29 March Friday

ശീതകാല സമ്മേളനം: ഐഒബിയും സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും സ്വകാര്യവത്‌ക്കരിക്കാൻ ബില്‍

എം പ്രശാന്ത്‌Updated: Thursday Nov 25, 2021

ന്യൂഡൽഹി>  രാജ്യത്തെ രണ്ടു പൊതുമേഖലാ ബാങ്ക്‌ സ്വകാര്യവൽക്കരിക്കുന്നതിനുള്ള ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. നടപ്പുവർഷം രണ്ടു പൊതുമേഖലാ ബാങ്ക്‌ സ്വകാര്യവൽക്കരിക്കുമെന്ന  ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ്‌ പ്രഖ്യാപനത്തിന്റെ ഭാ​ഗമാണ് ബില്‍.

ഏതെല്ലാം ബാങ്കുകളാണ്‌ സ്വകാര്യവൽക്കരിക്കുയെന്ന്‌ ബില്ലിൽ പരാമർശമുണ്ടാകില്ല. പകരം പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിന്‌ വഴിയൊരുക്കുന്ന ഭേദഗതികളാകും കൊണ്ടുവരിക. 1970ലെയും 1980ലെയും ബാങ്കിങ്‌ കമ്പനികളുടെ ഏറ്റെടുക്കൽ–- കൈമാറ്റ നിയമങ്ങളിലും 1949ലെ ബാങ്കിങ്‌ നിയന്ത്രണനിയമത്തിലുമാണ്‌ ഭേദഗതി കൊണ്ടുവരിക. ഇന്ത്യൻ ഓവർസീസ്‌ ബാങ്കും സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുമാണ്‌ സ്വകാര്യവൽക്കരിക്കുകയെന്നാണ്‌ സൂചന.  വിൽപ്പനവാർത്തകളെത്തുടർന്ന്‌ ഐഒബി, സെൻട്രൽ ബാങ്ക് ഓഹരിവില ഉയർന്നു. വിൽപ്പന സംബന്ധിച്ച്‌ ഒരു അറിയിപ്പുമില്ലെന്ന്‌ ഇരുബാങ്കും അറിയിച്ചു.

പൊതുമേഖലാ വിൽപ്പനയിലൂടെ നടപ്പുവർഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കലാണ്‌ കേന്ദ്ര ലക്ഷ്യം. 1969ലും 1980ലുമായി 35 ബാങ്കാണ്‌ രാജ്യത്ത്‌ ദേശസാൽക്കരിച്ചത്‌. വൻകിട കുത്തകകൾക്ക്‌ നേട്ടമുണ്ടാക്കുംവിധം ഭൂരിഭാഗം ബാങ്കുകളും ഘട്ടംഘട്ടമായി വിറ്റഴിക്കാനാണ്‌ നീക്കം. ഇതടക്കം 26 പുതിയ ബിൽ സമ്മേളനത്തിൽ അവതരിപ്പിക്കും. ഓൺലൈൻ വിനിമയ സാങ്കൽപ്പിക കറൻസിയായ ക്രിപ്‌റ്റോ കറൻസികളെ നിയന്ത്രിച്ചുള്ള ബില്ലും ഇതിലുൾപ്പെടും. സ്വകാര്യ ക്രിപ്‌റ്റോ കറൻസികളെ വിലക്കിയുള്ള ബില്ലിൽ ചില ഇളവും അനുവദിക്കും.ആർബിഐ പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസിക്ക്‌ ചട്ടക്കൂട്‌ ഒരുക്കുകയെന്ന ലക്ഷ്യവും ബില്ലിനുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top