25 April Thursday
ഗ്യാസ്‌ സബ്‌സിഡിക്ക്‌ 2019–-- 20ൽ 1,446 കോടി രൂപ 
നൽകിയെങ്കിൽ 2021–22ൽ പൂജ്യമായി

ജനത്തെ പറ്റിച്ച്‌ ഉജ്വല യോജന ; ഒറ്റരൂപ കേന്ദ്രം കൊടുത്തില്ല

പ്രത്യേക ലേഖകൻUpdated: Monday Jul 25, 2022


ന്യൂഡൽഹി
രണ്ട്‌ വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്‌സിഡി ഇനത്തിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. ബിജെപി രാജ്യത്താകെ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജനയ്‌ക്ക്‌ 2021–-22ൽ ഒരു രൂപയും കേന്ദ്രം നൽകിയില്ല. എ എ റഹിമിന്‌ രാജ്യസഭയിൽ പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

എൽപിജി ഉപയോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിച്ച സബ്‌സിഡി തുക 2019-–-20ൽ മൊത്തം 22,726 കോടി രൂപ ആയിരുന്നത് 2021–--22ൽ വെറും 242 കോടിയായി. ഉജ്വല യോജന വഴിയുള്ള സബ്സിഡി 2019-–-20ൽ 1,446 കോടി രൂപ. 2020-–-21ൽ ഇത് 76 കോടിയായി. 2021–--22ല്‍ പദ്ധതിക്ക്  ഒരുരൂപയും നൽകിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയുടെ പരസ്യത്തിന് മാത്രം കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ചെലവഴിച്ചതെന്ന് എ എ റഹിം പറഞ്ഞു. ഉജ്വസ യോജനയുടെ പേരിലാണ്‌ ബിജെപി പെട്രോൾ–- ഡീസൽ വിലവർധനയെ ന്യായീകരിക്കുന്നത്‌. സബ്‌സിഡി ഇല്ലാതാക്കി ജനങ്ങളെ ചൂഷണത്തിന്‌ വിട്ടുകൊടുത്ത്‌ സർക്കാർ കാഴ്ചക്കാരായെന്നും റഹിം പറഞ്ഞു.

സഭയില്‍ പ്രതിഷേധമിരമ്പി
വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റിൽ ശക്തമായ പ്രതിപക്ഷപ്രതിഷേധം തുടരുന്നു. ഇരുസഭയും പലവട്ടം നിർത്തിവച്ചു. ലോക്‌സഭയിൽ പ്ലക്കാർഡുകൾ ഉയർത്തിയെന്ന പേരിൽ നാല്‌ കോൺഗ്രസ്‌ എംപിമാരെ ഈ സഭാകാലയളവിലേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തു. മാണിക്കം ടാഗോർ, ജോതിമണി, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്‌ എന്നിവരാണ്‌ ആഗസ്‌ത്‌ 12 വരെ സസ്‌പെൻഷനിലായത്‌.

വിലക്കയറ്റത്തിൽ ചർച്ച വേണമെന്നും പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയിൽ പ്ലക്കാർഡുകൾ ഉയർത്തിയ പ്രതിപക്ഷഅംഗങ്ങളെ സ്‌പീക്കർ ഓം ബിർല ശാസിച്ചു. സഭ  മൂന്നിന്‌ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിഷേധം ആവർത്തിച്ചു. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സ്‌പീക്കറോട്‌ അഭ്യർഥിച്ചു. സ്‌പീക്കറുടെ പ്രഖ്യാപനം വന്നതോടെ നാല്‌ എംപിമാരും പാർലമെന്റ്‌ വളപ്പിലെ ഗാന്ധിപ്രതിമയ്‌ക്ക്‌ മുന്നിൽ ധർണ നടത്തി. രാജ്യസഭയിൽ പ്രതിഷേധം ശക്തമായി തുടരവെ വിനാശായുധ ഭേദഗതി ബിൽ ചർച്ചയ്‌ക്കെടുത്തു. ബഹളത്തിനിടെ ബിജെപി അംഗങ്ങൾമാത്രം സംസാരിച്ചു. ബിൽ പാസാക്കുന്നത്‌ ചൊവ്വാഴ്‌ചത്തേക്ക്‌ മാറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top