26 April Friday

ബിജെപിക്ക്‌ മുഖ്യമന്ത്രിമാരെ നൽകുന്ന കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ചിന്തൻ ശിബിരത്തിനിടെയാണ്‌ പഞ്ചാബിലെ മുതിർന്ന നേതാവ്‌ സുനിൽ ഝക്കർ ഗുഡ്‌ബൈ പറഞ്ഞത്‌. ഇതേദിവസം മുൻ കോൺഗ്രസ്‌ നേതാവ്‌ മണിക്‌ സാഹയെ ത്രിപുരയിൽ ബിജെപി മുഖ്യമന്ത്രിയാക്കി. വടക്കുകിഴക്കൻ മേഖലയിലെ ഏഴ്‌ സംസ്ഥാനത്തും ഇപ്പോള്‍ ബിജെപി ഭരണം. അരുണാചൽപ്രദേശ്, അസം, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങളിൽ ബിജെപിക്ക് അധികാരത്തിലെത്താൻ വഴിയൊരുക്കിയത്‌ കോൺഗ്രസ്‌ നേതാക്കളുടെ കൂട്ടകാലുമാറ്റം. യുപി, ഗുജറാത്ത്‌, കർണാടക, ഗോവ, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും നിരവധി എംഎൽഎമാരും നേതാക്കളും ബിജെപിയിലേക്ക്‌ ചേക്കേറി.

എൻ ബിരേൻ സിങ്‌ ( മണിപ്പുർ)
മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്‌ തുടർച്ചയായി മൂന്നു തവണ കോൺഗ്രസ്‌ എംഎൽഎയായി. രണ്ട്‌ കോൺഗ്രസ്‌ മന്ത്രിസഭയിൽ അംഗം. 2016ൽ ബിജെപിയിലെത്തി. 2017ലെ തെരഞ്ഞെടുപ്പിൽ ആദ്യമായി ബിജെപി  അധികാരത്തില്‍. ആദ്യ ബിജെപി മുഖ്യമന്ത്രിയായി. 2022ലും അധികാരം നിലനിർത്തി.

 

പേമ ഖണ്ഡു (അരുണാചൽ പ്രദേശ്‌)
അരുണാചൽ പ്രദേശ്‌ നിയമസഭയിൽ കോൺഗ്രസിനുണ്ടായിരുന്ന 44 എംഎൽഎമാരിൽ 43പേരും 2016ൽ പാർടി വിട്ടതോടെ ഭരണം നഷ്ടമായി. ഇവർ പിന്നീട്‌ ബിജെപിയിൽ ചേർന്നു. കൂട്ട കാലുമാറ്റത്തിന്‌ നേതൃത്വം നൽകിയത്‌ പേമ ഖണ്ഡു. കോൺഗ്രസ്‌ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷമായിരുന്നു കാലുമാറ്റം. നിലവിൽ ബിജെപി മുഖ്യമന്ത്രി.

 

ഹിമന്ത്‌ ബിശ്വ ശർമ (അസം)
അസം മുഖ്യമന്ത്രി ഹിമന്ത്‌ ബിശ്വ ശർമ 2015ൽ കോൺഗ്രസ്‌ വിട്ടു. 2001 മുതൽ കോൺഗ്രസ്‌ ടിക്കറ്റിൽ നിയമസഭയിലെത്തിയ അദ്ദേഹം രണ്ട്‌ തവണ തരുൺ ഗൊഗോയ്‌ മന്ത്രിസഭയിലും അംഗമായിരുന്നു. മന്ത്രിയായിരിക്കെ 2015ലായിരുന്നു ബിജെപി പ്രവേശനം.

 

നെയ്ഫിയു റിയോ  (നാഗാലാൻഡ്‌)
ബിജെപി സഖ്യകക്ഷിയായ എൻഡിപിപി ഭരിക്കുന്ന നാഗാലാൻഡിലെ മുഖ്യമന്ത്രി നെയ്ഫിയു റിയോ മുൻ കോൺഗ്രസ്‌ നേതാവാണ്‌. 1989, 1993, 1998 കാലത്തെ കോൺഗ്രസ്‌ മന്ത്രിസഭകളിൽ അംഗം. 2002ൽ പാർടി വിട്ടു.  അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പിൽ  കോൺഗ്രസിന്‌ അധികാരം നഷ്ടമായി. ബിജെപി പിന്തുണയോടെ മൂന്നാംവട്ടവും  നെയ്‌ഫിയു മുഖ്യമന്ത്രിയായി.
 

മണിക്‌ സാഹ (ത്രിപുര)
ത്രിപുരയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ മണിക്‌ സാഹ 2016ലാണ്‌ കോൺഗ്രസ്‌ വിട്ടത്‌. 2020ൽ ബിജെപി സംസ്ഥാന പ്രസിഡന്റായി. പിന്നീട്‌ രാജ്യസഭ എംപിയും ഇപ്പോൾ മുഖ്യമന്ത്രിയുമായി.

 

മോദി മന്ത്രിസഭയിലും 
മുൻകോൺഗ്രസുകാർ


മോദി മന്ത്രിസഭയിൽ അംഗങ്ങളായ റാവു ഇന്ദ്രജിത്ത്‌ സിങ്‌, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവർ കോൺഗ്രസ്‌ നേതാക്കളായിരുന്നു. ഇന്ദ്രജിത്ത്‌ സിങ്‌ കോൺഗ്രസ്‌ പ്രതിനിധിയായി ദീർഘകാലം ഹരിയാനയിൽനിന്ന്‌ നിയമസഭയിലും ലോക്‌സഭയിലും എത്തി.

റാവു ഇന്ദ്രജിത്ത്‌ സിങ്‌, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ

റാവു ഇന്ദ്രജിത്ത്‌ സിങ്‌, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ


ജ്യോതിരാദിത്യ സിന്ധ്യ മൻമോഹൻസിങ്‌ സർക്കാരിൽ അംഗമായിരുന്നു. രാഹുൽ ബ്രിഗേഡിലെ അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു.  മഹാരാഷ്‌ട്ര സർക്കാരിൽ രണ്ട്‌ തവണ മന്ത്രിയായിരുന്നു നാരായണ റാണെ. 2017ൽ കോൺഗ്രസ്‌ വിട്ടു.
 

 

കോണ്‍​ഗ്രസ് വിട്ടത് 
200 ലേറെ ജനപ്രതിനിധികൾ

2014നുശേഷം ഇരുനൂറിലധികം കോൺഗ്രസ്‌ എംഎൽഎമാരും എംപിമാരും പാർടി വിട്ടു. ഈ വർഷം നടന്ന  ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പിലും  നേതാക്കൾ കൂട്ടത്തോടെ പാർടി വിട്ടു. 2017ൽ യുപിയിൽ കോൺഗ്രസിനുണ്ടായിരുന്നത്‌ നാല്‌ എംഎൽഎമാരാണ്‌. നാലു പേരും പാർടി വിട്ടു. കോൺഗ്രസ്‌ നേതാക്കളായിരുന്ന റീത്ത ബഹുഗുണ ജോഷി, ജിതിൻ പ്രസാദ, ആർ പി എൻ സിങ്‌,  ഗിരിധർ ഗമങ്‌, എസ്‌ എം കൃഷ്‌ണ, ജഗദാംബിക പാൽ, വിജയ്‌ ബഹുഗുണ, സത്യപാൽ മഹാരാജ തുടങ്ങിയവരും ബിജെപിയിലെത്തി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top