ന്യൂഡൽഹി
യുഎപിഎ അടക്കം ചുമത്തിയുള്ള എഫ്‌ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക് എഡിറ്റർ പ്രബീർ പുർകായസ്‌ത സമർപ്പിച്ച ഹർജിയിൽ അഡീഷണൽ സെഷൻസ് കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. തുടർനടപടിക്കായി ഹൈക്കോടതിയെ സമീപിക്കാൻ എഫ്‌ഐആറിന്റെ പകർപ്പ് വേണമെന്ന് പ്രബീറിന്റെ അഭിഭാഷകൻ അർഷ്‌ദീപ് സിങ് ഖുറാന ജഡ്‌ജി ഹർദീപ് സിങ് കൗറിനെ അറിയിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സന്നിഹിതനല്ലെന്നും കൂടുതൽ സമയം വേണമെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് കേസ് വ്യാഴാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി നിലപാട് അറിയിക്കാൻ ഡൽഹി പൊലീസിനോട് നിർദേശിച്ചത്.
ചൊവ്വാഴ്‌ച അറസ്റ്റ് ചെയ്‌ത പ്രബീറിനെയും ന്യൂസ്‌ക്ലിക് എച്ച്‌ആർ മാനേജർ അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസ് ബുധനാഴ്‌ച മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. ഇരുവരെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എല്ലാ ദിവസവും ഒരു മണിക്കൂർ അഭിഭാഷകനുമായി സംസാരിക്കാൻ ഇരുവർക്കും അനുമതിയുണ്ട്. റിമാൻഡ് അപേക്ഷയുടെ പകർപ്പ് കൈമാറാനും നിർദേശിച്ചു.
യുഎപിഎയുടെ 13 (നിയമവിരുദ്ധ പ്രവർത്തനങ്ങൾ), 16 (ഭീകരപ്രവർത്തനം), 17 (ഭീകരപ്രവർത്തനത്തിനായി ധനശേഖരണം), 18 (ഗൂഢാലോചന), 22 സി (കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ) എന്നീ വകുപ്പുകളും ഐപിസി 153 എ, 120 ബി വകുപ്പുകളുമാണ് ന്യൂസ്‌ക്ലിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..