20 April Saturday

കോവിഡ്‌ 19 : 40,000 വെന്റിലേറ്റർ ഉടൻ നിർമിക്കും ; രാജ്യത്ത്‌ മരണം 19; 88 പേർക്ക്‌ രോഗം ഭേദമായി

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


ന്യൂഡൽഹി
കോവിഡ്‌ ബാധിതരുടെ എണ്ണം വൻതോതിലാകുമെന്ന നിഗമനത്തിൽ 40,000 വെന്റിലേറ്റര്‍ അടിയന്തരമായി നിർമിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. ഭാരത്‌ ഇലക്ട്രോണിക്‌സിനോട്‌ 30,000 വെന്റിലേറ്റർ രണ്ടുമാസത്തിനകം നിര്‍മിക്കാനും മറ്റൊരു പൊതുമേഖലാ സ്ഥാപനത്തോട് 10000 നിർമിക്കാനും നിര്‍ദേശിച്ചതായി ആരോഗ്യ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ അറിയിച്ചു.

വിദേശത്തുനിന്നു വന്നത് 15 ലക്ഷം പേർ
രണ്ടു മാസത്തിനിടെ വിദേശത്തുനിന്ന്‌ ഇന്ത്യയില്‍ എത്തിയവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം ആശങ്കാജനകമെന്ന്‌ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറി രാജീവ്‌ ഗൗബ സംസ്ഥാനങ്ങൾക്ക്‌ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളിൽ സ്‌ക്രീനിങ്‌ ആരംഭിച്ച ജനുവരി 18 മുതൽ മാർച്ച്‌ 23 വരെ വിദേശത്തുനിന്ന്‌ എത്തിയ 15 ലക്ഷം പേരുടെ വിവരം സംസ്ഥാനങ്ങൾക്ക്‌ കൈമാറിയിട്ടുണ്ട്‌. ഇവരെയെല്ലാം നിരീക്ഷണത്തിൽ നിർത്തണം.

കേരളത്തിനടക്കം ദുരിതാശ്വാസസഹായം
കേരളമടക്കം എട്ട്‌ സംസ്ഥാനത്തിന്‌ കേന്ദ്രം ദേശീയ ദുരന്ത പ്രതികരണനിധിയിൽനിന്ന്‌ ധനസഹായം അനുവദിച്ചു. 2019ലുണ്ടായ പ്രളയം, വരൾച്ച, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്‌ എന്നീ പ്രകൃതിക്ഷോഭങ്ങൾക്കായി നൽകേണ്ട 5751.27 കോടിയുടെ അധിക ധനസഹായമാണ്‌ നൽകിയത്‌. കേരളത്തിന്‌ 460.77 കോടി രൂപയും  ബിഹാറിന്‌ 953.17 ഉം നാഗാലാൻഡിന്‌ 177.37 ഉം ഒഡിഷയ്‌ക്ക്‌ 179.64 ഉം മഹാരാഷ്ട്രയ്‌ക്ക്‌ 1758.18 ഉം രാജസ്ഥാന്‌ 1119.98 ഉം ബംഗാളിന്‌ 1090.68 ഉം കോടി രൂപയും അനുവദിച്ചു.  കർണാടകയ്‌ക്ക്‌ മൃഗസംരക്ഷണമേഖലയിൽ കിട്ടേണ്ട 11.48 കോടിയും അനുവദിച്ചു.

രാജ്യത്ത്‌ മരണം 19
കോവിഡ്‌–-19 ബാധിച്ച്‌ വെള്ളിയാഴ്‌ച കർണാടകയിൽ ഒരാൾകൂടി മരിച്ചതോടെ രാജ്യത്ത്‌ മരണസംഖ്യ 19 ആയി. ഡൽഹിയിൽ പോയി മടങ്ങിയെത്തിയ തുമക്കൂരു സ്വദേശിയായ 65 കാരനാണ്‌ വെള്ളിയാഴ്‌ച മരിച്ചത്‌. കർണാടകയിലെ മൂന്നാമത്തെ മരണമാണിത്‌. അവിടെ 62 പേരാണ്‌ കോവിഡ്‌ബാധിതർ. മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച രാത്രി  മരിച്ച 82 കാരനായ ഡോക്ടർ ഉൾപ്പെടെ മരണസംഖ്യ ആറായി. ഡോക്‌ടറുടെ കുടുംബാംഗങ്ങൾക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.ആകെ 135 പേർക്കാണ്‌ മഹാരാഷ്ട്രയിൽ  രോഗബാധ. രാജ്യത്ത്‌ ആകെ കോവിഡ്‌ബാധിതരുടെ എണ്ണം 864 ആയി. ഇതിൽ 88 പേർക്ക്‌ രോഗം ഭേദമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top