19 March Tuesday

സിഗ്‌നൽ നൽകി, പിൻവലിച്ചു; 
അവ്യക്തത തുടരുന്നു , വ്യക്തമായ ചിത്രം നൽകാതെ റെയില്‍വേ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023


അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടപ്പോഴും അപകടം സംഭവിച്ചത് എങ്ങനെ എന്ന് വ്യക്തമായ ചിത്രം റെയില്‍വേ  ഔദ്യോ​ഗികമായി നൽകിയിട്ടില്ല. റെയില്‍വേ സ്രോതസ്സുകളെ  ഉദ്ധരിച്ചുള്ള വിവരം മാത്രമാണ് പുറത്തുവന്നത്. ഹൗറയിൽനിന്ന്‌ ചെന്നൈയിലേക്ക്‌ വരികയായിരുന്ന കോറമാൻഡൽ എക്സ്‌പ്രസിന് രണ്ടു പ്രധാന പാളത്തില്‍ ഒന്നില്‍ക്കൂടി പോകാന്‍  ആദ്യം നിർദേശം നൽകി. എന്നാല്‍, കുറച്ച്‌ സമയത്തിനകം നിര്‍ദേശം പിൻവലിച്ചു. ഇതുപ്രകാരം പ്രധാന പാളത്തിന്റെ അടുത്തുള്ള  ലൂപ്‌ ലൈനിൽ പ്രവേശിച്ച ട്രെയിൻ അവിടെ നിർത്തിയിട്ട ചരക്ക്‌ ട്രെയിനിൽ ഇടിച്ചുകയറി. മണിക്കൂറിൽ 128 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിന്‍. 21 ബോഗി പാളംതെറ്റി. മൂന്നെണ്ണം പ്രധാന പാളങ്ങളിലേക്ക് തെറിച്ചുവീണു. അൽപ്പസമയത്തിനകം  എതിര്‍ദിശയില്‍ പ്രധാന പാളത്തിലൂടെ എത്തിയ ബംഗളൂരു യശ്വന്ത്‌പുർ ഹൗറ സൂപ്പർഫാസ്റ്റ്‌ എക്സ്‌പ്രസ്‌ ഈ ബോഗികളിൽ ഇടിച്ചുകയറി പാളംതെറ്റി. 116 കിലോമീറ്റർ വേഗത്തിലായിരുന്നു. കോറമാൻഡലിൽ 1257ഉം ഹൗറ എക്സ്‌പ്രസിൽ 1039ഉം റിസർവ്‌ഡ്‌ യാത്രക്കാർ ഉണ്ടായിരുന്നു. റിസർവ്‌ ചെയ്യാത്ത യാത്രക്കാരുടെ എണ്ണം ലഭ്യമല്ല.

കോറമാൻഡൽ പാളംതെറ്റിയശേഷം ചരക്ക്‌ ട്രെയിനിൽ ഇടിക്കുകയായിരുന്നോ അതോ നേരിട്ട്‌ ചെന്ന്‌ ഇടിക്കുകയായിരുന്നോ എന്നതിൽ പരസ്പരവിരുദ്ധമായ പ്രസ്താവങ്ങളാണ്‌ അപകടം നടന്ന്‌ 24 മണിക്കൂർ കഴിഞ്ഞും റെയില്‍ അധികൃതർ നടത്തുന്നത്‌. ലോക്കോ പൈലറ്റുമാരുടെ പിഴവല്ല അപകടകാരണമെന്നും അവർ  നിർദേശങ്ങൾ കൃത്യമായി പാലിച്ചിരുന്നതായും ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി മുൻ ജനറൽ മാനേജരും ആദ്യ വന്ദേ ഭാരത്‌ ട്രെയിൻ നിർമിച്ച സംഘത്തിന്റെ മേധാവിയുമായിരുന്ന സുധാൻഷു മണി വ്യക്തമാക്കി.

അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ നടപ്പാക്കുന്ന കവച്‌ സംവിധാനം ഈ മേഖലയിൽ ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിന് വിദഗ്‌ധ പരിശീലനം ലഭിച്ചവർ എത്താൻ സമയമെടുത്തു. ഒന്നിനുമുകളിൽ ഒന്നായി കിടന്ന ബോഗികൾ മാറ്റാൻ ക്രെയിനുകൾ ഉൾപ്പെടെ എത്തിക്കേണ്ടിവന്നു. പരിക്കേറ്റവരെ ആംബുലൻസിൽ ഏറ്റവുമടുത്ത ആശുപത്രിയിൽ എത്തിക്കാൻ രണ്ടുമണിക്കൂറോളമെ‌ടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top