27 April Saturday
കേന്ദ്രം ഉറപ്പ് ലംഘിച്ചെന്ന് വിനേഷ്‌ ഭൊഗാട്ട്

ബ്രിജ്‌ഭൂഷനെതിരായ ലൈം​ഗികാരോപണം ; സമിതിയെ തള്ളി ഗുസ്‌തി താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധം

 

ന്യൂഡൽഹി
റെസ്‌ലിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മേൽനോട്ട സമിതിയോട്‌ വിയോജിച്ച്‌ ഗുസ്‌തി താരങ്ങൾ. മേൽനോട്ട സമിതിയെ പ്രഖ്യാപിക്കും മുമ്പ്‌ കൂടിയാലോചന നടത്താമെന്ന ഉറപ്പ്‌ കേന്ദ്രസർക്കാർ തെറ്റിച്ചുവെന്നും ഇതിൽ നിരാശയുണ്ടെന്നും ഗുസ്‌തി താരങ്ങൾ വ്യക്തമാക്കി.

ബ്രിജ്‌ഭൂഷനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നതിന്‌ ബോക്‌സിങ്‌ താരവും മുൻ രാജ്യസഭാംഗവുമായ എം സി മേരികോമിന്റെ അധ്യക്ഷതയിൽ അഞ്ചംഗ മേൽനോട്ട സമിതിയാണ്‌ കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ചത്‌. എന്നാൽ, സമിതിയിൽ വിശ്വാസമില്ലെന്ന നിലയിലാണ്‌ ഗുസ്‌തി താരങ്ങളുടെ പ്രതികരണം. 

ബ്രിജ്‌ഭൂഷനെതിരായ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ വിനേഷ്‌ ഭൊഗാട്ടാണ്‌ ട്വിറ്ററിലൂടെ സമിതിയോടുള്ള വിയോജിപ്പ്‌ ആദ്യം പ്രകടമാക്കിയത്‌. തങ്ങളുമായി കൂടിയാലോചിച്ചാകും സമിതിയെ പ്രഖ്യാപിക്കുകയെന്ന ഉറപ്പ്‌ കേന്ദ്രം ലംഘിച്ചുവെന്ന്‌ വിനേഷ്‌ ആരോപിച്ചു. മറ്റ്‌ താരങ്ങളായ ബജ്‌രങ്‌ പുനിയ, സാക്ഷി മാലിക്ക്‌, സരിത മോർ എന്നിവരും ട്വിറ്ററിൽ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, കായിക മന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ എന്നിവരെ ടാഗ്‌ ചെയ്‌താണ്‌ ഗുസ്‌തി താരങ്ങളുടെ ട്വീറ്റ്‌.

തിങ്കളാഴ്‌ചയാണ്‌ അഞ്ചംഗ മേൽനോട്ട സമിതിയെ കായിക മന്ത്രാലയം പ്രഖ്യാപിച്ചത്‌. മേരികോമിന്‌ പുറമെ ഗുസ്‌തിയിൽ ഒളിമ്പിക്‌ മെഡൽ ജേതാവായ യോഗേശ്വർ ദത്ത്‌, ബാഡ്‌മിന്റൺ താരം തൃപ്‌തി മുരുഗുണ്ടെ, ടാർഗറ്റ്‌ ഒളിമ്പിക്ക്‌ പോഡിയം പദ്ധതി മുൻ സിഇഒ രാജേഷ്‌ രാജഗോപാലൻ, സായ്‌ മുൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ രാധിക ശ്രീമാൻ എന്നിവരാണ്‌ സമിതിയംഗങ്ങൾ. ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ സമിതിക്ക്‌ നിർദേശം. സമിതി രൂപീകരിച്ചതിനോട്‌ ബ്രിജ്‌ഭൂഷൺ ഇതുവരെയായി പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top