24 April Wednesday

ഇഡി കണ്ടെടുത്ത പണം പാർഥയുടേത് : അർപ്പിത മുഖർജി

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022


കൊൽക്കത്ത
ഫ്ലാറ്റുകളിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്ത പണം അറസ്റ്റിലായ പശ്ചിമബം​ഗാൾ  മുൻ മന്ത്രി പാർഥ ചാറ്റർജിയുടേതെന്ന് സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയുടെ മൊഴി.  അർപ്പിതയുടെ ഫ്ലാറ്റുകളിൽനിന്ന് 50 കോടിയോളം രൂപയും കിലോക്കണക്കിനു സ്വർണവും പിടിച്ചെടുത്തു.  ഇത്രയും തുകയാണ് ഒളിപ്പിച്ചെന്ന് അറിയില്ലായിരുന്നെന്നാണ് അർപ്പിത അവകാശപ്പെടുന്നത്. കോടതി നിർദേശപ്രകാരമുള്ള പരിശോധനയ്ക്കായി വെള്ളിയാഴ്ച ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ അർപ്പിത അലമുറയിട്ടുകരഞ്ഞു.   കാറിൽനിന്നു പുറത്തിറങ്ങാതെ നിലവിളിക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

അടിമുടി ദുരൂഹം
പശ്ചിമബം​ഗാളിലെ ബെല്‍ഘാരിയയിലെ സാധാരണ കുടുംബത്തിൽ  ജനിച്ച അർപ്പിതയുടെ ജീവിതം സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്.  2004-ല്‍ മോഡലായാണ് തുടക്കം. ആദ്യം ചില തമിഴ് സിനിമകളിൽ അഭിനയിച്ചു. പിന്നീട് ഒഡിയ സിനിമകളിലും ബം​ഗാളി സിനിമകളിലും അവസരം കിട്ടി. ഉന്നത രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടായിരുന്നു. പാര്‍ഥ  തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അര്‍പ്പിത പ്രചാരണത്തിനിറങ്ങി.  മകള്‍ ഇത്രയേറെ പണം സമ്പാദിച്ചത് എങ്ങനെയെന്നറിയില്ലെന്ന് അർപ്പിതയുടെ അമ്മ പറയുന്നു. 

ഗൂഢാലോചനയുടെ 
ഇരയെന്ന്  പാര്‍ഥ
താൻ ​ഗൂഢാലോചനയുടെ ഇരയാണെന്ന്  ഇഡി കസ്റ്റഡിയിലുള്ള പാർഥ ചാറ്റർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വൈദ്യപരിശോധനയ്‌ക്കായി  ജോക്കയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. പാർഥയെയും അർപ്പിതയെയും കൊൽക്കത്തയിലെ സിജിഒ കോംപ്ലക്സിൽ ഇഡി ചോദ്യം ചെയ്യുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top