29 March Friday

സംഘപരിവാർ ജനവിരുദ്ധ ഭരണത്തിനെതിരെ പ്രചോദനമായി കർഷകസമരം

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022

ഫത്തേഹാബാദിൽ ഐഎൻഎൽഡി റാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കുന്നു ഫോട്ടോ: കെ എം വാസുദേവൻ

ഫത്തേഹാബാദ്‌ (ഹരിയാന)> സംഘപരിവാറിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ പാർടികൾക്ക്‌ ആത്മവിശ്വാസമേകുന്നത്‌ മോദി സർക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക കർഷകസമരം. കാർഷിക മേഖലയെക്കൂടി കോർപറേറ്റുകൾക്ക്‌ തീറെഴുതുകയെന്ന ലക്ഷ്യത്തോടെ ബിജെപി സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരായ ഏറ്റുമുട്ടലിന്റെ കേന്ദ്രഭൂമിയായിരുന്ന ഹരിയാനയിൽ ഐഎൻഎൽഡി സംഘടിപ്പിച്ച റാലിയിൽ സംസാരിച്ച പ്രതിപക്ഷ നേതാക്കളെല്ലാം കർഷകസമരത്തെ പ്രകീർത്തിച്ചു. കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില നിയമപരമാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക എന്നീ വാഗ്‌ദാനങ്ങൾ മോദി സർക്കാർ നടപ്പാക്കിയിട്ടില്ലെന്നത്‌ നേതാക്കൾ ഓർമിപ്പിച്ചു.

കർഷകരെ മോദി സർക്കാർ ഇപ്പോഴും വേട്ടയാടുകയാണെന്ന്‌ എൻസിപി പ്രസിഡന്റ്‌ ശരത്‌ പവാർ പറഞ്ഞു. പൊലീസ്‌ സ്‌റ്റേഷനിൽ കയറിയിറങ്ങേണ്ട സ്ഥിതി കർഷകരെ ആത്മഹത്യയിലേക്കുപോലും നയിക്കുകയാണ്‌. ധാന്യ ഉൽപ്പാദനത്തിലും മറ്റും രാജ്യം ഒന്നാമതാണ്‌. കർഷകരോടാണ്‌ നന്ദി പറയേണ്ടത്‌. എന്നാൽ, അവരോട്‌ ശത്രുക്കളോടെന്നപോലെ പെരുമാറുന്നു. 2024ൽ ഇതിന്‌ മറുപടി നൽകണം–- പവാർ പറഞ്ഞു.
ഐതിഹാസികമായ കർഷകസമരത്തിന്‌ ഊർജം പകർന്ന നാടാണ്‌ ഹരിയാനയെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു. എന്നാൽ, വാഗ്‌ദാനങ്ങൾ പാലിക്കുംവരെ പോരാട്ടം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കർഷകർ മോദി സർക്കാരിനെ നല്ല പാഠം പഠിപ്പിച്ചുവെന്ന്‌ തേജസ്വി യാദവ്‌ പറഞ്ഞു.   കർഷകരെ ആക്രമിക്കുക വഴി രാജ്യത്തെ ധീരജവാൻമാരെക്കൂടിയാണ്‌ മോദി സർക്കാർ അവഹേളിച്ചത്‌–- തേജസ്വി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്കെതിരായി കർഷകർ ഒന്നിക്കണമെന്ന്‌ ശിവസേന എംപി അരവിന്ദ്‌ സാവന്ത്‌ പറഞ്ഞു.

ദേശീയ നേതാക്കൾക്ക്‌ ആവേശ സ്വീകരണം

ദേവിലാൽ അനുസ്‌മരണ റാലിക്കെത്തിയ ദേശീയ നേതാക്കളെ ജനാവലി വരവേറ്റത്‌ നിറഞ്ഞ കൈയടിയോടെ. പ്രതിപക്ഷ  ഐക്യത്തിന്‌ മുൻകൈയെടുക്കുന്ന നിതീഷ്‌ കുമാറും തേജസ്വി യാദവും ശരദ്‌ പവാറും സീതാറാം യെച്ചൂരിയും അടക്കമുള്ളവരെ ഐഎൻഎൽഡി നേതാക്കൾ പടുകൂറ്റൻ ഹാരമണിയിച്ച്‌ വേദിയിലേക്ക്‌ സ്വീകരിച്ചു.

ബിഹാറിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി, തന്നെ ഇല്ലാതാക്കാൻ എല്ലാ ശ്രമവും നടത്തിയെന്ന്‌ നിതീഷ്‌ കുമാർ പറഞ്ഞു. അസുഖബാധിതനായ നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഫാറൂഖ്‌ അബ്‌ദുള്ളയുടെ സന്ദേശം റാലിയിൽ വായിച്ചു. മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്‌ റാലിക്ക്‌ പിന്തുണ അറിയിച്ച്‌ വീഡിയോ സന്ദേശം അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top