27 April Saturday
കീഴ്‌വഴക്കം ലംഘിച്ചുള്ള വിചിത്ര നീക്കം, സമിതികളെ നിരീക്ഷിക്കാനെന്ന്‌ പ്രതിപക്ഷം

ധൻഖർ നിരീക്ഷിക്കും ; പാർലമെന്റ്‌ സ്ഥിരം സമിതികളിൽ പേഴ്‌സണൽ സ്റ്റാഫുകളെ വിന്യസിച്ച്‌ ജഗ്‌ദീപ്‌ ധൻഖർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

ന്യൂഡൽഹി
പാർലമെന്റിന്റെ സ്ഥിരം സമിതികളിലേക്ക്‌ കീഴ്‌വഴക്കം ലംഘിച്ച്‌ പേഴ്‌സണൽ സ്റ്റാഫുകളെ വിന്യസിച്ച്‌ രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ. രാജ്യസഭയ്‌ക്കു കീഴിലുള്ള 20 സ്ഥിരം സമിതികളിലേക്കാണ്‌ എട്ട്‌ പേഴ്‌സണൽ സ്റ്റാഫുകളെ വിന്യസിച്ചത്‌. പ്രതിപക്ഷ എംപിമാരും ബിജെപി അംഗങ്ങളും അധ്യക്ഷരായ സമിതികളിലേക്ക്‌ ഇവരെ നിയോഗിച്ച്‌ രാജ്യസഭാ സെക്രട്ടറിയറ്റ്‌ ഉത്തരവിറക്കി. ഇതിൽ നാലുപേർ ഉപപ്രധാനമന്ത്രിയുടെ സെക്രട്ടറിയറ്റിന്റെ ഭാഗമായവരാണ്‌.

ഉപപ്രധാനമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി, പേഴ്‌സണൽ സെക്രട്ടറി, രാജ്യസഭാ അധ്യക്ഷന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തുടങ്ങിയവർ പട്ടികയിലുണ്ട്‌. സ്ഥിരം സമിതികളിൽ നിരീക്ഷണം നടത്തുകയെന്ന ലക്ഷ്യമാണ്‌ വിചിത്ര ഉത്തരവിലൂടെ നടപ്പാക്കുന്നതെന്ന്‌ പ്രതിപക്ഷ പാർടികൾ പ്രതികരിച്ചു. നിലവിലെ സംവിധാനത്തിൽ അധ്യക്ഷന്‌ വിശ്വാസമില്ലെന്നാണ്‌ പുതിയ നീക്കം വ്യക്തമാക്കുന്നതെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ നടപടി അംഗീകരിക്കാനാവില്ലെന്ന്‌ ശാസ്‌ത്ര സാങ്കേതിക സ്ഥിരം സമിതിയുടെ തലവനായ കോൺഗ്രസ്‌ നേതാവുമായ ജയ്‌റാം രമേശ്‌ പറഞ്ഞു. രാജ്യസഭയുടെയാണ്‌ സ്ഥിരം സമിതിയെന്നും അധ്യക്ഷന്റെയല്ലെന്നും അദ്ദേഹം പറഞ്ഞു.

പൂർണ്ണമായി രഹസ്യസ്വഭാവം പുലർത്തുന്ന സമിതികളിൽ അഡീഷണൽ സെക്രട്ടറി അല്ലെങ്കിൽ ജോയിന്റ്‌ സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ ഉണ്ടാകും. സമിതികളിലെ സംഭവവികാസങ്ങൾ ആവശ്യമെങ്കിൽ രാജ്യസഭാ സെക്രട്ടറി ജനറലിനെ ധരിപ്പിക്കുന്നതിനുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുന്നത്‌ സെക്രട്ടറിയറ്റും അധ്യക്ഷനും ചേർന്നാണ്‌. ഇതിനായി രൂപീകരിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിൽനിന്നാകും ഇവരെ നിയോഗിക്കുക. ഈ പട്ടികയിൽ ഉള്ളവരെ മറികടന്നാണ്‌ ജഗ്‌ദീപ്‌ ധൻഖറിന്റെ എട്ട്‌ പേഴ്‌സണൽ സ്റ്റാഫുകളെ 20 സമതിയിൽ വിന്യസിച്ചത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top