24 April Wednesday

ജീവിതം വഴിമുട്ടി; മഹാരാഷ്ട്രയില്‍ 7 മക്കളെ വില്‍ക്കാനൊരുങ്ങി മാതാവ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

മുംബൈ> നാല്‍പതുകാരിയായ വീട്ടമ്മ തന്റെ 7 മക്കളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയിലെ  ജല്‍ഗാവിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭര്‍ത്താവ് മരിച്ചതോടെ മക്കളെ പോറ്റാന്‍ കഴിയാതെ വന്നതാണ് കടുത്ത തീരുമാനത്തിന് കാരണമായി ഇവര്‍ പൊലീസിനെ ധരിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.രണ്ടു വര്‍ഷം മുന്‍പ് കൊവിഡ്  ബാധിച്ച് ഭര്‍ത്താവ് നഷ്ടപ്പെട്ട നാല്‍പ്പത് കാരിയായ വീട്ടമ്മ ജീവിതമാര്‍ഗ്ഗം അടഞ്ഞതോടെയാണ് തന്റെ മക്കളെ വില്‍ക്കാന്‍ തീരുമാനിക്കുന്നത്. കിടപ്പാടം പോലുമില്ലാത്ത ഹീരാബായ് ദേവ ഗെയ്ക്വാദ് തൊട്ടടുത്ത നഗരത്തിലെത്തിയാണ് കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ചത്.
 
ഹീരാഭായിക്ക് മൂന്ന് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമടക്കം 7 മക്കളാണ്. കുട്ടികളെ പോറ്റാന്‍ കഴിയാതെ വന്നതോടെയാണ് കടുത്ത തീരുമാനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയ്പാല്‍ ഹിരെ പറയുന്നു. വിവരമറിഞ്ഞ പൊലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികളെ പരിപാലന കേന്ദ്രമായ ബാല മന്ദിരത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചു. കുട്ടികളെ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് മനസിലാക്കിയാണ് പൊലീസ് സ്ത്രീയെ പിന്തിരിപ്പിച്ച് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിച്ചത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top