16 April Tuesday
കർഷകദ്രോഹ നിയമങ്ങൾ മോദിക്ക് പിൻവലിക്കേണ്ടി വന്നത്‌ പ്രതിപക്ഷനീക്കത്തിന് കരുത്തേക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനം : ഉത്തരം പറയിക്കാന്‍ പ്രതിപക്ഷം

എം പ്രശാന്ത്‌Updated: Saturday Nov 27, 2021


ന്യൂഡൽഹി
ഉത്തർപ്രദേശ്‌ അടക്കം അഞ്ചിടത്ത് അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തിങ്കളാഴ്‌ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം ഭരണ–- പ്രതിപക്ഷ  ഏറ്റുമുട്ടലിന്‌ വേദിയാകും. ഒരു വർഷംനീണ്ട കർഷക സമരത്തെ തുടർന്ന്‌ മൂന്ന്‌ കർഷകദ്രോഹ നിയമം മോദി സർക്കാരിന്‌ പിൻവലിക്കേണ്ടി വന്നത്‌ പ്രതിപക്ഷ കക്ഷികള്‍ക്ക് ആവേശം നല്‍കുന്നു. സഭയിലെ പ്രതിപക്ഷനീക്കങ്ങളിൽ ഇത്‌ പ്രതിഫലിക്കും. മോദി സർക്കാരിന്റെ ഭരണഘടനാ ദിനാചരണം പ്രതിപക്ഷം ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ചത്‌ വ്യക്തമായ സൂചന.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചെങ്കിലും എംഎസ്‌പി നിയമപരമാക്കണം എന്നതടക്കം ആറ്‌ ആവശ്യം മുൻനിർത്തി കർഷകസംഘടനകൾ സമരം തുടരുന്നതും പ്രതിപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നു. പാർലമെന്റ്‌ സമ്മേളനത്തിന്റെ ആദ്യ ദിവസംമുതൽ ട്രാക്ടർ–- ട്രോളികളില്‍ അഞ്ഞൂറ്‌ കർഷകർ വീതം പ്രതിദിനം പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്യാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്‌.
വിലക്കയറ്റമാകും മോദി സർക്കാരിനെ മുൾമുനയിൽ നിർത്താനുള്ള മറ്റൊരു ആയുധം.

പെട്രോൾ–- ഡീസൽ വിലവർധനയ്‌ക്ക്‌ പുറമെ പച്ചക്കറികളും ഭക്ഷ്യവസ്‌തുക്കളും അടക്കമുള്ള അവശ്യവസ്‌തുക്കളുടെ വില കുതിച്ചുയർന്നത്‌ പ്രതിപക്ഷം ഉന്നയിക്കും. പെട്രോൾ–- ഡീസൽ എക്‌സൈസ്‌ തീരുവയിൽ നേരിയ കുറവ്‌ വരുത്തിയെങ്കിലും 2014ലെ നിരക്കിലേക്ക്‌ എത്തിക്കണമെന്ന ആവശ്യമാണ്‌ പ്രതിപക്ഷത്തിന്റേത്‌.

പെഗാസസ്‌ ഫോൺ ചോർത്തലിൽ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പാർലമെന്റിൽ വീണ്ടും ചർച്ചാവിഷയമാകും.  പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ  ഇതുവരെ ‌ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രണ്ട്‌ പൊതുമേഖലാ ബാങ്ക്‌ സ്വകാര്യവൽക്കരിക്കുന്നതിനുള്ള ബില്ലുകൾ സർക്കാർ കൊണ്ടുവരുന്നുണ്ട്‌. ഇതിനെതിരായി ഇടതുപക്ഷ പാർടികൾ എതിർപ്പുയർത്തും. കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല. ബിജെപി ഭരണസംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ, ത്രിപുരയിലും മറ്റും ബിജെപിയുടെ ജനാധിപത്യ അട്ടിമറി, കശ്‌മീരിലെ ജനാധിപത്യധ്വംസനം തുടങ്ങിയവയും ഉയരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top