29 March Friday

പാളിയത്‌ 
ഇലക്‌ട്രോണിക് 
ഇന്റർലോക്കിങ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ന്യൂഡൽഹി
ട്രെയിനുകൾക്ക്‌ സിഗ്‌നലുകൾ നൽകുന്ന ഇലക്‌ട്രോണിക്ക്‌ ഇന്റർലോക്കിങ്‌ സംവിധാനത്തിലെ പാളിച്ച തന്നെയാണ്‌ ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ കാരണമെന്ന നിഗമനത്തിൽ റെയിൽവേ ബോർഡ്‌. എന്നാൽ ഇത്‌ സാങ്കേതിക തകരാറുകൊണ്ട്‌ സംഭവിച്ചതല്ലെന്ന്‌ ബോർഡ്‌ വാദിക്കുന്നു. പിഴവ്‌ പറ്റാത്തതും പ്രവർത്തനരഹിതമായാൽപോലും അപകടം ഒഴിവാക്കുന്നതുമായ സംവിധാനമാണിതെന്ന്‌ ബോർഡംഗം ജയ വർമ സിൻഹ പറഞ്ഞു.
സംവിധാനം പ്രവർത്തനരഹിതമായാൽ എല്ലാ സിഗ്‌നലുകളും ചുവപ്പിലേക്ക്‌ മാറും.

ട്രെയിനുകൾ എല്ലാം നിൽക്കും. അപകടമുണ്ടാകില്ല. ബഹനാഗ സ്‌റ്റേഷനിൽ രണ്ട്‌ പ്രധാന പാളങ്ങളും രണ്ട്‌ ലൂപ്പ്‌ ലൈനുകളുമാണ്‌. ലൂപ്പ്‌ ലൈനുകളിൽ രണ്ട്‌ ചരക്ക്‌വണ്ടികൾ നിർത്തിയിട്ടിരുന്നു. പ്രധാന പാളങ്ങളിലൂടെ കോറമാൻഡലും യശ്വന്ത്‌പ്പുർ–- ഹൗറയും പോകാൻ സിഗ്‌നൽ നൽകിയിരുന്നു. എന്നാൽ കോറമാൻഡൽ പാത മാറി ലൂപ്പ്‌ ലൈനിലെ ചരക്കുവണ്ടിയിൽ ഇടിച്ചു. ലോക്കോപൈലറ്റിന്റെ പിഴവല്ല. ഇന്റർലോക്കിങ്‌ സംവിധാനം പ്രവർത്തനരഹിതമായിട്ടുമില്ല. ഒരു പക്ഷെ ആരെങ്കിലും കേബിൾ നോക്കാതെ കുഴിയെടുത്തതുമാകാം കാരണമെന്ന്‌- ജയ വർമ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്റർലോക്കിങ്‌ സംവിധാനത്തിൽ ബോധപൂർവം കൃത്രിമം നടന്നിട്ടുണ്ടാകാമെന്ന്‌ റെയിൽബോർഡ്‌ വൃത്തങ്ങൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top