ന്യൂഡൽഹി
മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് ചാടാന്‍ മുന്‍നിര നേതാക്കള്‍ക്ക് മടിയുണ്ടായിട്ടില്ല. എന്നാല്‍, കോൺഗ്രസിലെ സംഘപരിവാർ വിരുദ്ധ നിലപാടുകാരും ഇപ്പോൾ കൂട്ടമായി പുറത്തേക്കുള്ള വഴിതേടുന്നു. അത്തരം നേതാക്കള്‍ക്ക് എസ്‌പിയും എൻസിപിയും ഇടതുപക്ഷവും തൃണമൂലുമൊക്കെ ആഭയകേന്ദ്രമാകുന്നു.
സംഘപരിവാറിനെ ഒളിഞ്ഞുംതെളിഞ്ഞും പിന്തുണയ്‌ക്കുന്ന കെ സുധാകരനെപ്പോലുള്ള നേതാക്കളുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിൽ കോൺഗ്രസ്‌വിട്ട നേതാക്കൾ സിപിഐ എമ്മിലേക്കാണ് എത്തിയത്. പി സി ചാക്കോ എൻസിപിയിൽ എത്തി സംസ്ഥാന അധ്യക്ഷനായി.
കെ വി തോമസ് ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി. അസമിൽ സുസ്‌മിത ദേവും റിപുൻ ബോറയുമൊക്കെ തൃണമൂലിലേക്കു പോയി. കപിൽ സിബൽ എസ്‌പി പിന്തുണയിൽ രാജ്യസഭയിൽ എത്തുന്നു.
രാഹുൽ ഭക്തസംഘം മാത്രമായി ദേശീയതലത്തിൽ കോണ്‍ഗ്രസ് ചുരുങ്ങി. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി തോറ്റിട്ടും കെ സി വേണുഗോപാൽ എന്ന ദുർബല നേതാവ് സംഘടനാ ജനറൽ സെക്രട്ടറിയായി തുടരുന്നത് കോൺഗ്രസിന്റെ പരിതാപകരമായ അവസ്ഥയ്‌ക്ക് ഉദാഹരണം.
5 മാസം; പോയത് 10 നേതാക്കൾ
2022ലെ ആദ്യ അഞ്ചുമാസത്തില്‍ പത്ത് മുതിർന്ന നേതാക്കളാണ് കോൺഗ്രസ് വിട്ടത്. രാഹുലിന്റെയും പ്രിയങ്കയുടെയും വിശ്വസ്‌തനായിരുന്ന യുപിയിൽനിന്നുള്ള മുൻ കേന്ദ്രമന്ത്രി ആർ പി എൻ സിങ് ബിജെപിയിൽ എത്തി. പഞ്ചാബിലെ മുൻ കേന്ദ്രമന്ത്രി അശ്വനി കുമാറും അസം പിസിസി അധ്യക്ഷൻ റിപുൻ ബോറയും കോൺഗ്രസ് വിട്ടു. സുഷ്‌മിത ദേവിനുപിന്നാലെ ബോറ തൃണമൂലിൽ എത്തി. അശ്വനി കുമാർ എഎപിക്കൊപ്പം. സിപിഐ എം സെമിനാറിന് പോയെന്നപേരില്‍ കെ വി തോമസിനെ പുറത്താക്കി. പഞ്ചാബ് പിസിസി പ്രസിഡന്റായിരുന്ന സുനിൽ ഝക്കർ ബിജെപിയിലെത്തി.
ഗുജറാത്ത് വർക്കിങ് പ്രസിഡന്റായ ഹാർദിക് പട്ടേലും രാജസ്ഥാൻ യൂത്ത്‌കോൺഗ്രസ് പ്രസിഡന്റും എംഎൽഎയുമായ ഗണേഷ് ഗോഗ്‌രയും പാർടി വിട്ടു. ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയ് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..