26 April Friday

‘പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യേണ്ടത്‌ രാഷ്‌ട്രപതി’; മോദി ഉദ്‌ഘാടനം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർടി നേതാക്കൾ

എം പ്രശാന്ത്‌Updated: Monday May 22, 2023

ന്യൂഡൽഹി > പുതിയ പാർലമെന്റ്‌ മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർടി നേതാക്കൾ രംഗത്ത്‌. ഗാന്ധി വധക്കേസിൽ പ്രതിയായിരുന്ന വി ഡി സവർക്കറുടെ ജന്മവാർഷിക ദിനമായ മെയ്‌ 28ന്‌ ഉദ്‌ഘാടനം നിശ്ചയിച്ചതിലും എതിർപ്പുയർന്നു. ഭരണഘടന പ്രകാരം രാഷ്ട്രത്തിന്റെ തലവനായ രാഷ്ട്രപതിയാണ്‌ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യേണ്ടതെന്ന്‌ പ്രതിപക്ഷ പാർടി നേതാക്കൾ ചൂണ്ടിക്കാട്ടി.

പാർലമെന്റ്‌ വിളിച്ച്‌ ചേർക്കുന്നതും ഓരോ വർഷത്തെയും സമ്മേളനത്തിന്‌ അഭിസംബോധനയോടെ തുടക്കമിടുന്നതും ബില്ലുകൾക്കും മറ്റും അംഗീകാരം നൽകുന്നതും രാഷ്ട്രപതിയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനപ്രകാരം പുതിയ പാർലമെന്റുമായി ബന്ധപ്പെട്ട എന്തും നിർവഹിക്കേണ്ടത്‌ രാഷ്ട്രപതിയാണ്‌. എന്നാൽ, ഇവിടെ തറക്കല്ലിട്ടതും ദേശീയ ചിഹ്നം സ്ഥാപിച്ചതും ഇപ്പോൾ ഉദ്‌ഘാടനം നിർവഹിക്കുന്നതുമെല്ലാം പ്രധാനമന്ത്രിതന്നെയാണ്‌. ആദിവാസി സമൂഹത്തിൽനിന്നുള്ള രാഷ്ട്രപതി നമുക്കുണ്ട്‌. പാർലമെന്റിന്‌ തറക്കല്ലിടേണ്ടതും ഇപ്പോൾ ഉദ്‌ഘാടനം നിർവഹിക്കേണ്ടതുമെല്ലാം രാഷ്ട്രപതിയായിരുന്നു–- യെച്ചൂരി പറഞ്ഞു.

പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ്‌ നിർവഹിക്കേണ്ടതെന്ന്‌ രാഹുൽ ഗാന്ധി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആർജെഡി എംപി മനോജ്‌ ഝാ, കോൺഗ്രസ്‌ നേതാവ്‌ മനീഷ്‌ തിവാരി തുടങ്ങിയവരും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിനെതിരായി വിമർശമുയർത്തി. പാർലമെന്ററി നടപടിക്രമങ്ങളിൽ വിദഗ്‌ധരായവരും സമാന അഭിപ്രായം പങ്കുവച്ചു. രാഷ്ട്രനിർമാതാക്കളായ നേതാക്കളോടുള്ള അവഹേളനമാണിതെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേശ്‌ ട്വീറ്റു ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top