26 April Friday

ഒഡിഷ ട്രെയിന്‍ ദുരന്തം: അന്വേഷകസംഘത്തിൽ ഭിന്നത

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ന്യൂഡൽഹി> രാജ്യത്തെ ഞെട്ടിച്ച ഒഡിഷ ട്രെയിൻ ദുരന്തത്തെക്കുറിച്ച്‌ പ്രാഥമികാന്വേഷണം നടത്തിയ റെയിൽവേ ഉദ്യോഗസ്ഥ സംഘത്തിൽ ഭിന്നത. അഞ്ചംഗ സംഘത്തിൽ നാലുപേർ സിഗ്നൽ പിഴവാണ്‌ അപകട കാരണമെന്ന നിലപാട്‌ സ്വീകരിച്ചെങ്കിലും ഒരാൾ വിയോജിച്ചു. ചരക്ക്‌ ട്രെയിൻ നിർത്തിയിട്ടിരുന്ന ലൂപ്‌ ലൈനിലേക്ക്‌ കോറമാൻഡൽ എക്‌സ്‌പ്രസിന്‌ പച്ച സിഗ്നൽ കിട്ടിയതു കാരണമാണ്‌ ദുരന്തമുണ്ടായതെന്ന്‌ ഒരു പേജ്‌ വരുന്ന വിയോജനക്കുറിപ്പിൽ സിഗ്നൽസ്‌ വിഭാഗം സീനിയർ സെക്‌ഷൻ എൻജിനിയർ എ കെ മഹന്ത അഭിപ്രായപ്പെട്ടു.

ഡാറ്റ ലോഗർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മഹന്ത നിലപാടെടുത്തത്‌. സിഗ്നലിങ്‌ സംവിധാനത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്ന മൈക്രോ പ്രൊസസർ സംവിധാനമാണ്‌ ഡാറ്റാ ലോഗർ.  ഡാറ്റാ ലോഗർ പ്രകാരം സ്‌റ്റേഷൻ എത്തുന്നതിനുമുമ്പുള്ള 17എ പോയിന്റിൽ വച്ചാണ്‌ ലൂപ്‌ ലൈനിലേക്ക്‌ കയറാൻ ട്രെയിനിന്‌ പച്ച സിഗ്നൽ കിട്ടിയതെന്ന്‌ മഹന്ത വാദിക്കുന്നു. സിഗ്നൽ നൽകുന്ന ഇലക്‌ട്രോണിക് ഇന്റർ ലോക്കിങ്‌ സംവിധാനത്തിൽ ബോധപൂർവം തിരിമറി കാട്ടിയതാണെന്ന നിലപാട്‌ റെയിൽവേയിൽ ഒരുവിഭാഗം ആവർത്തിക്കുന്നു. ഇതോടെയാണ് അന്വേഷണം സിബിഐക്ക്‌ വിട്ടത്‌.

മരിക്കാത്ത ഭര്‍ത്താവിന്റെ പേരില്‍ നഷ്ടപരിഹാരം തേടി വീട്ടമ്മ

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച്  നഷ്ടപരിഹാരത്തുകയ്ക്ക് അപേക്ഷിച്ച് വീട്ടമ്മ. ഭര്‍ത്താവ് പരാതിയുമായി എത്തിയതോടെ ഭാര്യ അറസ്റ്റ് ഭയന്ന് ഒളിവില്‍പോയി. കട്ടക് ജില്ലയിലാണ് സംഭവം.ഇരുവരും 13 വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.  വ്യാജ അവകാശവാദം ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ചീഫ് സെക്രട്ടറി പി കെ ജെന റെയിൽവേയോടും ഒഡിഷ പൊലീസിനോടും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top