20 April Saturday

ലക്ഷദ്വീപ്‌ എംപിയുടെ അയോഗ്യത പിൻവലിച്ചില്ല

പ്രത്യേക ലേഖകൻUpdated: Friday Mar 24, 2023


കൊച്ചി
ലക്ഷദ്വീപ്‌ എംപിയെ ശിക്ഷിച്ച മജിസ്‌ട്രേട്ട്‌ കോടതിവിധി സുപ്രീംകോടതി മരവിപ്പിച്ചിട്ട്‌ രണ്ടുമാസം പിന്നിട്ടിട്ടും അയോഗ്യത പിൻവലിക്കാൻ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ തയ്യാറായിട്ടില്ല. മജിസ്‌ട്രേട്ട്‌ കോടതിവിധിയുടെ പിറ്റേന്ന്‌ അസാധാരണ തിടുക്കത്തിലാണ്‌ ലക്ഷദ്വീപ്‌ എംപി പി പി മുഹമ്മദ്‌ ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയറ്റ്‌ അയോഗ്യനാക്കിയത്‌. അന്നുതന്നെ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. മുഹമ്മദ്‌ ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചതോടെ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പിൻവലിച്ചെങ്കിലും ലോക്‌സഭാ സെക്രട്ടറിയറ്റ്‌ തീരുമാനം പിൻവലിക്കാൻ തയ്യാറായില്ല.

തെരഞ്ഞെടുപ്പ്‌ ആക്രമണക്കേസിൽ മുഹമ്മദ്‌ ഫൈസലിനെ ശിക്ഷിച്ച്‌ ജനുവരി 11 നായിരുന്നു കവരത്തി സെഷൻസ്‌ കോടതി വിധി. 13ന്‌ ലോക്‌സഭാ അംഗത്വത്തിൽനിന്ന്‌ അയോഗ്യനാക്കപ്പെട്ടു;  18ന്‌ ഉപതെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചു. അംഗം മരിക്കുകയോ അയോഗ്യനാക്കപ്പെടുകയോ ചെയ്‌താൽ ആറുമാസത്തിനുള്ളിൽ നടത്തേണ്ട ഉപതെരഞ്ഞെടുപ്പുകൾ ആറാം മാസത്തിൽമാത്രം നടത്താറുള്ള കമീഷനാണ്‌ ലക്ഷദ്വീപിൽ അസാധാരണ തിടുക്കം കാണിച്ചത്‌.   ശിക്ഷ മരവിപ്പിച്ച ഹൈക്കോടതിവിധി സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായില്ല. ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നില്ലെന്ന്‌ ഇതോടെ കമീഷൻ കോടതിയെ അറിയിച്ചു.  അംഗത്വം പുനഃസ്ഥാപിക്കാൻ മുഹമ്മദ്‌ ഫൈസലും എൻസിപി പ്രസിഡന്റ്‌ ശരദ്‌ പവാറും പാർലമെന്ററി പാർടി നേതാവ്‌ സുപ്രിയ സുലെയും ലോക്‌സഭാ സ്‌പീക്കർക്ക്‌ കത്തുനൽകിയിട്ടും ലോക്‌സഭാ സെക്രട്ടറിയറ്റ്‌ അനങ്ങിയില്ല.

സുപ്രീംകോടതിയെ സമീപിക്കും:  മുഹമ്മദ്‌ ഫൈസൽ
ലോക്‌സഭാ സെക്രട്ടറിയറ്റിനെതിരായി സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ ലക്ഷദ്വീപ്‌ എംപി മുഹമ്മദ് ഫൈസൽ. തന്റെ അതേ അനുഭവമാണ്‌ രാഹുലിനെന്ന്‌ ഫൈസൽ പറഞ്ഞു. ലോക്‌സഭാ സെക്രട്ടറിയറ്റിനെ ബന്ധപ്പെടുമ്പോഴെല്ലാം ഉടൻ പിൻവലിക്കുമെന്നാണ്‌ മറുപടിയെന്നും ഫൈസൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top