10 July Thursday

ഉറ്റവരെത്തേടി അലച്ചില്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ഒഡിഷ ട്രെയിൻ അപകടത്തിൽ കാണാതായ ബന്ധുക്കളെ ഓര്‍ത്ത് വിലപിക്കുന്നവര്‍

ബാലസോർ
ഒഡിഷയില്‍ അഴുകിയ മാംസ​ഗന്ധമുള്ള താൽക്കാലിക മോര്‍ച്ചറികളില്‍ ഉറ്റവരെ തിരിച്ചറിയാനുള്ള തിരക്ക്‌ ട്രെയിന്‍ദുരന്തത്തിന്‌ രണ്ടു ദിവസം പിന്നിടുമ്പോഴും അവസാനിച്ചിട്ടില്ല. ഛത്തീസ്ഗഢ്‌, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ അയല്‍ സംസ്ഥാനക്കാരാണ് കുടുംബാംഗങ്ങളെത്തേടി അലയുന്നവരിലേറെയും. ജീവനോടെ അവരെ കണ്ടെത്താമെന്ന പ്രതീക്ഷ പലര്‍ക്കുമില്ല. ചിലർ അപകടത്തിന് തൊട്ടുമുമ്പ് കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. എന്നാൽ അപകടസ്ഥലത്ത് ഇവരെ കണ്ടെത്താനായിട്ടില്ല. മരിച്ചുവെന്ന് സ്ഥിരീകരിച്ചവരുടെ മൃതദേഹം പലര്‍ക്കും കണ്ടെത്താനായിട്ടില്ല. "മകൻ എംഡി മസറിനെ തേടി നടക്കുകയാണ്, ആരിൽനിന്നും ഒരു സഹായവും ലഭിക്കുന്നില്ല.' മോര്‍ച്ചറിക്ക് മുന്നില്‍ ഒരമ്മ പറയുന്നു.

ബാലസോറിലെ ഭനാഗ ഹൈസ്കൂള്‍ ഇപ്പോള്‍ താൽക്കാലിക മോർച്ചറിയാണ്. നോർത്ത് ഒറീസ ചേംബർ ഓഫ് കൊമേഴ്‌സിന്റെ 40,000 ചതുരശ്ര അടിവരുന്ന ഹാളും താൽക്കാലിക മോർച്ചറിയാക്കി. നൂറ്റമ്പതോളം അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നു. തിരിച്ചറിഞ്ഞവ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാന്‍ പറ്റാത്തവ ഭുവനേശ്വറിലെ മോർച്ചറികളിലേക്ക് മാറ്റി. എന്നാലും ഞായറാഴ്ച വൈകിട്ടും തിരിച്ചറിയാത്ത 15 പേരുടെ മൃതദേഹങ്ങൾ ഇവിടെയുണ്ട്. 31 കാരനായ ജിതേന്ദർ ദാസ് മോര്‍ച്ചറിക്ക് പുറത്ത്, ഇളയ സഹോദരൻ ജയാനന്ദിന്റെ ഫോട്ടോയും മുറുകെപ്പിടിച്ച് നില്‍ക്കുന്നു. ഭുവനേശ്വറിലേക്ക് മാറ്റിയ മൃതദേഹങ്ങളിൽ ഒന്നാണ് ജിതേന്ദറിന്റെതെന്ന് കരുതുന്നു.

മൃതദേഹം മാറ്റി മണിക്കൂറുകൾക്കുശേഷമാണ് പശ്ചിമ ബംഗാളിൽ ജിതേന്ദര്‍ എത്തിയത്. ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ചിത്രം പലയിടത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ജിതേന്ദര്‍ സഹോദരനെ തിരിച്ചറഞ്ഞത്. "സഹോദരന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ഭുവനേശ്വറിലെത്താൻ പണം എങ്ങനെ കണ്ടെത്തുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം'- ജിതേന്ദർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top