29 March Friday

പാർലമെന്റിന്റെ ശീതകാല സമ്മേളനം ; കടന്നാക്രമണത്തിന്‌ ഒരുങ്ങി പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021



ന്യൂഡൽഹി
യുപി അടക്കമുള്ള അഞ്ച്‌ സംസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ അടുത്തയാഴ്‌ച ചേരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം ബിജെപിക്കും പ്രതിപക്ഷ പാർടികൾക്കും ഒരേപോലെ നിർണായകം. കർഷക സമരത്തിന്‌ മുന്നിൽ മോദി സർക്കാർ മുട്ടുമടക്കിയ സാഹചര്യത്തിൽ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കും. മിനിമം താങ്ങുവില നിയമപരമാക്കുക, ഇന്ധന വിലക്കയറ്റം, അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം, പെഗാസസ്‌ തുടങ്ങിയ വിഷയങ്ങളും ബിജെപിക്ക്‌ കീറാമുട്ടിയാകും. ഞായറാഴ്‌ച കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രി പങ്കെടുക്കുമെന്ന്‌ ബിജെപി വൃത്തങ്ങൾ പറഞ്ഞു. ബിജെപി എംപിമാരുടെയും എൻഡിഎ കക്ഷി നേതാക്കളുടെയും യോഗവും ഞായറാഴ്‌ച ചേരും. പ്രതിപക്ഷവും യോഗം ചേർന്ന്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകും.

ചില നിർണായക ബില്ല്‌ ശീതകാല സമ്മേളനം പരിഗണിക്കും. കാർഷിക നിയമം പിൻവലിച്ചുള്ള ബില്ലാണ്‌ പ്രധാനം. ബില്ല്‌ വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ എത്തും. കർഷകർ സമരം തുടരുന്ന സാഹചര്യത്തിൽ എംഎസ്‌പി വിഷയത്തിൽ എന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്ന ചർച്ചയും സജീവമായിട്ടുണ്ട്‌. ഡാറ്റാ സുരക്ഷാ ബില്ലും ക്രിപ്‌റ്റോകറൻസി നിയന്ത്രണ ബില്ലും സമ്മേളനം പരിഗണിക്കും. ഡാറ്റാ സുരക്ഷാ ബില്ലിന്‌ പാർലമെന്റിന്റെ സെലക്ട്‌ കമ്മിറ്റി കഴിഞ്ഞ ദിവസം ഭേദഗതികളോടെ അംഗീകാരം നൽകി. കേന്ദ്ര ഏജൻസികളെ ബില്ലിന്റെ പരിധിയിൽ നിന്നൊഴിവാക്കുന്നതിനെതിരായി സമിതിയിലെ പ്രതിപക്ഷാംഗങ്ങൾ വിയോജനക്കുറിപ്പ്‌ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top