ന്യൂഡൽഹി
രാജസ്ഥാൻ കോൺഗ്രസിലെ ഏറ്റുമുട്ടലിൽ കുലുങ്ങി എഐസിസി നേതൃത്വം. അശോക് ഗെലോട്ട് പക്ഷവും സച്ചിൻ പൈലറ്റ് പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ എല്ലാ പരിധിയും വിടുകയാണ്. വീണ്ടും അധികാരത്തിൽ വരാനുള്ള കോൺഗ്രസിന്റെ സാധ്യതയും മുൾമുനയിലായി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബർ ആദ്യ ആഴ്‌ച രാജസ്ഥാനിലേക്ക് കടക്കാനിരിക്കെയാണ് സംസ്ഥാനത്ത് ഗ്രൂപ്പുപോര് രൂക്ഷമായത്.
രാജസ്ഥാനിലെ തമ്മിലടി അയൽസംസ്ഥാാനമായ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. തൽക്കാലത്തേക്കുള്ള വെടിനിർത്തൽ സാധ്യതകളാണ് ഹൈക്കമാൻഡ് ആരായുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താഏജൻസിയോട് പറഞ്ഞു. ഇരുവിഭാഗവുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയ ഹൈക്കമാൻഡ് വേണുഗോപാൽ ചൊവ്വാഴ്‌ച ജയ്‌പ്പുരിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും.
രാജസ്ഥാൻ കോൺഗ്രസിൽ കൂടുതൽ സ്വാധീനം ഗെലോട്ടിനാണെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്‌ചാത്തലത്തിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് പൈലറ്റ് വിഭാഗം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന നിർദേശം ഗെലോട്ട് നിരാകരിച്ചതിൽ ഹൈക്കമാൻഡിന് അസ്വസ്ഥതയുണ്ട്. ഗെലോട്ടിനെ പ്രസിഡന്റാക്കി പകരം സച്ചിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാൻഡ് നീക്കം. എന്നാൽ തൊണ്ണൂറിലേറെ എംഎൽഎമാരെ ഒപ്പം നിർത്തി ഗെലോട്ട് ഹൈക്കമാൻഡ് നീക്കം വെട്ടി. ഗുജ്ജർ സമുദായമടക്കം പൈലറ്റിനായി രംഗത്തുണ്ട്. ബിജെപി പിന്തുണയിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമിറക്കാൻ ശ്രമിച്ച വഞ്ചകനാണ് പൈലറ്റെന്ന് കഴിഞ്ഞ ദിവസം ഗെലോട്ട് ആഞ്ഞടിച്ചത് ഈ സാഹചര്യത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..