04 October Wednesday
സിഗ്‌നൽ നൽകി, പിൻവലിച്ചു ; 
അവ്യക്തത തുടരുന്നു

മരണം 288, ഇന്ത്യയിലെ നാലാമത്തെ വലിയ ട്രെയിൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ഒരു ട്രെയിൻ  സിഗ്‌നൽ തെറ്റി മറ്റൊരു ട്രെയിനിൽ ഇടിച്ചുകയറി പാളം തെറ്റുക.  രക്ഷാപ്രവർത്തനത്തിനിടെ കുറച്ചുസമയത്തിനകം  മറ്റൊരു ട്രെയിൻ പാഞ്ഞു കയറുക. അപകടമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാനാവില്ല. സുരക്ഷയ്‌ക്കുമേൽ ഉറക്കംനടിച്ച ഭരണാധികാരികൾ വരുത്തിവച്ച കൂട്ടക്കുരുതിയാണിത്‌. 5ജി ഡിജിറ്റൽ ഇന്ത്യയിലാണ് ഈ കേന്ദ്രസർക്കാർ സ്പോൺസേഡ്  ദുരന്തം. ജീവനക്കാരെ ഒഴിവാക്കിയും ഉള്ളവർക്ക് ജോലിഭാരം കൂട്ടിയും ലാഭക്കൊതിപൂണ്ട അധികാരികള്‍ ആലംബമറ്റവരുടെ കണ്ണീരിന് ഉത്തരം പറയേണ്ടിവരും

ഭുവനേശ്വർ
രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ അപകടത്തിൽ മരണം 288 ആയി കുതിച്ചുയര്‍ന്നു. 803 പേർക്ക്‌ പരിക്കേറ്റു. ഇതിൽ 56 പേർ ഗുരുതരാവസ്ഥയില്‍. ശനി പകൽ മൂന്നിന്‌ രക്ഷാപ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിക്കുംവരെയുള്ള കണക്കാണിത്‌. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ട്രെയിൻ ദുരന്തവും ഏറ്റവും കൂടുതൽ ജീവനെടുത്ത രണ്ടാമത്തെ ട്രെയിൻ കൂട്ടിയിടിയുമാണ്‌ ബാലസോറിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപം വെള്ളി രാത്രി ഏഴോടെ സംഭവിച്ചത്. സിഗ്നൽ നൽകിയതിലെ ​ഗുരുതരമായ പിഴവാണ്‌ അപകടകാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക റിപ്പോർട്ട്‌.

അപകടം നടന്ന ബഹനാഗ ബസാർ റെയിൽവേ സ്‌റ്റേഷനിലെ ഡാറ്റാ ലോഗർ ദൃശ്യങ്ങളും വന്‍ അനാസ്ഥയിലേക്ക്‌ വിരൽചൂണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ദൃശ്യം വിലയിരുത്തി. റെയിൽവേ വിശദാന്വേഷണം പ്രഖ്യാപിച്ചു. അട്ടിമറി സാധ്യത റെയിൽവേ തള്ളി. രണ്ടു യാത്രാ ട്രെയിനുകളിലുമായി നാലായിരത്തോളം യാത്രക്കാരുണ്ടായിരുന്നു. ബാലസോറിലെ ആശുപത്രികള്‍ മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞു. മരിച്ചവരിൽ ഏറെപ്പേരെയും തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടി തുടരുന്നു. ഈ മേഖലയിലൂടെയുള്ള ട്രെയിനുകള്‍ വ്യാപകമായി റദ്ദാക്കി. വൻ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽമന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.ദുരന്തസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും പറഞ്ഞു.


 

പാതിമുറിഞ്ഞ് ജീവിതയാത്ര
വെള്ളിയാഴ്‌ച രാത്രി മാഞ്ഞുതെളിഞ്ഞപ്പോൾ ബാലസോർ ഉണർന്നത്‌ ചോരച്ചുവപ്പിലേക്ക്‌. എങ്ങും ഉള്ളുലഞ്ഞവരുടെ നിലവിളികൾ. ഉറ്റവരെ തേടി ആശുപത്രികളും മോര്‍ച്ചറികളും കയറിയിറങ്ങുന്നവര്‍. ബംഗാൾ ഉൾക്കടലിന്റെ തീരപുത്രിയായ ഒഡിഷയുടെ ഹൃദയനഗരം കടന്നുപോന്നത്‌ അക്ഷരാർഥത്തിൽ ദുരന്തരാത്രി.

20 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം സാക്ഷ്യം വഹിച്ചത്‌ അതീവ ദയനീയ കാഴ്‌ചകൾക്ക്. ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങളുണ്ട്‌. മകന്റെ മൃതദേഹം തിരഞ്ഞുനടക്കുന്ന അച്ഛന്റെ ചിത്രം തീരാനോവായി. ഒപ്പംയാത്രചെയ്‌ത ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങളിൽ കെട്ടിപ്പിടിച്ച്‌ കരയുന്നവർ വേറെ. ട്രാക്കിലും പരിസരത്തും കൂട്ടിയിട്ട  മൃതദേഹങ്ങൾ  ഹൃദയഭേദകമായി.

പരിക്കേറ്റവരെ ആദ്യമെത്തിച്ചത്‌ ബാലസോറിലെ ജില്ലാ ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലുമായിരുന്നു.  ഇവിടെ ഇരുനൂറ്റമ്പതോളം പേരെ  എത്തിച്ചു. പക്ഷേ, പലതും മൃതദേഹങ്ങളായിരുന്നു. താൽക്കാലിക മോർച്ചറി സജ്ജീകരിച്ചത്‌ വേനലവധി കഴിഞ്ഞ്‌ തുറന്ന ഹൈസ്‌കൂളിൽ. വരാന്തയിൽ കൂട്ടിയിട്ട മൃതദേഹങ്ങൾ. പിക്കപ്പ്‌ വാഹനത്തിലേക്ക്‌ ചേതനയറ്റ ശരീരങ്ങൾ വലിച്ചെറിയുന്ന കാഴ്‌ച കോവിഡ്‌ കാലത്തെ അനുസ്‌മരിപ്പിച്ചു.

കട്ടക്ക്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിക്കു മുന്നിൽ രാത്രിതന്നെ രണ്ടായിരത്തോളം പേർ എത്തി. രക്തം ദാനംചെയ്യാനായി യുവാക്കൾ വരിനിന്നു. പൊലീസുകാരും സന്നദ്ധപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ഒപ്പം ചേർന്നു. കൂട്ടിയിടിച്ച്‌ ചേര്‍ന്നുപോയ ബോഗികളിൽനിന്ന്‌ ആൾക്കാരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകര്‍ നന്നേ കഷ്‌ടപ്പെട്ടു. ഒരു ക്രെയിൻ മാത്രമാണ്‌ ആദ്യമെത്തിച്ചത്‌. വെളിച്ചക്കുറവും പ്രതികൂലമായി. രക്ഷപ്പെട്ട യാത്രക്കാരും ഓടിയെത്തിയ പ്രദേശവാസികളും ആദ്യം രക്ഷാപ്രവർത്തനം നയിച്ചു. രക്ഷയ്‌ക്കായി കേഴുന്നവരെ പുറത്തെത്തിക്കുക ഏറെ ശ്രമകരമായിരുന്നു. അവരെ സഹായിക്കാനാകാത്തതിന്റെ വേദന രക്ഷാപ്രവർത്തകർ പങ്കിടുന്നു.  ബാലസോറിൽ  മതിയായ സുരക്ഷാ സംവിധാനവും മുന്നറിയിപ്പ്‌–- രക്ഷാപ്രവർത്തന സൗകര്യങ്ങളും ശരിയായി പ്രവർത്തിച്ചിരുന്നുവെങ്കിൽ നിരവധി മരണം ഒഴിവാക്കാമായിരുന്നു.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top