25 April Thursday

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിന്റെ അയോഗ്യത പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ന്യൂഡൽഹി> ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസലിന്റെ അയോഗ്യത പിൻവലിച്ചു ലോകസഭ സെക്രട്ടറിയേറ്റ് അടിയന്തിര ഉത്തരവിറക്കി. അയോഗ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള  മുഹമ്മദ് ഫെെസലിന്റെ  ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട് തീരുമാനം എടുത്തത്.

വധശ്രമകേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫെെസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി നേരത്തെ  ഹെെക്കോടതി മരവിപ്പിച്ചിരുന്നു. എന്നാൽ ഹെെക്കോടതി വിധി വന്ന് 2 മാസമായിട്ടും അയോഗ്യത പിൻവലിച്ചിരുന്നില്ല.  കവരത്തി സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ച കേസിലാണ് ഹെെക്കോടതി നടപടി. കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷയും ഹെെക്കോടതി മരവിപ്പിച്ചു. ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ഫൈസലിന്റെ അപേക്ഷയിലാണ് കേരള ഹൈക്കോടതിയുടെ  നടപടിയുണ്ടായത്. എന്നാൽ തടവുശിക്ഷക്കെതിരെ മുഹമ്മദ് ഫെെസൽ ഹെെക്കോടതിയിൽ നൽകിയ അപ്പീലിൽ വിധിയാകുന്നതിന് മുന്നേ കേന്ദ്രം  അവിടെ തിടുക്കപ്പെട്ട് ഉപതെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപ്‌ ലോക്‌സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിനെതിരെയും ഹർജി നൽകിയിരുന്നു.

2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ്‌ എൻസിപി എംപിയായ മുഹമ്മദ് ഫെെസലിന് കവരത്തി സെഷൻസ് കോടതി തടവ്‌ ശിക്ഷ വിധിച്ചത്‌. ജനുവരി 11നാണ്‌ സെഷൻസ്‌ കോടതി 10 വർഷം തടവും ഒരുലക്ഷം വീതം പിഴയും  വിധിച്ചത്‌. 13ന്‌ ലോക്‌സഭാ സെക്രട്ടറി ജനറൽ ഫൈസലിനെ അയോഗ്യനാക്കി. 18ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയുംചെയ്‌തു.

തെരഞ്ഞെടുപ്പിനിടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ. 32 പേരാണ് കേസിലെ പ്രതികൾ. ഇതിലെ ആദ്യ നാല് പേർക്കാണ് തടവുശിക്ഷ വിധിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top