26 April Friday

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കും; ജോൺ ബ്രിട്ടാസ് എം പിയുടെ കത്തിന് കേന്ദ്രത്തിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022

ന്യൂഡൽഹി> യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി അയച്ച കത്തിന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ മറുപടി നൽകി. നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേർന്ന് സർക്കാർ പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര മന്ത്രി എംപിയെ അറിയിച്ചു.

പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണം, അതിലേക്കായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാന്‍ ഇടപെടണം എന്നും മറ്റും ആവശ്യപ്പെട്ടാണ് ജോണ്‍ ബ്രിട്ടാസ് എം പി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് നിവേദനം നല്‍കിയത്.

കീഴ്കോടതിയിൽ കേസ് നടത്തുന്ന സമയത്ത് വേണ്ട നിയമസഹായം ലഭിക്കാത്തതിനാലും ഭാഷാപരിജ്ഞാന കുറവും കാരണമാണ് നിമിഷയ്ക്കെതിരെ വധശിക്ഷ വിധിക്കപ്പെട്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.  ബ്ലഡ്മണി കൈമാറാന്‍ സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണെന്നും യെമന്‍ പൗരന്‍റെ കുടുംബാംഗങ്ങളുമായി ആക്ഷൻ കൗൺസിലിന് ബന്ധപ്പെടാനുള്ള അവസരമൊരുക്കണമെന്നും ജോണ്‍ ബ്രിട്ടാസ് നിവേദനത്തിലാവശ്യപ്പെട്ടിരുന്നു. ഇതിനായി യെമന്‍ സര്‍ക്കാരിനോടും മേഖലയില്‍ സ്വാധീനമുള്ള വ്യക്തികളുമായും ബന്ധപ്പെടണമെന്നും ജോണ്‍ ബ്രിട്ടാസ് വിദേശകാര്യ  മന്ത്രിയോടഭ്യര്‍ത്ഥിച്ചിരുന്നു.

സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കുള്ളതിനാല്‍ നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ കഴിയുന്നില്ല. ഇത് യെമന്‍ പൗരന്‍റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ തടസം സൃഷ്ടിക്കുന്നതിനാലാണ് വിദേശകാര്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് കത്ത് നല്‍കിയത്.

യമന്‍ പൗരന്‍ തലാല്‍ അബുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ വിധിച്ച വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹര്‍ജി, യമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീംജുഡീഷ്യൽ കൗൺസിലിനെ സമീപിക്കാൻ സാധിക്കുമെങ്കിലും അതില്‍ വലിയ പ്രതീക്ഷ നിയമവിദഗ്ധര്‍ കാണുന്നില്ല. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top