19 April Friday

പ്രാണവായുവിനായി മുറവിളി; മെഡിക്കല്‍ ഓക്സിജന്‍ കരിഞ്ചന്തയില്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

ന്യൂഡൽഹി > കോവിഡ്‌ രണ്ടാം തരംഗം പിടിമുറുക്കിയ മിക്ക സംസ്ഥാനത്തും പ്രാണവായുവിനായി മുറവിളി. മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്‌, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ വൻ പ്രതിസന്ധിയില്‍. മെഡിക്കൽ ഓക്‌സിജൻ കരിഞ്ചന്തയിൽ വന്‍തുകയ്‌ക്ക് വിറ്റഴിക്കപ്പെടുന്നു.

ഓക്‌സിജൻ പ്രതിസന്ധിയില്‍ ‍ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ കേന്ദ്രത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഡൽഹിക്ക് അവകാശപ്പെട്ട 140 ടൺ ഓക്‌സിജൻ കേന്ദ്രം  മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ വീതിച്ചുനൽകുന്നതായി വാണിജ്യമന്ത്രി പിയൂഷ്‌ ഗോയലിന്‌ അയച്ച കത്തിൽ കെജ്‌രിവാൾ കുറ്റപ്പെടുത്തി. രോ​ഗം അതിതീവ്രമായ മഹാരാഷ്ട്രയിലെ ഓക്സിജന്‍ക്ഷാമം കേന്ദ്ര-, സംസ്ഥാന രാഷ്ട്രീയ യുദ്ധമായി മാറി.  ആവശ്യത്തിന്‌ ഓക്‌സിജൻ കിട്ടുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തുറന്നടിച്ചു. ‘ഉദ്ദവ്‌ താക്കറേയുടെ ഓഫീസ്‌ ഓക്‌സിജന്റെ പേരിൽ തട്ടിപ്പ്‌ നടത്തുകയാണെന്നും  വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണിതെന്നും’ കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയല്‍ പ്രതികരിച്ചു.

മധ്യപ്രദേശിലെ ഷാംദോളിലെ ആശുപത്രിയിൽ കഴിഞ്ഞദിവസം ആറ്‌ കോവിഡ്‌ ബാധിതര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു.  ലിക്വിഡ്‌ മെഡിക്കൽ ഓക്‌സിജൻ ലഭ്യത കാര്യമായി കുറഞ്ഞപ്പോൾ ആശുപത്രിക്കാർ വിതരണത്തിന്റെ മർദം കുറച്ചതാണ്‌ മരണങ്ങൾക്ക്‌ഇടയാക്കിയത്‌. സംസ്ഥാനങ്ങൾ ഓക്സിജന്‍ ജാഗ്രതയോടെ വിനിയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. വ്യാവസായിക ആവശ്യങ്ങൾക്ക്‌ ഓക്‌സിജൻ ഉപയോഗം വിലക്കി സർക്കാർ ഉത്തരവിറക്കി. പ്രത്യേക ട്രെയിനുകളില്‍ ഓക്‌സിജൻ എത്തിക്കാനാണ് ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top