17 April Wednesday

ജൂതരെ ആക്രമിക്കാൻ 
പിഎഫ്‌ഐ പദ്ധതിയിട്ടെന്ന്‌ ദേശീയ അന്വേഷണ ഏജൻസി

പ്രത്യേക ലേഖകൻUpdated: Thursday Sep 29, 2022


ന്യൂഡൽഹി
തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രമായ വട്ടക്കനാലിൽവച്ച്‌ ജൂതരെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ (പിഎഫ്‌ഐ) പദ്ധതിയിട്ടെന്ന്‌ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ദക്ഷിണേന്ത്യയിൽനിന്നുള്ള 15 അംഗ സംഘവും കൂട്ടാളികളും ചേർന്ന്‌ ജഡ്‌ജിമാർ, മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ, അഹമ്മദീയ വിഭാഗം മുസ്ലിങ്ങൾ എന്നിവരെയും ആക്രമിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്‌തു. ആഗോള ഭീകരസംഘടന ഐഎസ്‌ഐഎസിൽ ആകൃഷ്ടരായവരാണ് ഇതിനുപിന്നിലെന്നും എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു.

അൻസർഉൽ ഖലീഫ കേരള എന്ന സംഘമാണ്‌ യുവാക്കളെ തീവ്രവാദത്തിലേക്ക്‌ ആകർഷിക്കാനായി പ്രവർത്തിച്ചത്‌. ഇന്റർനെറ്റ്‌ വഴിയാണ്‌ ഇവർ ഐഎസ്‌ഐഎസ്‌ ആശയങ്ങൾ പ്രചരിപ്പിച്ചത്‌. സർക്കാരിനെതിരെ യുദ്ധം ആസൂത്രണം ചെയ്യാൻ യോഗം ചേരവെയാണ്‌ 2016 ഒക്ടോബർ രണ്ടിന്‌ കണ്ണൂരിൽനിന്ന്‌ മൻസീത്‌, സ്വാലിത്‌ മുഹമ്മദ്‌, റഷീദ്‌ അലി സഫ്‌വാൻ, ജെ കെ നസീം എന്നിവർ അറസ്‌റ്റിലായത്‌. ഇവരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ ഡിജിറ്റൽ  ഉപകരണങ്ങളും രേഖകളും കണ്ടെത്തി. യുഎഇയിലുള്ള കൂട്ടാളികളിൽനിന്ന്‌ ഫണ്ട്‌ ലഭിച്ചെന്ന്‌ സ്വാലിത്‌ മുഹമ്മദ്‌ വെളിപ്പെടുത്തി. ‘ദ ഗേറ്റ്‌’, ‘ബാബ്‌ അൽ നൂർ’, ‘പ്ലേ ഗ്രൗണ്ട്‌’ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ്‌ ഇവർ റിക്രൂട്ട്‌മെന്റ്‌ നടത്തിയത്‌.

മലയാളിയായ ഷാജഹാൻ എന്നയാൾ ഐഎസ്‌ഐഎസിനുവേണ്ടി തുർക്കിയും സിറിയയും സന്ദർശിച്ചു. ഭീകരപ്രവർത്തനങ്ങളുടെ പേരിൽ അവിടെ പിടിയിലായ ഇയാളെ ഇന്ത്യയിലേക്ക്‌ തിരിച്ചയച്ചു. ഇയാൾ പിഎഫ്‌ഐയുടെ മുൻരൂപമായ എൻഡിഎഫിൽ ചേർന്ന്‌ പരിശീലനം നേടി. പിഎഫ്‌ഐ നേതാക്കളായ ഹാരിസ്‌, ഷബീർ, മനാഫ്‌, മുസ്‌തഫ, സാദിഖ്‌, ഷാജി തുടങ്ങിയവരുമായും ബന്ധം സ്ഥാപിച്ചു. ഷാജഹാനും പിഎഫ്‌ഐ വളപട്ടണം ഡിവിഷണൽ പ്രസിഡന്റായിരുന്ന ഷമീറും  ആക്രമണങ്ങൾക്ക്‌ പദ്ധതിയിട്ടു.  ഇവർ തുർക്കി, മലേഷ്യ, സിറിയ എന്നിവിടങ്ങൾ സന്ദർശിച്ചു. 2017ൽ തുർക്കിയിൽ പിടിയിലായ ഷാജഹാനെ ഇന്ത്യയിലേക്ക്‌ വീണ്ടും അയച്ചെന്നും എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു.

സംസ്ഥാനങ്ങളിൽ നടപടി തുടരുന്നു
പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ (പിഎഫ്‌ഐ)യുടെയും എട്ട്‌ അനുബന്ധസംഘടനയുടെയും നിരോധം നടപ്പാക്കാൻ  വിവിധ സംസ്ഥാനങ്ങളിൽ നടപടികൾ തുടരുന്നു. കേരളത്തിനുപുറമെ കർണാടകം, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര സർക്കാരുകൾ നിരോധം നടപ്പാക്കാനുള്ള അധികാരം ജില്ലാ മജിസ്‌ട്രേട്ടുമാർക്കും പൊലീസ്‌ മേധാവിമാർക്കും കമീഷണർമാർക്കും  നൽകി  ഉത്തരവിറക്കി.

ഡൽഹിയിലെ ഷഹീൻബാദിൽ പൊലീസ്‌ സുരക്ഷ വർധിപ്പിച്ചു. നിയമപരമായ ആവശ്യത്തെതുടർന്ന്‌ പിഎഫ്‌ഐയുടെ അക്കൗണ്ട്‌ ഇന്ത്യയിൽ  തടഞ്ഞെന്ന്‌ ട്വിറ്റർ അറിയിച്ചു. പിഎഫ്‌ഐയുടെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും തടയാനാണ് നിര്‍ദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top