20 April Saturday

പ്രധാന അജണ്ട വര്‍ഗീയത ചെറുക്കുക എന്നത്; സഖ്യങ്ങളെല്ലാം തെരഞ്ഞെടുപ്പിനു ശേഷമാണുണ്ടാവുക: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Mar 31, 2019

തിരുവനന്തപുരം > കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരാണ്‌ അധികാരത്തിൽ വരികയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ ഭരണത്തിൽനിന്ന്‌ പുറത്താക്കുകയാണ്‌ ഇടതുപക്ഷത്തിന്റെ പ്രധാനലക്ഷ്യം. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന തന്ത്രമാണ്‌ മോഡിയും ചെയ്‌തുകൊണ്ടിരുന്നത്‌. ജനങ്ങൾക്ക്‌ ഉപകാരമുള്ള ഒന്നും അവർക്ക്‌ ചെയ്യാൻ കഴിഞ്ഞില്ല. കോൺഗ്രസിനെ എന്തിനാണോ അധികാരത്തിൽനിന്ന്‌ പുറത്താക്കിയത്‌ അതേ കൊള്ളരുതായ്‌മകൾ തന്നെയാണ്‌ ബിജെപി ഭരണത്തിലും ഉണ്ടായിരുന്നത്‌. മോഡി ഭരണം രാജ്യത്തിന്റെ മതനിരപേക്ഷത തകർത്തു. ബഹിരാകാശത്തിൽവരെ ചൗക്കിദാറാണ്‌ എന്നാണ്‌ മോഡിയുടെ വാദം.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലൂടെ എന്ത്‌ സന്ദേശമാണ്‌ നൽകുന്നതെന്നും യെച്ചൂരി ചോദിച്ചു. സോണിയ ഗാന്ധി റായ്ബറേലിയിലും  ബെല്ലാരിയിലും മത്സരിച്ചിട്ടുണ്ട്. തെക്കും വടക്കും തമ്മിലാണ് മത്സരം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.  ഭയം കൊണ്ടാണോ ഇത്തരത്തില്‍ മത്സരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് യെച്ചൂരി പ്രതികരിച്ചു. പ്രധാനപ്പെട്ട കാര്യം എന്താണ്. ബിജെപിയെ അധികാരത്തില്‍ നിന്നും ഇല്ലാതാക്കുക. അതിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ രാജ്യം മുഴുവന്‍ മോഡിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍  കോണ്‍ഗ്രസ് എല്‍ഡിഎഫിനെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.  കോണ്‍ഗ്രസ് ഇത് വിശദീകരിക്കേണ്ടതുണ്ട്.

ബിജെപിക്കെതിരെ പരമാവധി വോട്ട് പോള്‍ ചെയ്യിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആര് ബിജെപിയെ തകര്‍ക്കുന്നു അവര്‍ക്കാണ് പിന്തുണ നല്‍കുക. ഇത് വ്യക്തമായ രാഷ്ട്രീയ നിലപാടാണ്. സഖ്യങ്ങളെല്ലാം തെരഞ്ഞെടുപ്പിനു ശേഷമാണുണ്ടാവുക. 2004 ല്‍ ഇടതുപക്ഷം 61 സീറ്റ് നേടി. അതില്‍ 57 ഉും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി നേടിയ വിജയമാണ്. എന്നിട്ടും കോണ്‍ഗ്രസിന് പിന്തുണ നല്‍കി. പ്രധാന അജണ്ട വര്‍ഗീയത ചെറുക്കുക എന്നത് തന്നെയാണെന്നും യെച്ചൂരി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top