29 March Friday

"ലാൽ ബഹദൂർ ശാസ്‌ത്രിയുടെ മരണം കൊലപാതകം'; സിഐഎ ഉദ്യോ​ഗസ്ഥന്റെ കുറ്റസമ്മതത്തിൽ അന്വേഷണം വേണം, പേരമകൾ രം​ഗത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

ന്യൂഡൽഹി> മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്‌ത്രിയുടെ മരണം സിഐഎ ആസൂത്രം ചെയ്‌ത കൊലപാതകമെന്ന മുൻ സിഐഎ ഉദ്യോ​ഗസ്ഥന്റെ കുറ്റസമ്മതത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പേരമകൾ രം​ഗത്ത്.  പ്രശസ്‌ത മാധ്യമ പ്രവർത്തകൻ ഗ്രിഗറി ഡഗ്ലസ് സിഐഎ ഉദ്യോഗസ്ഥനായിരുന്ന റോബർട്ട് ക്രോലിയുമായി നടത്തിയ സംഭാഷണങ്ങൾ ഉൾപ്പെടുത്തിയ 'Conversation with the Crow ' എന്ന പുസ്‌തകത്തിലാണ് ലാൽ ബഹദൂർ ശാസ്‌ത്രിയുടേയും ഹോമി ജെ ഭാഭയുടേയും മരണങ്ങൾ അമേരിക്കൻ ചാരസംഘടനയായ ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്ന് വ്യക്തമാക്കുന്നത്.

പുസ്‌തകത്തിലെ 'Conversation No. 22' എന്ന അധ്യായത്തിലാണ് ലാൽ ബഹദൂർ ശാസ്‌ത്രിയുടേയും ഇന്ത്യൻ ആണവ ശാസ്‌ത്രത്തിന്റെ പിതാവ് ഹോമി ജെ ഭാഭയുടേയും മരണത്തിനു പിന്നിൽ  സിഐഎ ആണെന്ന റോബർട്ട് ക്രോലിയുടെ കുറ്റസമ്മതം പ്രസിദ്ധീകരിച്ചത്. സിഐഎയുടെ ഡയറക്‌ടറേറ്റ് ഓഫ് ഓപ്പറേഷന്റെ രണ്ടാമനായിന്നു റോബർട്ട് ക്രോലി. ഇതോടെ മുത്തച്ഛന്റെ മരണത്തെ കുറിച്ചുള്ള ക്രോലിയുടെ കുറ്റസമ്മതം സർക്കാർ ഇടപ്പെട്ട് അന്വേഷിക്കണമെന്ന് ലാൽ ബഹദൂർ ശാസ്‌ത്രിയുടെ പേരമകൾ മന്ദിര ശാസ്‌ത്രി ട്വീറ്റ് ചെയ്‌തത്.


1966 ജനുവരി 11ന് റഷ്യയിലെ താഷ്‌ക്കന്റില്‍ വെച്ച് പാക്കിസ്ഥാനുമായുള്ള സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ലാല്‍ബഹാദൂര്‍ ശാസ്‌ത്രി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ഔദ്യോഗിക വിവരം. ശാസ്‌ത്രിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ പുറത്തുവിടണമെന്നുമുള്ള ആവശ്യം ബന്ധുക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു. ശാസ്‌ത്രിയുടെ മൃതദേഹത്തില്‍ കണ്ട നീല രേഖകള്‍ സംശയാസ്‌പദമാണെന്നാണ് കുടുംബം ആരോപിച്ചത്.

1966 ജനുവരി 24നാണ് ഹോമി ജെ ഭാഭയും 11 മലയാളികളും അടക്കം 117 പേർ  എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിക്കുന്നത്. മുംബൈയിൽനിന്നു ലണ്ടനിലേക്കു പോയതായിരുന്നു എയർ ഇന്ത്യയുടെ കാഞ്ചൻജംഗ ബോയിങ് 707 വിമാനമാണ് തകർന്നടിഞ്ഞത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top