29 March Friday

നാലാമത്തെ വലിയ ദുരന്തം ; 3 ട്രെയിൻ അപകടത്തിൽപ്പെടുന്നത് രണ്ടാംതവണ

(റിസര്‍ച്ച് ഡെസ്ക്)Updated: Saturday Jun 3, 2023

ഭുവനേശ്വർ
രാജ്യത്തുണ്ടായ ട്രെയിൻ അപകടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട നാലാമത്തെ ദുരന്തമാണ്‌ ഒഡിഷയിലെ ബാലസോറിലുണ്ടായത്‌. മൂന്ന്‌ ട്രെയിൻ ഉൾപ്പെട്ട അപകടത്തിൽ ഇതുവരെ 288 പേർ മരിച്ചു. 1981 ജൂണിൽ ബിഹാറിലെ ബാഗമതി നദിയിലേക്ക്‌ ട്രെയിൻ മറിഞ്ഞുണ്ടായ അപകടമാണ്‌ ഏറ്റവും കൂടുതൽ പേരുടെ ജീവനപഹരിച്ചത്‌. 800 പേർ മരിച്ചു. നിരവധി മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും യഥാർഥ മരണസംഖ്യ 2000 ആണെന്നും റിപ്പോർട്ടുകളുണ്ട്‌. 1995 ആഗസ്‌തിൽ യുപി ഫിറോസാബാദിൽ രണ്ട്‌ ട്രെയിൻ കൂട്ടിയിടിച്ച്‌ 400 പേർ മരിച്ചു.

1999ൽ അസമിൽ രണ്ട്‌ ട്രെയിൻ കൂട്ടിയിടിച്ച്‌ 290 പേർ മരിച്ചു. ഈ നിരയിലേക്കാണ്‌ ബാലസോറിലെ അപകടവും എത്തിയത്‌.  2016 നവംബറിൽ ഇൻഡോർ–- പട്‌ന എക്‌സ്‌പ്രസ്‌ കാൺപുരിൽ പാളം തെറ്റി 152 പേർ മരിച്ച അപകടവുമുണ്ടായി.

3 ട്രെയിൻ അപകടത്തിൽപ്പെടുന്നത് രണ്ടാംതവണ
മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച രാജ്യത്തെ രണ്ടാമത്തെ അപകടമാണ്‌ ബാലസോറിലേത്‌. 1981 ഫെബ്രുവരി 12ന്‌ തമിഴ്‌നാട്ടിലെ വാണിയമ്പാടിയിൽ മദ്രാസ്‌ –- തിരുവനന്തപുരം മെയിലും യേർക്കാട്‌ എക്‌സ്‌പ്രസും ഗുഡ്‌സ്‌ ട്രെയിനും അപകടത്തിൽപ്പെട്ട്‌ 19 പേർ മരിച്ചു. ഗുഡ്‌സ്‌ ട്രെയിനിന്റെ പിൻഭാഗത്തുനിന്ന്‌  വേർപെട്ട ഒഴിഞ്ഞ എണ്ണ ടാങ്കറുകളിലേക്ക്‌ തിരുവനന്തപുരം മെയിൽ ഇടിച്ച്‌ പാളം തെറ്റി. രണ്ടാമത്തെ പാളത്തിലേക്കു വീണ  ഈ ബോഗികളിലേക്ക്‌ യേർക്കാട്‌ എക്‌സ്‌പ്രസ്‌ ഇടിച്ചുകയറി.

1980നു ശേഷമുള്ള പ്രധാന ട്രെയിനപകടങ്ങൾ

1981 ജൂൺ 6
മാൻസി ദുരന്തം–- മരണം 800
രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ്‌ 1981 ജൂൺ ആറിന്‌ ബിഹാറിലെ മൻസിയിൽ ബഗ്‌മതി നദിയിലേക്ക്‌ പാസഞ്ചർ ട്രെയിൻ മറിഞ്ഞ്‌ എണ്ണൂറോളം പേർ മരിച്ചത്‌. 268 മൃതദേഹം രണ്ടു ദിവസത്തിനകം കണ്ടെത്തി. അഞ്ഞൂറിലേറെപ്പേരെ  കണ്ടെത്താനായില്ല.  

1984 സെപ്‌തംബർ 15
ചരേഗൺ–-150
ജബൽപുർ–- ഗോണ്ഡിയ പാസഞ്ചർ ട്രെയിൻ മധ്യപ്രദേശിലെ ബൽഗട്ടിനു സമീപത്തെ ചരേഗണിൽ നദിയിലേക്ക്‌ മറിഞ്ഞ്‌ നൂറ്റമ്പതിലേറപ്പേർ മരിച്ചു.

1988  ജുലൈ 8
പെരുമൺ ദുരന്തം–-107
കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽനിന്ന്‌ ബംഗളൂരു – -കന്യാകുമാരി ഐലൻഡ്‌ എക്‌സ്‌പ്രസ്‌ അഷ്ടമുടി  കായലിലേക്ക്‌  മറിഞ്ഞ്‌  107 പേർ മരിച്ചു. എൻജിൻ  പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗി അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു.  

1988 ഏപ്രിൽ 18
ലളിത്‌പുർ –- മരണം 75
ഉത്തർപ്രദേശിലെ ലളിത്‌പുരിനു സമീപം കർണാടക എക്‌സ്‌പ്രസ്‌ പാളംതെറ്റി 75 പേർ മരിച്ചു. 328 പേർക്ക്‌  പരിക്കേറ്റു.

1990 ജൂൺ  25
ഡൽറ്റോങ്കുഞ്ച്‌  –- മരണം 60 മരണം
ബിഹാറിലെ ഡൽറ്റോങ്കുഞ്ച്‌ മാൻഗ്രയിൽ  പാസഞ്ചർ ട്രെയിനിൽ ചരക്ക്‌ ട്രെയിനിടിച്ച്‌ 60 പേർ മരിച്ചു.  

1992 ജൂലൈ 16
ദാർബംഗ  –- 65
ബിഹാർ ദർബംഗയിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി  65 പേർ മരിച്ചു.

1995 ആഗസ്‌ത്‌ 20
ഫിറോസാബാദ്‌–-400
1995 ആഗസ്‌ത്‌ 20ന്‌ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കാളിന്ദി എക്‌സ്‌പ്രസിൽ പുരുഷോത്തം എക്‌സ്‌പ്രസ്‌ ഇടിച്ച്‌ 400 പേർ മരിച്ചു. നിരവധി പേരെ കാണാതായി.

1997 സെപ്‌തംബർ 14
ബിലാസ്‌പുർ–- 81  
അഹമ്മദാബാദ്‌ –-ഹൗറ എക്‌സ്‌പ്രസിന്റെ അഞ്ച്‌ എസി കോച്ച്‌ മധ്യപ്രദേശിലെ  ബിലാസ്‌പുർ നദിയിലേക്ക്‌ മറിഞ്ഞുവീണ്‌ 81 പേർ മരിച്ചു.

1998 നവംബർ 26
ഖന്ന–-212
പഞ്ചാബിലെ ഖന്നയിൽ  രണ്ട്‌ ട്രെയിൻ കൂട്ടിയിടിച്ച്‌  212  പേർ മരിച്ചു. കൊൽക്കത്ത–- ജമ്മുതാവി  സീൽദാഗ്‌ എക്‌സ്‌പ്രസ്‌ പാളംതെറ്റിയ ഫ്രൊണ്ടിയർ ഗോൾഡൻ മെയിലിന്റെ അഞ്ച്‌ കോച്ചുകളിലേക്ക്‌ ഇടിച്ചുകയറിയാണ്‌ അപകടം.

1999 ആഗസ്‌ത്‌ 2
ഗൈസാൽ –-290
അസമിലെ  ഗൈസാൽ സ്‌റ്റേഷനിൽ രണ്ട്‌ ട്രെയിൻ കൂട്ടിയിടിച്ച്‌ 290 പേർ മരിച്ചു. ബ്രഹ്മപുത്ര മെയിൽ ഗൈസൽ സ്‌റ്റേഷനിൽ നിർത്തിയിട്ട അവധ്‌ അസം എക്‌സ്‌പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നൂറിലേറെപ്പേർക്ക്‌ പരിക്കേറ്റു.  

2002 സെപ്‌തംബർ 9
ഔറംഗാബാദ്‌–-140
ബിഹാറിലെ  ഔറംഗാബാദ്‌ ജില്ലയിൽ ഹൗറ–- ഡൽഹി രാജധാനി എക്‌സ്‌പ്രസിന്റെ രണ്ട്‌ കോച്ച്‌ ഗയക്കും ഡദഗറിയോൻ സോൺ സ്‌റ്റേഷനുകൾക്കുമിടയിൽ നദിയിൽ വീണ്‌ 140 പേർ മരിച്ചു.

2010 മെയ്‌ 28
ജ്ഞാനേശ്വരി  – -148
ബംഗാളിലെ ഖമഷുലി സ്‌റ്റേഷനും  സർദിക സ്‌റ്റേഷനുമിടയിൽ  ജ്ഞാനേശ്വരി സൂപ്പർ ഡീലക്‌സ്‌ എക്‌സ്‌പ്രസ്‌ പാളംതെറ്റി  148 പേർ മരിച്ചു. ഇരുനൂറിലേറെപ്പേർക്ക്‌  പരിക്കേറ്റു.  

2011 ജൂലൈ 10
ഫത്തേപുർ –-70
ഖൽക്ക മെയിൽ എക്‌സ്പ്രസ്‌ ഫത്തേപുരിനടുത്ത്‌ പാളംതെറ്റി 70 പേർ മരിച്ചു. മുന്നൂറിലേറെപ്പേർക്ക്‌ പരിക്കേറ്റു.

2016 നവംബർ 20
പുക്രറിയൻ–-152
ഇൻഡോർ– രാജേന്ദ്രനഗർ എക്‌സ്‌പ്രസിന്റെ 14 കോച്ച്‌ കാൺപുരിൽനിന്ന്‌ 60 കിലോമീറ്റർ അകലെയുള്ള പുക്രറിയനിൽ പാളംതെറ്റി 152 പേർ മരിച്ചു.  260 പേർക്ക്‌ പരിക്കേറ്റു. -

2018 ഒക്‌ടോബർ 20
ജോദ ഫഠക്‌ –-60
പഞ്ചാബിലെ ജോദ ഫഠകിൽ ദസറ ആഘോഷങ്ങൾ കാണാൻ റെയിൽപ്പാളത്തിൽ കയറിനിന്ന ആൾക്കൂട്ടത്തിലേക്ക്‌  ട്രെയിൻ പാഞ്ഞുകയറി  62 പേർ മരിച്ചു. 

എന്തുകൊണ്ട്‌ ഇത്രയും ജീവഹാനി
ഒഡിഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷനിൽ ഉണ്ടായ വൻ ട്രെയിൻ അപകടത്തിൽ പതിവുപോലെ റെയിൽവേ ബലിയാടുകളെ കണ്ടെത്തും, ബലികഴിക്കും.മരണസംഖ്യ ഇത്രയധികമാക്കിയതിൽ അപകടം നടന്ന സ്ഥലം മുഖ്യപങ്കുവഹിച്ചിരിക്കാം.ആദ്യ ആംബുലൻസ് പോലും മണിക്കൂറുകൾ കഴിഞ്ഞാകും എത്തിയിട്ടുണ്ടാകുക.

തൊട്ടടുത്ത ആശുപത്രിയിലേക്ക്‌ മണിക്കൂറുകൾ സഞ്ചരിക്കേണ്ടിയും വന്നു. ഇതിനിടയിൽ രക്ഷിക്കാൻ കഴിയുമായിരുന്ന ജീവനുകൾ രക്തം വാർന്ന് വിടപറഞ്ഞിട്ടുണ്ടാകും.പലകോച്ചുകളും ഒന്നിനുമേൽ ഒന്നായിട്ടായിരിക്കും കിടന്നിരുന്നത്. അവയ്ക്കിടയിൽ അകപ്പെട്ട ജീവനുകൾ രക്ഷിക്കണമെങ്കിൽ വലിയ ക്രെയിനുകളും ജെസിബി പോലത്തെ ഹെവി മെഷീനറികളും വേണം. ഒഡിഷയിലെ ഉൾനാടൻ ഗ്രാമത്തിൽ ഇതെല്ലാം എത്താൻ മണിക്കൂറുകൾ പിടിക്കും. ഈ സമയത്തിനുള്ളിൽ പല വിലപ്പെട്ട, രക്ഷിക്കാൻ കഴിയുമായിരുന്ന ജീവനുകളും പൊലിഞ്ഞുകാണും. അപകടം കേരളത്തിലെങ്കിൽ ആദ്യപത്തുമിനിറ്റിനുള്ളിൽ ആംബുലൻസുകൾ എത്തിത്തുടങ്ങും. ഫസ്റ്റ്‌ എയ്‌ഡ്‌ വേണ്ടവർക്കും ചെറിയ ചികിത്സ ആവശ്യമുള്ളവർക്കും അടുത്ത 10 മിനിറ്റിനുള്ളിൽ അത് ലഭിക്കും. ഗുരുതരാവസ്ഥയിലുള്ളവർ ഒരുമണിക്കൂറിനുള്ളിൽ മെഡിക്കൽ കോളേജ്/സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തും.അരമണിക്കൂറിനുള്ളിൽ ആവശ്യമുള്ള ഹെവി മെഷീനറികൾ സൈറ്റിൽ എത്തും.മരണസംഖ്യ ഇതിന്റെ നാലിലൊന്നായിരിക്കും. ആശുപത്രികൾക്കും റോഡുകൾക്കും മറ്റ് ഭൗതികസാഹചര്യങ്ങൾക്കും നമ്മൾ കടം വാങ്ങിയാണെങ്കിലും മുടക്കുന്ന പണം അങ്ങനെ മനുഷ്യജീവനുകൾ രക്ഷിക്കും. അപകടമുനമ്പിലെ കേരളത്തിന്റെ മികവും കാരുണ്യവും കോഴിക്കോട് വിമാനാപകടസമയത്ത് ലോകം കണ്ടതാണ്.

ബി സുശോഭനൻ
(മുൻ സ്‌റ്റേഷൻ സൂപ്രണ്ട്‌, ഡിആർപിയു ജോയിന്റ്‌ 
      ജനറൽ സെക്രട്ടറി)

 


വേണം പുനർവിചിന്തനം
ഒരു ജീവനക്കാരനു പിഴവോ ഒരു സാങ്കേതിക തകരാറോ വന്നാലും റെയിൽവേയിൽ അപകടമുണ്ടാകാൻ പാടില്ല. റെയിൽവേ സംവിധാനം അത്തരത്തിൽ പലഘട്ടങ്ങളായി നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. എന്നിട്ടും 2023ൽ ഇത്തരമൊരു വലിയ ദുരന്തമുണ്ടായത് ആശങ്കാജനകമാണ്.
ചരിത്രത്തിൽ ബാലസോർ ദുരന്തത്തിന് സമാനമായ അപകടമുണ്ട്. വാണിയംപാടി അപകടം. റെയിൽവേ ജീവനക്കാരുടെ എല്ലാ ക്ലാസിലും പരാമർശിക്കുന്ന അപകടവും മൂന്ന് ട്രെയിൻ കൂട്ടിയിടിച്ചായിരുന്നു. ഇത് ആവർത്തിച്ചത് ഞെട്ടലുണ്ടാക്കുന്നു.

റെയിൽവേ ട്രാക്കുകളുടെ ഉപയോ​ഗം പലയിടത്തും 100 ശതമാനത്തിന് മുകളിലാണ്. രാഷ്ട്രീയ താൽപ്പര്യവും ജനസംഖ്യാ പ്രശ്നവും കണക്കിലെടുത്ത് ട്രാക്കുകൾ വർധിപ്പിക്കാതെ തന്നെ കൂടുതൽ ട്രെയിനുകൾ ഒരേ പാതയിൽ സർവീസ് നടത്തുന്നു. അടിസ്ഥാന സൗകര്യം ഉറപ്പാക്കാതെ കൂടുതൽ ട്രെയിൻ ഓടിക്കുന്നത് അപകടമാണ്.

റെയിൽവേ നിലവിൽ നടപ്പാക്കുന്ന കോർപ്പറേറ്റ് പദ്ധതിയുടെ അടിസ്ഥാനം ജീവനക്കാരുടെ എണ്ണം കുറയ്‌ക്കലാണ്‌. അതിനാൽ ലോക്കോ പൈലറ്റുമാർക്ക് അടക്കം കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. മറ്റ് രാജ്യങ്ങളിലേത് പോലെ സാങ്കേതിക മികവിന്‌ ഇന്ത്യൻ റെയിൽവേയിൽ ശ്രമമുണ്ടാകുന്നില്ല. അപകടങ്ങൾ നടക്കുമ്പോൾ ചില ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിഷയം അവസാനിപ്പിക്കുന്നു. റെയിൽവേ സുരക്ഷയെ കുറിച്ച് വലിയ പുനർചിന്തനം നടത്തേണ്ട സമയമാണ്. വേ​ഗതയുള്ള ട്രെയിനുകൾക്കൊപ്പം അതിന് പറ്റുന്ന ട്രാക്കുകൾ കൂടി ഒരുക്കണം. സുരക്ഷ ഒഴിവാക്കിയുള്ള ഒരു സംവിധാനവും നല്ലതല്ല.

ടി ഡി രാമകൃഷ്ണൻ
(എഴുത്തുകാരൻ, 
   റെയിൽവേ മുൻ 
    ഉദ്യോഗസ്ഥൻ)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top