25 April Thursday
ചൗഹാനെ മുഖ്യമന്ത്രി പദത്തിൽ നിന്ന്‌ നീക്കിയേക്കും

ബിജെപി പാർലമെന്ററി ബോർഡ് ; ഗഡ്‌കരിയും ചൗഹാനും തെറിച്ചു ; ആദിത്യനാഥുമില്ല , പിടിമുറുക്കി മോദി ഷാ നദ്ദ

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ന്യൂഡൽഹി
മോദി–- അമിത്‌ ഷാ–- നദ്ദ ത്രയത്തിന്‌ അനഭിമതരായ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ എന്നിവരെ പുറത്താക്കി പുതിയ പാർലമെന്ററി ബോർഡ്‌ പ്രഖ്യാപിച്ച്‌ ബിജെപി. ഭാവി നേതാവായി വാഴ്ത്തപ്പെടുന്ന യുപി മുഖ്യമന്ത്രി ​ ആദിത്യനാഥിനെയും തഴഞ്ഞു. പുതിയ 11 അംഗ ബോർഡിൽ 70 പിന്നിട്ട ബി എസ്‌ യെദ്യൂരപ്പ, കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ തുടങ്ങിയവര്‍ ഇടംനേടി. ഇതോടാെപ്പം പ്രഖ്യാപിച്ച പതിനഞ്ചംഗ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന്‌ മുതിർന്ന നേതാക്കളായ ഷാനവാസ്‌ ഹുസൈൻ, ജുവൽ ഓറം എന്നിവരെ നീക്കി. മോദി– -ഷാ സഖ്യത്തെ നിരന്തരം വിമർശിച്ച ഗഡ്‌കരിയെയും ചൗഹാനെയും ദേശീയ രാഷ്‌ട്രീയത്തിൽനിന്ന്‌ മാറ്റിനിർത്താനുള്ള നീക്കമാണ് നടത്തുന്നത്. മുമ്പ്‌ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വെട്ടിയൊതുക്കിയതിനു സമാന നീക്കമാണിത്.

ആർഎസ്‌എസിന്റെ ഉറച്ച പിന്തുണയുള്ള ഗഡ്‌കരിയെ നീക്കിയത്‌ വരുംനാളുകളില്‍ പൊട്ടിത്തെറിയുണ്ടാക്കും.പ്രധാനമന്ത്രിപദത്തിൽ എത്തിയതുമുതൽ മോദിയുമായി ഗഡക്‌രി അത്ര രസത്തിലല്ല. രാഷ്‌ട്രീയം അധികാരത്തിനുള്ള കളി മാത്രമായെന്നും രാഷ്‌ട്രീയത്തിനു പുറത്ത്‌ നിരവധി കാര്യം തനിക്ക്‌ ചെയ്യാനാകുമെന്നും  അടുത്തിടെ ​ഗഡ്കരി പ്രതികരിച്ചിരുന്നു. സജീവ രാഷ്‌ട്രീയം വിടുമെന്ന് അഭ്യൂഹമുണ്ട്. വൈകാതെ മധ്യപ്രദേശ്‌ മുഖ്യമന്ത്രിപദത്തിൽനിന്ന്‌ ശിവ്‌രാജ്‌ സിങ്‌ ചൗഹാനെ തെറിപ്പിച്ചേക്കും.

ജെ പി നദ്ദ, നരേന്ദ്ര മോദി, രാജ്നാഥ് സിങ്‌, അമിത് ഷാ, ബി എസ് യെദ്യൂരപ്പ, സർബാനന്ദ് സോനോവാൾ, കെ ലക്ഷ്മൺ, ഇക്ബാൽ സിങ്‌ ലാൽപുര, സുധ യാദവ്, സത്യനാരായണൻ ജതിയ, ബി എൽ സന്തോഷ് എന്നിവരാണ്‌ പാർലമെന്ററി ബോർഡ്‌ അംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top