20 April Saturday
അട്ടിമറിക്കുന്നത്‌ 
2005ൽ ഇടതുപക്ഷ പിന്തുണയോടെ പാർലമെന്റ്‌ പാസാക്കിയ നിയമം

തൊഴിലറുക്കാൻ കേന്ദ്രം ; ഒരേസമയം 20 പ്രവൃത്തിമാത്രം ; 100 തൊഴിൽദിനം ഉണ്ടാകില്ല

എം വി പ്രദീപ്‌Updated: Friday Jul 29, 2022


തിരുവനന്തപുരം
തൊഴിലുറപ്പ്‌ പദ്ധതിയിൽ ആഗസ്‌ത്‌ ഒന്നുമുതൽ ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തിമാത്രമേ ഏറ്റെടുക്കാൻ പാടുള്ളൂവെന്ന്‌ കേന്ദ്ര സർക്കാരിന്റെ ഉത്തരവ്‌. ഗ്രാമീണമേഖലയിൽ ഒരു കുടുംബത്തിന്‌ പ്രതിവർഷം 100 തൊഴിൽദിനം നൽകണമെന്ന  തൊഴിലുറപ്പ്‌ നിയമം ഇതോടെ  ഇല്ലാതാകും. ഗ്രാമീണമേഖലയിലെ ദാരിദ്ര്യം ഇല്ലാതാക്കിയ തൊഴിലുറപ്പ്‌ നിയമം കേന്ദ്ര സർക്കാർ  അട്ടിമറിക്കുകയാണെന്ന്‌ വ്യക്തമായി. 

വർഷംതോറും 100 തൊഴിൽദിനം ഉറപ്പാക്കാൻ ആവശ്യമായ ഉൽപ്പാദന, ആസ്തിവികസന പ്രവൃത്തികൾ ഏറ്റെടുക്കാൻ ഇതുവരെ സംസ്ഥാനത്തിന്‌ അധികാരമുണ്ടായിരുന്നു. ഇതിനാണ്‌ കേന്ദ്രം പുതിയ ഉത്തരവിലൂടെ വിലങ്ങിട്ടത്‌.  കേരളത്തിൽ ഓരോ പഞ്ചായത്തിലും കുറഞ്ഞത്‌ 14 മുതൽ 24 വാർഡുവരെയുണ്ട്‌.  ഓരോ വാർഡിലും ശരാശരി  ഒരേ സമയം 10 പ്രവൃത്തിവരെ ഏറ്റെടുത്താണ്‌ ആവശ്യപ്പെടുന്ന എല്ലാവർക്കും കേന്ദ്ര നിയമപ്രകാരമുള്ള 100 തൊഴിൽദിനം ഉറപ്പാക്കിയത്‌.

സംസ്ഥാനത്ത്‌  16.45 ലക്ഷം കുടുംബങ്ങളിലായി 18.99 ലക്ഷം റജിസ്‌റ്റർ ചെയ്‌ത തൊഴിലാളികളുണ്ട്‌ .വലിയ പഞ്ചായത്തുകളിൽ 5000 തൊഴിലാളികൾവരെയുണ്ട്‌. ഒരേ സമയം ഒരു വാർഡിൽ ഒരു പ്രവൃത്തിപോലും ഏറ്റെടുക്കാനാകാതെ വരുന്നതോടെ ഇവർക്ക്‌ നിയമപ്രകാരമുള്ള തൊഴിൽദിനങ്ങൾ ലഭിക്കില്ല.  കൂടുതൽ വാർഡുള്ള പഞ്ചായത്തിൽ ഒരു തൊഴിലാളിക്ക്‌  100 തൊഴിൽദിനത്തിന്റെ നാലിലൊന്നുപോലും നൽകാനാകില്ല.  

2005 സെപ്‌തംബറിൽ ഇടതുപക്ഷ പിന്തുണയോടെ പാർലമെന്റ്‌ പാസാക്കിയ തൊഴിലുറപ്പ്‌ നിയമം രാജ്യത്ത്‌ ദാരിദ്ര്യ നിർമാർജനത്തിന്‌ നല്ല പങ്കാണ്‌ വഹിച്ചിരുന്നത്‌.  രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുതന്നെ തൊഴിലുറപ്പ്‌  പദ്ധതിയുടെ അടങ്കൽ വെട്ടികുറയ്‌ക്കാൻ തുടങ്ങി. ബിജെപി അധികാരത്തിലെത്തിയതോടെ അതിന്‌ ഗതിവേഗം കൂടി. പുതിയ ഉത്തരവ്‌  രാജ്യത്തെ 16.06 കോടി കുടുംബത്തെ വീണ്ടും അതിദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top