18 December Thursday

ഗുജറാത്ത്‌ മോഡലെന്നത് വെറും പ്രചാരണതന്ത്രം; ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം പ്രതിരോധിക്കണം : ഡോ. പരകാല പ്രഭാകർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

തൃശൂർ
 മണിപ്പൂരിലെ തീ എല്ലാ വീടുകളിലേക്കും പടരുമെന്നും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം   പ്രതിരോധിക്കണമെന്നും  പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പറക്കാല പ്രഭാകർ.  മണിപ്പൂർ കത്തിയമരുമ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാതീയമായ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമ്പോഴും മോദി സർക്കാർ ഇതിനെതിരെ നിശബ്ദത പാലിക്കുകയാണ്.   "നോട്ടു നിരോധനത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ' എന്ന വിഷയത്തിൽ സമദർശി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാജ്യത്തിന്റെ സമ്പദ്‌ഘടന അപകടത്തിലാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്‌വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും  ധാരണയില്ല. നോട്ട്‌ നിരോധിച്ചാൽ കള്ളപ്പണം   തിരിച്ചുവരുമെന്നും ഭീകരവാദത്തിന്‌ ധനസഹായം മുടങ്ങുമെന്നും പ്രചരിപ്പിച്ചു. എന്നാൽ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും റിസർവ്‌ ബാങ്കിലേക്ക്‌ തിരിച്ചെത്തി. നോട്ട്‌ നിരോധനം നടപ്പിലാക്കിയത്‌ കൊണ്ട്‌ എന്ത്‌ നേട്ടമാണ്‌ ഉണ്ടായതെന്ന്‌ പറയാൻ കേന്ദ്രം തയ്യാറായിട്ടില്ല. നോട്ട്‌ നിരോധനത്തിലൂടെ അസംഘടിത മേഖല താളം തെറ്റി. ആ ദുരന്തത്തിൽ നിന്നും ഇനിയും രാജ്യം മോചിതമായിട്ടില്ല. കോവിഡിന്‌ ശേഷം രാജ്യത്ത്‌ തൊഴിൽ രഹിതരുടെ എണ്ണം ഉയർന്നു. 2016 മുതൽ തൊഴിലില്ലായ്മയെക്കുറിച്ചുള്ള കണക്കുകൾ കേന്ദ്രസർക്കാർ പുറത്തുവിടുന്നില്ല.

ഗുജറാത്ത്‌ മോഡലെന്നത് വെറും  പ്രചാരണതന്ത്രം  മാത്രമാണ്. അടിസ്ഥാന വികസന പ്രശ്‌നങ്ങളിൾക്ക്  ഇനിയും പരിഹാരമായിട്ടില്ല.
ഗുജറാത്തിൽ ദേശീയപാത മോടി പിടിപ്പിക്കുമ്പോൾ ഗ്രാമീണ മേഖലയിലെ റോഡുകൾ തകർന്നുകിടക്കുകയാണ്‌. ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും താളം തെറ്റി.  എന്നാൽ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ്‌. അടിസ്ഥാന വികസനത്തിലാണ്‌ കേരളം ആദ്യം ഊന്നൽ നൽകുന്നത്‌. വിദ്യാഭ്യാസം, ‌ആരോഗ്യം, പഞ്ചായത്ത്‌ രാജ്‌ തുടങ്ങി എല്ലാ മേഖലയിലും മികവാണെന്നും അദ്ദേഹം പറഞ്ഞു.

കെ എ ജോണി മോഡറേറ്ററായി. കെ എൽ ജോസ്, പി എൻ ഗോപീകൃഷ്‌ണൻ, പ്രൊഫ. എം എൻ സുധാകരൻ, പി കെ അബ്‌ദുൾ ജലീൽ, എൻ പത്മനാഭൻ, ഇ സലാഹുദ്ദീൻ, അഡ്വ. അരുൺ റാവു,  അഡ്വ. ആശ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top