28 March Thursday
7000 കിലോമീറ്റര്‍പറന്നെത്തി , ഗോൾഡൻ ആരോ സ്ക്വാഡ്രണിലേക്ക് ചേരും

മണിക്കൂറിൽ 2223 കി.മി വേ​ഗം; വ്യോമസേനയ്‌ക്ക് കരുത്ത് പകര്‍ന്ന്‌ റഫേൽ എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

ന്യൂഡൽഹി
ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്ത് പകര്‍ന്ന്‌ അഞ്ച്‌ റഫേൽ പോർവിമാനം ഫ്രാൻസിൽനിന്ന്‌ പറന്നെത്തി. അംബാല വ്യോമതാവളത്തിൽ  ബുധനാഴ്‌ച പകൽ 3.10ന് വാട്ടർ സല്യൂട്ട്‌ നൽകി‌ രാജ്യം പോർവിമാനങ്ങളെ വരവേറ്റു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ സ്വാഗതമോതി. 7000 കിലോമീറ്റര്‍ പറന്നെത്തിയ വിമാനങ്ങളെ ഇന്ത്യൻ വ്യോമാതിർത്തിമുതൽ രണ്ടു‌ സുഖോയ് വിമാനം അകമ്പടി സേവിച്ചു. പടിഞ്ഞാറൻ അറേബ്യൻ സമുദ്രത്തിൽ നിലയുറപ്പിച്ച പടക്കപ്പല്‍ ഐഎൻഎസ്‌ കൊൽക്കത്തയുമായി റഫേൽ വിമാനങ്ങള്‍ ആശയവിനിമയം നടത്തി.

വ്യോമസേനയുടെ 17–ാം ഗോൾഡൻ ആരോ സ്ക്വാഡ്രണിലേക്ക് സ്വാതന്ത്ര്യദിനത്തിനുശേഷം ഇവ അണിചേരും. 17–ാം സ്ക്വാഡ്രണ്‍ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തില്‍ 7 പൈലറ്റുമാരാണ്‌ ദൗത്യം പൂർത്തിയാക്കിയത്‌. മലയാളിയായ വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്.

ദസ്സാൾട്ട്‌ കമ്പനിയിൽനിന്ന്‌ 59,000 കോടി രൂപ ചെലവിൽ വാങ്ങുന്ന 36 വിമാനത്തിൽ ആദ്യബാച്ചാണ്‌ എത്തിയത്‌. യുപിഎ കാലത്ത്‌ 126 റഫേൽ വിമാനം വാങ്ങാനായിരുന്നു പദ്ധതി. ഫ്രാൻസിൽനിന്ന്‌ നേരിട്ട്‌ വിമാനം വാങ്ങുമെന്ന പ്രഖ്യാപനത്തോടെ മോഡിസർക്കാർ കരാര്‍ മാറ്റി. 36 വിമാനമാക്കി ഇടപാട്‌ ചുരുക്കിയത്‌ വിവാദമായി. രാജ്യത്തിന്റെ ദീർഘകാല പോർവിമാന സംഭരണപദ്ധതിയുടെ ഭാഗമായ ഇടപാട്‌ സുപ്രീംകോടതിയുടെ അനുകൂല വിധി നേടിയാണ്‌ നടപ്പായത്‌.


 

മണിക്കൂറിൽ 2223 കി.മി വേ​ഗം
തിങ്കളാഴ്‌ച ഫ്രാൻസിൽനിന്ന്‌ പുറപ്പെട്ട അഞ്ച് റഫേല്‍ വിമാനം ഇടയ്ക്കിറങ്ങിയത് അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തിൽമാത്രം. 30000 അടി ഉയരത്തിൽ വിമാനത്തില്‍ ഫ്രഞ്ച്‌ ടാങ്കർ വിമാനത്തിൽനിന്ന്‌ ഇന്ധനം നിറയ്‌ക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

●മൂന്ന്‌ വിമാനത്തിന്‌ ഒറ്റ സീറ്റും രണ്ടെണ്ണത്തിനു രണ്ടു സീറ്റ് വീതവുമാണ് ഉള്ളത്.
● 4.5 തലമുറയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് മണിക്കൂറിൽ പരമാവധി 2223 കിലോമീറ്റർവരെ വേ​ഗത്തില്‍ പറക്കാം. 
●ശത്രുവിമാനങ്ങളെ ആക്രമിക്കാനുള്ള മിസൈലുകൾ, 300 കിലോമീറ്റർ പരിധിയുള്ള മിസൈലുകൾ, ചെറു ആണവായുധങ്ങൾ എന്നിവ വഹിക്കാം.
●കാറ്റിന്റെ പ്രവാഹം എന്നാണ്‌ റഫേൽ അർഥമാക്കുന്നത്‌. എൻജിൻ: എം88–-2 ടർബോഫാൻ (രണ്ട്‌ എൻജിൻ), ഭാരം: 10 ടൺ, 24500 കിലോവരെ വഹിക്കാൻശേഷി. 30 മീറ്റർ നീളവും 5.30 മീറ്റർ ഉയരവുമുള്ള ചിറകുകൾ, ഇവയ്‌ക്കിടയിൽ 10.90 മീറ്റർ അകലം.
● കരാർ യാഥാർഥ്യമാക്കുന്നതിൽ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയയുടെ പങ്കു കണക്കിലെടുത്ത് വിമാനത്തിന്റെ വാലറ്റത്ത്‌ രേഖപ്പെടുത്തുന്ന നമ്പറിൽ ‘ആർബി’ എന്നുണ്ടാകും.
 ● റഫേലിന്റെ വരവിന് മുന്നോടിയായി അംബാലയിലും നാല്‌ സമീപഗ്രാമത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫോട്ടോ, വീഡിയോ ചിത്രീകരണം നിരോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top