24 April Wednesday
അദാനിയെക്കുറിച്ച് മിണ്ടാതെ മോദി

കടന്നാക്രമിച്ച്‌ 
പ്രതിപക്ഷം ; സഭയിൽ മോദി അദാനി അവിശുദ്ധ കൂട്ടുകെട്ട്‌ തുറന്നുകാട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


ന്യൂഡൽഹി  
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ തുടർച്ചയായ രണ്ടാം ദിവസവും അദാനി വിഷയമുയർത്തി സർക്കാരിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷ പാർടികൾ. ലോക്‌സഭയിൽ ചർച്ചയ്‌ക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയെങ്കിലും അദാനി തട്ടിപ്പിനെക്കുറിച്ച്‌ ഒരു പരാമർശവും നടത്തിയില്ല. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

രാജ്യസഭയിൽ വ്യാഴാഴ്‌ചയും ചർച്ച തുടരും. പ്രതിപക്ഷത്തെ ബിആർഎസ്‌, എഎപി, ശിവസേനാ ഉദ്ധവ്‌ വിഭാഗം കക്ഷികൾ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ ഇരു സഭയും ബഹിഷ്‌കരിച്ചു. മോദി സർക്കാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ്‌ അദാനി സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന്‌ ലോക്‌സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ എ എം ആരിഫ്‌ പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ സ്വത്ത്‌ രണ്ടര വർഷംകൊണ്ട്‌ 13 ഇരട്ടിയായെന്ന്‌ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.  അദാനി വിഷയത്തിൽ പ്രധാനമന്ത്രി മൗനിബാബയാണെന്നും- ഖാർഗെ പരിഹസിച്ചു. മൗനിബാബ പരാമർശത്തോട്‌ സഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖഡ്‌ വിയോജിച്ചു.

അദാനിയെക്കുറിച്ച് മിണ്ടാതെ മോദി
ലോക്‌സഭയിൽ ഒന്നര മണിക്കൂറോളം സംസാരിച്ചിട്ടും അടുത്ത സുഹൃത്തായ വ്യവസായി ഗൗതം അദാനിക്കെതിരായ ആരോപണങ്ങളിൽ മൗനംപാലിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.  നന്ദിപ്രമേയ ചർച്ചയുടെ മറുപടിയിൽ പാർലമെന്റിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ്‌ മോദി നടത്തിയത്‌. ഒന്നും രണ്ടും യുപിഎ ഭരണത്തെ വിമർശിക്കാനാണ്‌ മോദി സമയമെടുത്തത്‌. പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടിട്ടും മോദി അദാനിയെ കുറിച്ച് മിണ്ടിയില്ല.

ഭരണപക്ഷം ‘മോദി മോദി’ എന്നാർത്തപ്പോൾ പ്രതിപക്ഷ നിരയിൽനിന്ന്‌ ‘അദാനി അദാനി’ വിളികളുയർന്നു. ‘വീ വാണ്ട്‌ ജെപിസി’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തി. കോൺഗ്രസ്‌ സഭ ബഹിഷ്‌കരിച്ചിട്ടും പ്രസംഗം കേൾക്കാനിരുന്ന ശശി തരൂരിനോട്‌ മോദി നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ മറുപടി തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തിയിരുന്നില്ല. കഴിഞ്ഞദിവസത്തെ പ്രസംഗത്തിൽ ആനന്ദിച്ച്‌ ഉറങ്ങിപ്പോയതാകാമെന്ന്‌ മോദി പരിഹസിച്ചു. പ്രസംഗത്തിനിടെ രാഹുല്‍ പാർലമെന്റില്‍ എത്തി. യുപിഎയുടെ 10 വർഷത്തെ ഭരണം ഇന്ത്യൻ ചരിത്രത്തിലെ അഴിമതിക്കാലമായിരുന്നെന്ന്‌ മോദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top