16 April Tuesday
● തബ് ലീ​ഗ് മസ്ജിദില്‍ മതസമ്മേളനങ്ങളില്‍ പങ്കെടുത്തവരെല്ലാം കോവിഡ്‌ ആശങ്കയിൽ ● പങ്കെടുത്ത പത്തുപേര്‍ മരിച്ചു

പ്രഭവകേന്ദ്രമായി നിസാമുദ്ദീന്‍ ; രാജ്യത്ത്‌ 3 മരണംകൂടി; ആകെ 44

പി ആർ ചന്തുകിരൺUpdated: Wednesday Apr 1, 2020


ന്യൂഡല്‍ഹി
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായി ഡല്‍ഹി നിസാമുദ്ദീൻ. ഈമാസം ആദ്യം തബ് ലീ​ഗ് മസ്ജിദില്‍ നടന്ന മതസമ്മേളനങ്ങളിൽ പങ്കെടുത്ത പത്തുപേര്‍  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു.  പങ്കെടുത്ത നിരവധിപേര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. 16 വിദേശരാജ്യത്തുനിന്നും കേരളമുള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു.  ഇവരെ കണ്ടെത്താനുള്ള  ഊർജിതശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ.  മാര്‍ച്ച് 9–-10നും 13–-14നും 17, 18,-19നും മൂന്ന്‌ തവണയാണ്‌ കൂടിച്ചേരലുണ്ടായത്‌.

കേരളത്തില്‍ നിന്ന് 45 പേര്‍
കേരളത്തില്‍ നിന്ന് 45 പേര്‍ പങ്കെടുത്തു. ഇതിൽ കോഴിക്കോട്‌ ജില്ലയിൽ നിന്ന്‌ പങ്കെടുത്ത അഞ്ച്‌ പേരും ആലപ്പുഴയിൽ  മതസമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കത്തിലുള്ളവരും ഉൾപ്പെടെ  25 പേരും നിരീക്ഷണത്തിലാണ്‌.

ഈറോഡ്‌ പ്രത്യേക സുരക്ഷാമേഖല
മതസമ്മേളനത്തിൽ പങ്കെടുത്ത പത്തുപേർക്ക്‌ രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയിൽ നിയന്ത്രണം കർശനമാക്കി. പരിശോധന നടത്തിയ 30 പേരിൽ 10 പേർക്കും കോവിഡ്‌. ജില്ലയിലെ നാല്‌ ഗ്രാമം  പ്രത്യേക നിയന്ത്രണ മേഖല  (ബഫർ സോൺ).  തമിഴ്‌നാട്ടിൽനിന്ന്‌ ഏകദേശം 1500 പേർ മതസമ്മേളനത്തിൽ പങ്കെടുത്തു.  കോയമ്പത്തൂരിൽമാത്രം 82 പേർക്ക്‌ രോഗലക്ഷണമുണ്ട്‌.  ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ 52 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.

തെലങ്കാനയിൽനിന്ന്‌ 1000 പേർ 
മതസമ്മേളനത്തിൽ തെലങ്കാനയിൽനിന്നുള്ള 1000 പേരെങ്കിലും പങ്കെടുത്തിട്ടുണ്ട്‌. ഇവരെയും സമ്പർക്കത്തിൽ വന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്‌.
സമ്മേളനത്തിൽ പങ്കെടുത്ത ആറുപേർ തിങ്കളാഴ്ച രാത്രി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 

10 ഹോട്ട്‌ സ്‌പോട്ട്‌
കേരളത്തിലെ കാസർകോട്‌, പത്തനംതിട്ട ജില്ലകളടക്കം കോവിഡ്‌ ബാധ തീവ്രമാകാനിടയുള്ള രാജ്യത്തെ 10 ‘ഹോട്ട്‌സ്‌പോട്ടു’കളിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്രം. കേരളത്തിലെ രണ്ട്‌ ജില്ലകൾക്ക്‌ പുറമെ ഡൽഹിയിലെ നിസാമുദ്ദീൻ, ദിൽഷാദ്‌ ഗാർഡൻ, യുപിയിലെ നോയിഡ, മീറത്ത്‌, ഗുജറാത്തിലെ അഹമ്മദാബാദ്‌, മഹാരാഷ്ട്രയിലെ മുംബൈ, പുണെ, രാജസ്ഥാനിലെ ഭിൽവാര എന്നീ സ്ഥലങ്ങളാണ്‌ ഹോട്ട്‌സ്‌പോട്ടായി നിര്‍ദേശിച്ചത്. വിദേശത്തുനിന്ന്‌ മടങ്ങിയ നിരവധിയാളുകളുള്ള സ്ഥലമെന്ന നിലയിലാണ്‌ പത്തനംതിട്ട പരിഗണിക്കുന്നത്‌. ഗൾഫിൽനിന്ന്‌ എത്തിയവർ ധാരാളമുള്ള സ്ഥലമെന്ന നിലയിലും വലിയതോതിൽ കോവിഡ്‌ ബാധ റിപ്പോർട്ട്‌ ചെയ്തതിനാലുമാണ്‌ കാസർകോടിനെ ഉൾപ്പെടുത്തിയത്‌.

3 മരണംകൂടി; ആകെ 44
രാജ്യത്ത്‌ തിങ്കളാഴ്ച കോവിഡ്‌ ബാധിച്ച്‌ 3 പേർകൂടി മരിച്ചു. കേരളം, ജമ്മു കശ്‌മീർ  എന്നിവിടങ്ങളിൽ ഓരോരുത്തരാണ്‌ മരിച്ചത്‌. ഇതോടെ മരണസംഖ്യ 44. ചൊവ്വാഴ്‌ച  150ലേറെപ്പേർക്കുകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌ കോവിഡ്‌ ബാധിച്ചവർ 1397. ഇതിൽ 300ലേറെ മഹാരാഷ്‌ട്രയിലാണ്‌. ചൊവ്വാഴ്‌ച മാത്രം 72 പേർക്കാണ്‌ ഇവിടെ രോഗം സ്ഥിരീകരിച്ചത്‌.

തെലങ്കാനയില്‍ കോവിഡ് മൂലം മരിച്ച ആറു പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്‌. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മരിച്ച ഓരോരുത്തരും ഈ സമ്മേളനത്തിൽ പങ്കെടുത്തു.  മതപ്രഭാഷകൻ  ജമ്മു കശ്മീരിലും ഫിലിപ്പീന്‍സുകാരനായ മതപ്രഭാഷകന്‍ മുംബൈയിലും മരിച്ചു. ഹൃദയാഘാതംമൂലം ഡല്‍ഹിയില്‍ മരിച്ച പത്തനംതിട്ട സ്വദേശിയായ ഡോ. സലീമും  സമ്മേളത്തില്‍ പങ്കെടുത്തു.

● തബ് ലീ​ഗ് മസ്ജിദില്‍നിന്ന് രോഗലക്ഷണമുള്ള 335 പേരെ ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 700 പേർ നിരീക്ഷണത്തിൽ. കശ്മീരില്‍ മരിച്ചയാളിൽനിന്ന്‌ 40 പേരിലേക്ക് രോഗം പകര്‍ന്നു. ആന്‍ഡമാനിലെ പത്തുകൊറോണബാധിതരിൽ ഒന്‍പത് പേരും സമ്മേളനത്തില്‍ പങ്കെടുത്തവർ. യുപിയിൽ 18 ജില്ല നിരീക്ഷണത്തിലാണ്‌.

● മതസമ്മേളനത്തിന്റെ മുഖ്യ സംഘാടകനായ മൗലാന സാദിനെതിരെ ഡൽഹി പൊലീസ്‌ കേസെടുത്തു.

● സമ്മേളനത്തില്‍ പങ്കെടുത്ത 300 വിദേശികളില്‍ പലരും വിനോദസഞ്ചാര വിസയില്‍ വന്നവർ. വിസചട്ടം ലംഘിച്ചതിന്‌  കരിമ്പട്ടികയില്‍ പെടുത്തും.

● സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മര്‍ക്കസ് ഭാരവാഹികള്‍ . ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ സമ്മേളനങ്ങള്‍ നിര്‍ത്തി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top