധിക്കുന്ന ഇത്തരം ഗൗരവതരമായ വിഷയങ്ങൾ ഇന്ത്യൻ പാർലമെന്റ് ചർച്ചചെയ്യേണ്ടതില്ല എന്ന സർക്കാർ നിലപാടിന് ഒപ്പം ചേരുന്ന സമീപനം ചെയർമാൻ സ്വീകരിക്കുന്നത് നിര്ഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.

സഭാ ചട്ടം 267 പ്രകാരം അടിയന്തിര പ്രധാനയമുള്ള വിഷയങ്ങൾ സഭ നിർത്തിവെച്ച്‌ ചർച്ചചെയ്യണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസുകൾ ചെയർമാൻ പരിഗണിച്ചില്ല എന്ന് മാത്രമല്ല പ്രതിപക്ഷം അനാവശ്യമായി സഭ തടസ്സപ്പെടുത്തുന്നു എന്ന് വരുത്തിത്തീർക്കാൻ എഴുതിത്തയ്യാറാക്കിയ പ്രസ്‌താവന അദ്ദേഹം സഭയിൽ വായിക്കുകയും ചെയ്‌തത് ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണ്. പ്രതിപക്ഷ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ചെയർമാൻ ഇത്തരത്തിൽ മുൻവിധിയോടെ പെരുമാറുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നും കരീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top