19 April Friday

അതിഥി തൊഴിലാളികളുടെ സംരക്ഷണം: കരാറുകാര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല-ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

തിരുവനന്തപുരം > വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലിനായി നമ്മുടെ സംസ്ഥാനത്ത് വന്ന അതിഥി തൊഴിലാളികളെ അവരെ ജോലിക്ക് വെച്ച കരാറുകാര്‍ താമസവും ഭക്ഷണവും നല്‍കി സംരക്ഷിക്കണമെന്നു പൊതുമരാമത്തും രജിസ്‌ട്രേഷനും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ മാത്രമല്ല, മറ്റ് പല സ്വകാര്യ കരാര്‍ സ്ഥാപനങ്ങളും വ്യക്തികളും പ്രസ്തുത തൊഴിലാളികളെ ജോലിക്കായി ഉപയോഗിക്കുന്നുണ്ടെന്നും, അവര്‍ക്കെല്ലാം നിലവിലുള്ള നിയമങ്ങളും  ചട്ടങ്ങളും പ്രകാരം ഈ തൊഴിലാളികളുടെ സംരക്ഷണത്തിനു ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാനാകാതെയും ആശ്രയമില്ലാതെയുമായ അതിഥി തൊഴിലാളികള്‍ക്കുള്ള താമസസൗകര്യവും ഭക്ഷണവും ഉള്‍പ്പെടെ കരുതലോടെയുള്ള സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും  കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ഉറപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട കരാറുകാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാന്‍ ഇതൊരു കാരണമായി കാണരുതെന്നും, അത്തരത്തില്‍ ചിലരെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്നു മാറുന്നതായി മനസ്സിലാക്കിയതിനാലാണ് ഇക്കാര്യത്തില്‍ വ്യക്ത വരുത്തുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ മനുഷ്യത്വപരമായ ഇടപെടല്‍ ഓരോ കരാറുകാരനില്‍ നിന്നും ഉണ്ടാവണം.

1970-ലെ കോണ്‍ട്രാക്ട് ലേബര്‍ റഗുലേഷന്‍ ആന്റ് അബോളിഷന്‍ ആക്ട് പ്രകാരം ഏതൊരു കരാറുകാരനും ഒരു കരാര്‍ തൊഴിലാളിക്ക് വിശ്രമമുറി, കാന്റീന്‍, കുടിവെള്ളം, കക്കൂസ്, മൂത്രപ്പുര, കുളിമുറി, ലൈററ്, വെന്റിലേഷന്‍ എന്നീ സൗകര്യങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ മുഖ്യതൊഴില്‍ദായകന്‍ ഇതെല്ലാം ലഭ്യമാക്കുകയും ഉത്തരവാദികളില്‍ നിന്നും തുക ഈടാക്കാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപോലെ 1948-ലെ ഫാക്ടറീസ് ആക്ട് അനുസരിച്ചും മേല്‍പ്പറഞ്ഞ സൗകര്യങ്ങളോടുകൂടിയ ലേബര്‍ ക്യാമ്പുകള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തിക്കൊണ്ട് പോകണമെന്നും പറയുന്നുണ്ട്. പൊതുമരാമത്തു മാനുവലിലും തൊഴിലാളികള്‍ക്ക് തൊഴില്‍ദായകന്‍ നല്‍കേണ്ട സൗകര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകട സാധ്യതയുള്ളയിടങ്ങ സുരക്ഷാ മുന്‍കരുതല്‍ നല്‍കണമെന്നും വ്യവസ്ഥയുള്ളതായി മന്ത്രി അറിയിച്ചു.

കേരളത്തില്‍ തന്നെ ചില കരാറുകാരെങ്കിലും ഈ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മനുഷ്യാവകാശങ്ങളെ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ നടപ്പാക്കിയതില്‍ സന്തോഷമുണ്ട്. ദേശീയതലത്തിലുള്ള അടച്ചുപൂട്ടലിനു മുമ്പുതന്നെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അവരുടെ കീഴിലുള്ള അതിഥി തൊഴിലാളികളെ ഏതാനും ബസ്സുകളില്‍ അവരുടെ ആവശ്യപ്രകാരം സ്വന്തം നാട്ടിലേക്ക് അയച്ചുകൊണ്ട് മാതൃക കാണിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ പ്രധാന കരാര്‍ കമ്പനിയായ പാലത്തറ കണ്‍സ്ട്രക്ഷന്‍സ് അവരുടെ തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കി വരുന്നു. ഇതുപോലെ മറ്റ് കരാറുകാരും ചെയ്തിട്ടുണ്ടാവാമെങ്കിലും വകുപ്പിലോ സര്‍ക്കാരിലോ അറിയാത്തതു കാരണം പൂര്‍ണ്ണവിവരം ലഭ്യമല്ലയെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top