02 May Thursday

ഒമിക്രോണ്‍ ഇന്ത്യയിലും; കര്‍ണാടകത്തിലെത്തിയ രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചു

എം പ്രശാന്ത്‌Updated: Thursday Dec 2, 2021


ന്യൂഡൽഹി
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലുമെത്തി. ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ബം​ഗളൂരുവില്‍ എത്തിയ 66ഉം 46ഉം വയസ്സുള്ള പുരുഷന്മാരിലാണ്‌ സ്ഥിരീകരിച്ചത്‌. ലക്ഷണങ്ങൾ പ്രകടമല്ലായിരുന്ന ഇരുവരും രോഗമുക്തരായി. നവംബർ 20ന്‌ ദുബായ്‌ വഴി ബംഗളൂരു വിമാനത്താവളത്തിലെത്തിയ അറുപത്താറുകാരനായ വിദേശിക്കാണ്  ആദ്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിക്കും മുമ്പേ രോഗമുക്തനായി. 27ന്‌ അദ്ദേഹം ദുബായിലേക്ക് പോയെന്ന് ബംഗളൂരു നഗരസഭ അറിയിച്ചു. ഹോട്ടലിൽ സ്വയം നിരീക്ഷണത്തിലാണ് കഴിഞ്ഞത്. 22നാണ് സാമ്പിൾ ജനിതക ശ്രേണീകരണത്തിന്‌ അയച്ചത്.ഇദേഹവുമായി സമ്പർക്കമുണ്ടായ 263 പേര്‍ക്കും രോ​ഗമില്ലെന്ന് സ്ഥിരീകരിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആരോഗ്യപ്രവർത്തകനായ ബംഗളൂരു സ്വദേശിയാണ് രണ്ടാമന്‍. 21ന്‌ പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്‌ പരിശോധിച്ചു. 24വരെ വീട്ടിലും പിന്നീട്‌ മൂന്നുദിവസം ആശുപത്രിയിലുമായിരുന്നു. രോഗമുക്തനായി 27ന്‌ ആശുപത്രി വിട്ടു. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കമുണ്ടായ 13ൽ മൂന്നു പേർക്കും പരോക്ഷ സമ്പർക്കത്തിൽ വന്ന 205ൽ രണ്ടു പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിൾ ജനിത ശ്രേണീകരണത്തിന്‌ അയച്ചു. ആർക്കും തീവ്രലക്ഷണങ്ങളില്ല.

രാജ്യത്തെ 37 ലാബിന്റെ കൂട്ടായ്‌മയായ ഇൻസകോഗ്‌ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയിലാണ്‌ രണ്ടുപേരിലും ഒമിക്രോൺ സ്ഥിരീകരിച്ചത്‌.  ഇന്ത്യയടക്കം 30 രാജ്യത്തായി 375 പേരിലാണ്‌ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്‌. ദക്ഷിണാഫ്രിക്കയിൽനിന്ന്‌ മുംബൈയിലെത്തി കോവിഡ്‌ സ്ഥിരീകരിച്ച നാലുപേരുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിന്‌ അയച്ചിട്ടുണ്ട്‌. കേന്ദ്രം ഒമിക്രോൺ വ്യാപനസാധ്യതാ പട്ടികയിൽപ്പെടുത്തിയ 12 രാജ്യത്തുനിന്ന്‌ എത്തുന്നവർക്ക്‌ ആർടിപിസിആർ പരിശോധന നിർബന്ധമാണ്. ഇവിടങ്ങളിൽനിന്ന്‌ വ്യാഴാഴ്‌ച ഡൽഹിയിൽ എത്തിയ നാലുപേരിൽക്കൂടി കോവിഡ്‌ സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top