29 March Friday

കേന്ദ്രസർക്കാരിനെതിരെ തൊഴിലാളി കർഷക ഐക്യ പോരാട്ടം ശക്തമാക്കും ; ദ്വിദിന രാജ്യവ്യാപകപണിമുടക്ക്‌ അടക്കം 
പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ തൊഴിലാളി–-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുമെന്ന്‌ ട്രേഡ്‌യൂണിയനുകളും കർഷകസംഘടനകളും. തുടർ സമരപരിപാടികൾക്ക്‌ രൂപംകൊടുക്കാൻ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തവേദിയും സംയുക്ത കിസാൻമോർച്ചയും യോഗത്തിൽ തീരുമാനിച്ചു.

എംഎസ്‌പിക്ക്‌ നിയമപരിരക്ഷ നൽകുക, വൈദ്യുതി (ഭേദഗതി) ബിൽ പിൻവലിക്കുക, ലഖിംപുർ-ഖേരി കൂട്ടക്കൊലയുടെ ഉത്തരവാദി കേന്ദ്രമന്ത്രി അജയ്‌മിശ്രയെ പുറത്താക്കുക, നാല്‌ തൊഴിൽകോഡ്‌ റദ്ദാക്കുക, സ്വകാര്യവൽക്കരണ നടപടികൾ പിൻവലിക്കുക തുടങ്ങി തൊഴിലാളികളും കർഷകരും ദീർഘകാലമായി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം. എന്നാൽ, വർഗീയഅജൻഡ നടപ്പാക്കി ചേരിതിരിവുണ്ടാക്കി ജനശ്രദ്ധ തിരിക്കാനാണ്‌ സർക്കാരിന്റെ നീക്കം. ഈ സാഹചര്യത്തിൽ ബജറ്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി രണ്ട്‌ ദിവസത്തെ രാജ്യവ്യാപക പണിമുടക്ക്‌ ഉൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകും.

കർഷകരുടെ ശക്തമായ പ്രക്ഷോഭം കാരണം മറ്റ്‌ പോംവഴികൾ ഇല്ലാത്തതിനാലാണ്‌ കാർഷികനിയമങ്ങൾ പിൻവലിച്ചത്‌.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുമോയെന്ന കടുത്തആശങ്കയും തീരുമാനത്തിന്‌ പിന്നിലുണ്ട്‌. വലിയ പ്രതിസന്ധികളും പ്രകോപനങ്ങളും അതിജീവിച്ചാണ്‌ കർഷകർ വിജയം കൈവരിച്ചതെന്നും യോഗം വിലയിരുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top