20 April Saturday

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ : പ്രചാരണത്തിന്‌ സമാപനം , 89 സീറ്റിൽ നാളെ വോട്ടെടുപ്പ്‌

പ്രത്യേക ലേഖകൻUpdated: Tuesday Nov 29, 2022



ന്യൂഡൽഹി
ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാഴാഴ്‌ച ഒന്നാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിന്‌ സമാപനം.19 ജില്ലയിലെ 89 സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ 70 വനിതകൾ അടക്കം 788 സ്ഥാനാർഥികളാണ്‌ രംഗത്ത്‌. ബിജെപിയും കോൺഗ്രസും മുഴുവൻ സീറ്റിലും എഎപി 88 ഇടത്തും മത്സരിക്കുന്നുണ്ട്‌.  സിപിഐ എം ആറിടത്ത്‌ മത്സരിക്കുന്നു. സൂറത്ത്‌, കച്ച്‌, സൗരാഷ്‌ട്ര, രാജ്‌കോട്ട്‌ മേഖലകളിലാണ്‌ ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൗരാഷ്‌ട്ര മേഖലയിൽ ബിജെപിക്ക്‌ തിരിച്ചടിയേറ്റിരുന്നു.

വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്‌മ, ലഹരിമരുന്നിന്റെ വ്യാപനം, കുടിവെള്ളക്ഷാമം എന്നീ പ്രശ്‌നങ്ങൾ പ്രചാരണത്തിൽ ചർച്ചയായി. 27 വർഷമായി തുടരുന്ന ബിജെപി ഭരണത്തിനെതിരെ ജനവികാരം പ്രകടമാണ്‌. ഉത്സാഹരഹിതമായ പ്രചാരണവും എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ കൂറുമാറിയതും കോൺഗ്രസിനോടുള്ള താൽപ്പര്യം കുറച്ചിട്ടുണ്ട്‌. ഇത്തരം വോട്ടുകൾ ആകർഷിക്കാനും ബിജെപി വോട്ടുകളിലേക്ക്‌ കടന്നുകയറാനും  എഎപിക്ക്‌ കഴിഞ്ഞാൽ ചിത്രം മാറും. ഇത്‌ മുന്നിൽക്കണ്ട്‌ കോൺഗ്രസാണ്‌ മുഖ്യ എതിരാളിയെന്ന്‌ ബിജെപി ഇപ്പോൾ അവകാശപ്പെടുന്നു.

അവസാനനാളിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്നിവരടക്കം നേതാക്കളുടെ വൻപട യോഗങ്ങളിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തിനെത്തി. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ കോൺഗ്രസിന്റെ യോഗങ്ങളിൽ സംസാരിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ സിങ്‌ മൻ എന്നിവർ എഎപിയുടെ താരപ്രചാരകരായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 182 സീറ്റിൽ ബിജെപി–-99, കോൺഗ്രസ്‌–-77, മറ്റുള്ളവർ–-ആറ്‌ എന്നിങ്ങനെയായിരുന്നു ഫലം.  ബിജെപിക്ക്‌ 49.05 ശതമാനം വോട്ടും കോൺഗ്രസിന്‌ 41.44 ശതമാനവും ലഭിച്ചു. കൊഴിഞ്ഞുപോക്കിനെ തുടർന്ന്‌ കോൺഗ്രസിൽ ശേഷിക്കുന്നത്‌ 60 എംഎൽഎമാർമാത്രം. രണ്ടാംഘട്ടമായി 93 സീറ്റിലേക്ക്‌ അഞ്ചിനാണ്‌ വോട്ടെടുപ്പ്‌. ഫലം എട്ടിനറിയാം. ആകെ 4.90 കോടി വോട്ടർമാരാണ്‌.

ശ്രദ്ധേയരായ 
സ്ഥാനാർഥികൾ
മുൻമന്ത്രി പുരുഷോത്തം സോളങ്കി, എഎപി മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗദ്‌വി, എഎപി സംസ്ഥാന പ്രസിഡന്റ്‌ ഗോപാൽ ഇറ്റാലിയ, ക്രിക്കറ്റ്‌ താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം അരുൺ മേഹ്‌ത എന്നിവരാണ്‌ ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നവരിൽ ശ്രദ്ധേയർ.   ഒന്നാംഘട്ടത്തിൽ 2.39 കോടി വോട്ടർമാരാണ്‌. 1.24 കോടി പുരുഷന്മാരും 1.15 കോടി സ്‌ത്രീകളും 497 ട്രാൻസ്‌ജെൻഡറുകളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top