20 April Saturday
പ്രതിപക്ഷയോജിപ്പ്‌ ഭാവി രാഷ്‌ട്രീയത്തിന്റെ ദിശാസൂചിക

പാർലമെന്റ്‌ ഉദ്‌ഘാടനം 
ഹൈന്ദവാചാര പ്രകാരം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


ന്യൂഡൽഹി
പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം പൂർണമായും ഹൈന്ദവ മതാചാരപ്രകാരം. ഹിന്ദുമഹാസഭ നേതാവ് വി ഡി സവര്‍ക്കറുടെ ജന്മദിനമായ മെയ് 28ന്  രണ്ടുഘട്ടമായാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. രാവിലെ 7.30ന്‌ പാർലമെന്റ്‌ വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്കു സമീപം യജ്ഞത്തോടെയാണ്‌ ആദ്യഘട്ടം. തുടർന്ന്‌ പൂജ. പ്രധാനമന്ത്രി, ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ ഉപാധ്യക്ഷൻ എന്നിവർ സന്നിഹിതരാകും. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമുണ്ടാകില്ല. പൂജയ്‌ക്കുശേഷം 8.30നും ഒമ്പതിനുമിടയിൽ പാർലമെന്റ്‌ മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും.

ഒമ്പതരയ്‌ക്ക്‌ പ്രാർഥനായോഗം. ശങ്കാരാചാര്യന്മാർ, മറ്റ്‌ പ്രമുഖ ഹിന്ദുസന്യാസിമാർ, മതപണ്ഡിതർ തുടങ്ങിയവർ പങ്കെടുക്കും. ആദി ശിവനെയും ആദി ശങ്കരനെയും ആരാധിക്കും.

പകൽ 12ന്‌ ദേശീയഗാനത്തോടെ രണ്ടാം ഘട്ടത്തിന്‌ തുടക്കമാകും. രണ്ട്‌ ഹൃസ്വചിത്രം ഈ ഘട്ടത്തിൽ പ്രദർശിപ്പിക്കും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷൻ വായിക്കും. തുടർന്ന്‌ സ്‌പീക്കർ സംസാരിക്കും. പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കും. രണ്ടരയ്‌ക്ക്‌ പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിക്കും. തമിഴ്നാട്ടിലെ ‘അധീന’ങ്ങൾ എന്നറിയപ്പെടുന്ന 20 ശൈവമഠത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.


പ്രതിപക്ഷയോജിപ്പ്‌ ഭാവി രാഷ്‌ട്രീയത്തിന്റെ ദിശാസൂചിക
പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടന ചടങ്ങിൽനിന്ന്‌ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷപാർടികൾ ഒന്നിച്ചത്‌ ഭാവിരാഷ്‌ട്രീയഗതിയുടെ സൂചന. മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരായ പോരാട്ടം തുടരുമെന്ന്‌ സംയുക്ത പ്രസ്‌താവന ഉറപ്പ്‌ നൽകുന്നു.
പാർലമെന്റിനകത്തും പുറത്തും ബിജെപിക്കെതിരായ യോജിച്ച നീക്കങ്ങളിൽനിന്ന്‌ അകലം പാലിച്ച എഎപി, ടിഎംസിയും പ്രസ്‌താവനയിൽ ഒപ്പിട്ടു. നോട്ടുനിരോധനം, പൗരത്വഭേദഗതി നിയമം, ജമ്മു- കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, അശാസ്‌ത്രീയമായി ജിഎസ്‌ടി നടപ്പാക്കൽ എന്നീ വിഷയങ്ങളിൽ യോജിച്ച പ്രക്ഷോഭത്തിനോ പ്രചാരണത്തിനോ പ്രതിപക്ഷപാർടികൾക്ക്‌ സാധിച്ചില്ല. ഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ, കർഷകപ്രക്ഷോഭം, അദാനി–-ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ എന്നിവയില്‍ പാർലമെന്റിൽ പ്രതിപക്ഷസഹകരണം പ്രകടമായി. രാഹുൽ ഗാന്ധിയെ എംപിസ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു.

 ജനാധിപത്യസംവിധാനത്തിനെതിരായ കടന്നാക്രമണത്തോട്‌ ഉചിതമായ പ്രതികരണം എന്ന നിലയിലാണ്‌ പാർലമെന്റ്‌ മന്ദിരംഉദ്‌ഘാടന ചടങ്ങ്‌ ബഹിഷ്‌കരിക്കാൻ 19 പ്രതിപക്ഷപാർടികള്‍ ഒറ്റക്കെട്ടായ് തീരുമാനിച്ചത്‌. തെലങ്കാന ഭരണകക്ഷിയായ ബിആർഎസും ചടങ്ങ്‌ ബഹിഷ്‌കരിക്കാനുള്ള നിലപാടിലാണ്‌. പാർലമെന്റിൽ ബിജെപിയെ സഹായിക്കുന്ന ബിജെഡി, വൈഎസ്‌ആർ കോൺഗ്രസ്‌ എന്നിവ മാത്രമാണ്‌ ചടങ്ങിൽ പങ്കെടുക്കുമെന്ന്‌ പ്രഖ്യാപിച്ച സംസ്ഥാന ഭരണകക്ഷി പാർടികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top