26 April Friday

ഇറാനുമായി എണ്ണ ഇടപാട്: ഇന്ത്യൻ കമ്പനിക്ക്‌ അമേരിക്കൻ വിലക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Oct 2, 2022

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി
ഇറാൻ കമ്പനികളുമായി എണ്ണ ഇടപാട്‌ നടത്തിയതിന്‌ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ കമ്പനിക്ക്‌ ഉപരോധം ഏർപ്പെടുത്തിയ അമേരിക്കൻ നടപടി മോദി സർക്കാരിന്റെ നയതന്ത്ര ഇടപെടലിനേറ്റ തിരിച്ചടിയായി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന തിബലാജി പെട്രോകെം കമ്പനിക്കാണ്‌ അമേരിക്ക വിലക്കേർപ്പെടുത്തിയത്‌. അമേരിക്കയുടെ ഉപരോധമുള്ള ഇറാനുമായി  പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇടപാട്‌ നടത്തിയെന്നാണ്‌ ‘കുറ്റം’.

ചൈനീസ്‌, ഹോങ്കോങ്‌, യുഎഇ എന്നിവിടങ്ങളിലെ എട്ടുകമ്പനിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ എണ്ണ അന്തരാഷ്‌ട്ര വിപണിയിൽ എത്തുന്നത്‌ തടയുന്നതിനാണ്‌ ഇന്ത്യൻ കമ്പനിക്കടക്കം വിലക്കേർപ്പെടുത്തിയതെന്നാണ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്‌താവന. തന്ത്രപരമായ പങ്കാളിയായി വിശേഷിപ്പിക്കുന്നതിനിടെയാണ്‌ അമേരിക്ക ഇന്ത്യൻ കമ്പനിക്ക്‌ വിലക്കേർപ്പെടുത്തിയത്‌. എന്നാൽ, ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

അമേരിക്കൻ ഉപരോധം അംഗീകരിച്ച്‌ ഇറാനിൽനിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ ലഭിച്ചിരുന്ന എണ്ണ ഇറക്കുമതി 2019ൽ മോദിസർക്കാർ അവസാനിപ്പിച്ചിരുന്നു. നിലവിൽ ആഭ്യന്തരവിപണിയിലെ വില പിടിച്ചുകെട്ടാൻ റഷ്യൻ എണ്ണ വാങ്ങുന്നതിലും അമേരിക്കയ്‌ക്ക്‌ എതിർപ്പുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top