29 March Friday

കോളേജുകൾ സ്വന്തം വഴി തേടണം; പ്രീ–പ്രൈമറി തലംമുതൽ സാർവത്രിക വിദ്യാഭ്യാസം

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


ന്യൂഡൽഹി
മോഡിസർക്കാരിന്റെ വിദ്യാഭ്യാസനയം ഉന്നതവിദ്യാഭ്യാസമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. അഫിലിയേറ്റഡ്‌ കോളേജ്‌ സംവിധാനം അവസാനിപ്പിക്കുന്നതോടെ കോളേജുകൾ സ്വതന്ത്രമായ നിലനിൽപ്പിനുള്ള വഴി കണ്ടെത്തേണ്ടിവരും.രാജ്യത്ത്‌ നിലവിൽ 700 സർവകലാശാലയിലായി 35,000ൽപരം അഫിലിയേറ്റഡ്‌ കോളേജുകളുണ്ട്‌. ഇവയ്‌ക്ക്‌ സംസ്ഥാനസർക്കാരുകളുടെയും യുജിസിയുടെയും സാമ്പത്തികസഹായം ലഭിക്കുന്നു. പുതിയ സംവിധാനത്തിൽ യുജിസി ഇല്ലാതാകും. പൊതു, സ്വകാര്യ കോളേജുകൾ അടക്കം എല്ലാം സ്വയംഭരണ സ്ഥാപനങ്ങളായി മാറും.

നിലനിൽപ്പിനായി ഇവയ്‌ക്ക്‌ വിദ്യാർഥികളിൽനിന്ന്‌ ഉയർന്ന ഫീസ്‌ വാങ്ങേണ്ടിവരും. ഇതോടെ സാധാരണക്കാരും ദരിദ്രജനവിഭാഗങ്ങളും ബുദ്ധിമുട്ടിലാകും. വിദൂരഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കോളേജുകൾ അടക്കം സ്വയംഭരണസ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കേണ്ടിവരുന്നത്‌ പ്രായോഗികമല്ലെന്ന്‌ ഈ മേഖലയിലെ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു.ഐഐടി, ഐഐഎം പോലുള്ള സ്ഥാപനങ്ങളായി ഓരോ കോളേജിനെയും ഉയർത്തുമെന്നാണ്‌ സർക്കാർ അവകാശപ്പെടുന്നത്‌. ഐഐടികളും ഐഐഎമ്മുകളും മതിയായ ഫണ്ട്‌ കിട്ടാതെ ഫീസുകൾ കുത്തനെ ഉയർത്തുകയാണ്. കോളേജുകൾക്ക്‌ ഫണ്ട്‌ ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ സംവിധാനം ആവിഷ്‌കരിക്കും. ഇതോടെ കേന്ദ്രസർക്കാരിനു ഫണ്ടിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിയാം.

വിദ്യാഭ്യാസനയം മാറുന്നത്‌ 34 വർഷത്തിനുശേഷം
രാജ്യത്ത്‌ വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നത്‌ 34 വർഷത്തിനുശേഷം. രാജീവ്‌ഗാന്ധി സർക്കാർ 1986ൽ നടപ്പാക്കിയ വിദ്യാഭ്യാസനയമാണ്‌ നിലനിന്നത്‌. ദീർഘകാലത്തിനുശേഷം വിദ്യാഭ്യാസനയം മാറ്റുന്ന ചരിത്രസന്ദർഭത്തിലാണ്‌ രാജ്യമെന്ന്‌ മന്ത്രി പ്രകാശ്‌ ജാവദേക്കർ പറഞ്ഞു. മാനവവിഭവശേഷിമന്ത്രി രമേശ്‌ പൊഖ്‌റിയാലും ജാവദേക്കറും ചേർന്നാണ്‌ പുതിയ നയം പ്രഖ്യാപിച്ചത്‌.

പ്രീ–പ്രൈമറി തലംമുതൽ സാർവത്രിക വിദ്യാഭ്യാസം  
●വിദേശസർവകലാശാലകൾക്ക്‌ രാജ്യത്ത്‌ ക്യാമ്പസ്‌ തുറക്കാൻ അനുമതി നൽകും
●അടിസ്ഥാനഭാഷ, സംഖ്യബോധനം എന്നിവയിൽ ഊന്നൽ. സ്‌കൂൾ തലത്തിൽ അക്കാദമിക്‌, അക്കാദമിക്‌ ഇതര, തൊഴിലധിഷ്‌ഠിത വിഷയങ്ങൾ തമ്മിൽ കർശനമായ വേർതിരിവ്‌ ഉണ്ടാകില്ല 
●ബിരുദതല കോഴ്‌സുകളിൽ ‌വിവിധ വിജ്ഞാനശാഖകൾ സംയോജിപ്പിക്കും. അക്കാദമിക്‌ വിഷയങ്ങളും തൊഴിലധിഷ്‌ഠിത വിഷയങ്ങളും കൂട്ടിച്ചേർക്കും
●10 വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കും
●ഉന്നതവിദ്യാഭ്യാസ മേഖലയിൽ എത്തുന്നവരുടെ എണ്ണത്തിൽ 2035ഓടെ 50 ശതമാനം വർധന ലക്ഷ്യം. ഇതിനായി 3.5 കോടി പുതിയ സീറ്റ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top