07 July Monday
കോവിഡിൽ ദരിദ്രരുടെ എണ്ണവും 
ശതകോടീശ്വരൻമാരുടെ സ്വത്തും ഇരട്ടിയായി

അസമത്വം കൊല്ലുന്നു ; ഇന്ത്യയിൽ അതിദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തിയെന്ന് ഓക്‌സ്‌ഫാം റിപ്പോർട്ട്‌

എം പ്രശാന്ത്‌Updated: Tuesday Jan 18, 2022

videograbbed image


ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ്‌ അനുകൂലനയം കോവിഡ്‌കാലത്ത്‌ ഇന്ത്യയിൽ അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും രൂക്ഷമാക്കിയെന്ന്‌ ഓക്‌സ്‌ഫാം റിപ്പോർട്ട്‌. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായപ്പോഴും അതിസമ്പന്നരുടെ സ്വത്ത്‌ ഇരട്ടിയായി. അതിദരിദ്രരുടെ എണ്ണം ഇരട്ടിയായി. ഇന്ത്യയിൽ അതിദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തി. രാജ്യത്ത്‌ 4.6 കോടി ആളുകൾകൂടി അതീവദരിദ്രരായി. 84 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞു. കോവിഡിൽ ആഗോളതലത്തിൽ ദാരിദ്ര്യപട്ടികയിലേക്ക്‌ വീണവരിൽ പകുതിയും ഇന്ത്യക്കാരാണെന്നും ‘അസമത്വം കൊല്ലുന്നു’ എന്ന തലക്കെട്ടിൽ ഓക്‌സ്‌ഫാം പുറത്തുവിട്ട 2020–-21 കാലയളവിൽ വാർഷിക അസമത്വ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശതകോടീശ്വരൻമാരുടെ എണ്ണം 101ൽനിന്ന്‌ 142 ആയി. ഇവരുടെ സ്വത്ത്‌ 23.14 ലക്ഷം കോടി രൂപയിൽനിന്ന്‌ 53.16 ലക്ഷം കോടിയായി.

രാജ്യത്ത്‌ വരുമാനത്തിൽ പിന്നിലുള്ള 40 ശതമാനത്തിന്റെ ആകെ സ്വത്തിനേക്കാൾ (48.80 ലക്ഷം കോടി)  കൂടുതലാണിത്‌. ശതകോടീശ്വരുടെ എണ്ണത്തിൽ ഇന്ത്യക്ക്‌ മുന്നിൽ യുഎസും ചൈനയും മാത്രമാണുള്ളത്‌. 2021 മേയിൽ തൊഴിലില്ലായ്‌മ 15 ശതമാനംവരെയെത്തി. ദിവസകൂലിക്കാർ, സ്വയംതൊഴിലുകാർ, തൊഴിലില്ലാത്തവർ എന്നീ വിഭാഗങ്ങളിൽ ആത്മഹത്യ പെരുകി. സ്‌ത്രീകളുടെ വരുമാനത്തിൽ  59.11 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. 1.3 കോടി സ്‌ത്രീകൾകൂടി തൊഴിൽരഹിതരായി. മിനിമം കൂലി 2020ലെ 178 രൂപയെന്നത്‌ മാറ്റമില്ലാതെ തുടർന്നുവെന്നും  റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു.

അദാനിക്ക്‌ പത്തിരട്ടി വർധന
മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനിക്ക്‌ കോവിഡ്‌കാലത്ത്‌ പത്തിരട്ടിയോളം സ്വത്ത്‌ വർധിച്ചു. ഒറ്റവർഷത്തിൽ 42.7 ശതകോടി ഡോളർ  (3 ലക്ഷം കോടി) സ്വത്തുവർധന. അദാനിയുടെ ആകെ സ്വത്ത്‌ 90 ശതകോടി ഡോളറായി (6.6 കോടി ). ഇന്ത്യൻ സമ്പന്നരിൽ ഒന്നാമനായ മുകേഷ്‌ അംബാനിക്ക്‌ തൊട്ടുപിന്നിലാണ്‌ അദാനിയിപ്പോൾ. മുകേഷ്‌ അംബാനിയുടെ സ്വത്ത്‌ 97 ശതകോടി ഡോളറാണ്‌ (7.2 ലക്ഷംകോടി).

10 അതിസമ്പന്നരുടെ സ്വത്ത്‌ =  25 വർഷത്തെ വിദ്യാഭ്യാസ ഫണ്ട്‌
രാജ്യത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളിലെ സർക്കാർ മുതൽമുടക്ക്‌ കുത്തനെ ഇടിഞ്ഞു. കോവിഡ്‌കാലമായിട്ടും ആരോഗ്യ ബജറ്റ്‌ 2020–-21 വർഷത്തിൽ 10 ശതമാനം ഇടിഞ്ഞു.

രാജ്യത്തെ 10 അതിസമ്പന്നരുടെ സ്വത്ത്‌ മാത്രം ഉപയോഗിച്ച്‌ 25 വർഷത്തേക്ക്‌ വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള ഫണ്ട്‌ കണ്ടെത്താം. 10 ശതമാനം സമ്പന്നർക്കുമേൽ ഒരു ശതമാനം അധികനികുതി ചുമത്തിയാൽ 17.7 ലക്ഷം ഓക്‌സിജൻ സിലിണ്ടറുകൾ സമാഹരിക്കാം. ആദ്യ 98 ശതകോടീശ്വരൻമാർക്കുമേൽ ഒരു ശതമാനം അധികനികുതി ചുമത്തിയാൽ കേന്ദ്ര ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിക്ക്‌ ഏഴുവർഷത്തേക്ക്‌ പണം കണ്ടെത്താം. സൗജന്യ കോവിഡ്‌ വാക്‌സിനേഷന്‌ വേണ്ട അമ്പതിനായിരം കോടി ഇങ്ങനെ കണ്ടെത്താം. 98 ശതകോടീശ്വരൻമാരുടെ ആകെ സ്വത്ത്‌ കേന്ദ്ര ബജറ്റിന്റെ 41 ശതമാനം അധികം. 98 ശതകോടീശ്വരൻമാർക്ക്‌ നാലു ശതമാനം നികുതി ചുമത്തിയാൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി 17 വർഷവും സമഗ്ര ശിക്ഷാ അഭിയാ ആറു വർഷവും നടത്താം. ആരോഗ്യവകുപ്പിനുള്ള രണ്ടു വർഷത്തെ ബജറ്റ്‌ കണ്ടെത്താം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top