19 April Friday

കേന്ദ്രത്തെ ഉലച്ച്‌ കർഷക മുന്നേറ്റം

സാജൻ എവുജിൻUpdated: Sunday Nov 29, 2020

ന്യൂഡൽഹി
കോർപറേറ്റ്‌ അനുകൂല നിയമങ്ങൾക്കെതിരെ നിശ്‌ചയദാർഢ്യത്തോടെയും ലക്ഷ്യബോധത്തോടെയും കർഷകർ തുടരുന്ന പോരാട്ടം കേന്ദ്രസർക്കാരിന്‌ കനത്ത പ്രഹരം. തൊഴിലാളി–-കർഷക ഐക്യം ശക്തമായി ഉയർന്നുവന്നത്‌ ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയതന്ത്രങ്ങൾക്ക്‌ തിരിച്ചടിയാണ്‌. വർഗീയധ്രുവീകരണത്തിലൂടെയും പണമൊഴുക്കിയും നേടുന്ന തെരഞ്ഞെടുപ്പ്‌ വിജയങ്ങളിലൂടെ രാജ്യത്ത്‌ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുള്ള ബിജെപി നീക്കത്തിനുള്ള തിരിച്ചടികൂടിയാണ്‌‌ കർഷകമുന്നേറ്റം.

പുതിയ മൂന്ന്‌ കാർഷികനിയമങ്ങളുടെ ദീർഘകാല പ്രത്യാഘാതം മനസ്സിലാക്കിയാണ്‌ കർഷകർ പ്രതിഷേധിക്കുന്നത്. നിയമപരിഷ്‌കാരത്തിന്റെ നേട്ടം ലഭിക്കുക കോർപറേറ്റുകൾക്കാണെന്ന്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കർഷകർ തിരിച്ചറിഞ്ഞു. ബിഎസ്‌എൻഎല്ലിനെ തകർത്ത് വിപണി കൈയടക്കാൻ ജിയോക്ക്‌ വഴിയൊരുക്കിയത്‌ രാജ്യത്തിന്റെ കൺമുന്നിലുണ്ട്‌. പ്രക്ഷോഭത്തിന്റെ ഭാഗമായി അംബാനി, അദാനി ഗ്രൂപ്പുകളുടെ സ്ഥാപനങ്ങൾ പഞ്ചാബിൽ ഉപരോധിച്ചത്‌ ഇതിന്റെ വെളിച്ചത്തിലാണ്‌.

കാർഷികകടങ്ങൾ എഴുതിത്തള്ളും, സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില നടപ്പാക്കും, വൈദ്യുതി സൗജന്യമായി നൽകും എന്നീ വാഗ്‌ദാനങ്ങൾ ബിജെപി ലംഘിച്ചത്‌ കർഷകരിൽ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. മിനിമം താങ്ങുവില സംവിധാനം അപ്രസക്തമാക്കുന്ന വിധത്തിൽ കാർഷികനിയമങ്ങൾ പരിഷ്‌കരിച്ചതോടെ അവർ പ്രത്യക്ഷസമരത്തിനിറങ്ങി‌. സംഭരണത്തിൽനിന്ന്‌ സർക്കാർ പിൻവാങ്ങുന്നതോടെ പൊതുവിതരണ സമ്പ്രദായവും ഇല്ലാതാകും.

പഞ്ചാബിൽ എഫ്‌സിഐ സംഭരണം പൂർണതോതിൽ നടന്നുവന്നിരുന്നതുകൊണ്ടാണ്‌ അവിടത്തെ കർഷകർക്ക്‌ പുതിയ നിയമങ്ങളുടെ അപകടം ആദ്യംതന്നെ ബോധ്യമായത്‌. സംഭരണം ഗണ്യമായി  നടക്കുന്ന ഹരിയാന, പശ്‌ചിമ ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ കർഷകരും രംഗത്തുവന്നു.

രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്‌ചിമബംഗാൾ, അസം‌ സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തമാണ്‌. കർഷകരോഷം ഉയർന്നതോടെ ശിരോമണി അകാലിദൾ എൻഡിഎ വിട്ടു. ഹരിയാനയിൽ ബിജെപി–-ജെജെപി ബന്ധം ഉലഞ്ഞു. സായുധസൈന്യത്തെപ്പോലും വിറപ്പിച്ചുകൊണ്ടുള്ള കർഷകമുന്നേറ്റം ദേശീയരാഷ്‌ട്രീയത്തിന്റെ സ്വഭാവംപോലും മാറ്റാൻ കെൽപ്പുള്ളതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top