20 April Saturday

സ്‌തംഭിച്ച്‌ പാർലമെന്റ്‌ ; ഇരുസഭയും തടസ്സപ്പെടുത്തി ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023


ന്യൂഡൽഹി
പാർലമെന്റിന്റെ ഇരുസഭയും തുടർച്ചയായ എട്ടാംദിവസവും ഭരണകക്ഷിയായ ബിജെപി തടസ്സപ്പെടുത്തി. യുകെ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധി മാപ്പുപറയണം എന്നാവശ്യപ്പെട്ടാണ്‌ ബിജെപി അംഗങ്ങൾ ഇരുസഭയും അലങ്കോലപ്പെടുത്തിയത്‌. അദാനി അഴിമതിയിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷവും ഇരുസഭയിലും പ്രതിഷേധിച്ചു.

ബഹളത്തിനിടെ വിവിധ മന്ത്രാലയങ്ങളുടെ ധനാഭ്യർഥനകൾ   ലോക്‌സഭ  ഒന്നിച്ച്‌ പാസാക്കി. തുടർന്ന്‌ ധനവിനിയോഗ ബില്ലും പാസാക്കി. ഇതോടെ ബജറ്റ്‌ നിർദേശപ്രകാരം 2023–-24 വർഷത്തേക്ക്‌ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനത്തിനായി ഖജനാവിൽനിന്ന്‌ 144 ലക്ഷം കോടി രൂപ വിനിയോഗിക്കാൻ സർക്കാരിന്‌ അധികാരമായി. ബജറ്റിനൊപ്പം അവതരിപ്പിച്ച ധനബില്ല്‌ വെള്ളിയാഴ്‌ച പാസാക്കാൻ പരിഗണിക്കും. അതിനുശേഷം ബജറ്റ്‌ സമ്മേളനം അവസാനിപ്പിച്ച്‌ പാർലമെന്റ്‌ പിരിഞ്ഞേക്കും.  

രാജ്യസഭ രാവിലെ ചേർന്നയുടൻതന്നെ ബഹളത്തെ തുടർന്ന്‌ രണ്ടുവരെ  നിർത്തി. പിന്നീട്‌ വെള്ളിയാഴ്‌ച ചേരാൻ പിരിഞ്ഞു. ലോക്‌സഭയും രണ്ടുവട്ടം പിരിഞ്ഞ ശേഷം ആറിനാണ്‌ ധനവിനിയോഗ ബില്ലും മറ്റും ബഹളത്തിനിടെ പാസാക്കിയത്‌. അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ എംപിമാർ പാർലമെന്റിന്റെ പ്രധാന കവാടത്തിന്‌ മുന്നിൽ പ്രതിഷേധിച്ചു.

സഭാസ്‌തംഭനം ചർച്ച ചെയ്യാൻ രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. രാഹുൽ മാപ്പുപറയണം എന്ന നിലപാടിൽ ബിജെപിയും അദാനി വിഷയത്തിൽ അന്വേഷണം വേണമെന്ന നിലപാടിൽ പ്രതിപക്ഷവും ഉറച്ചുനിന്നു. ധനവിനിയോഗ ബില്ല്‌ പാസാക്കി ലോക്‌സഭ പിരിഞ്ഞശേഷം പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും സ്‌പീക്കർ ഓം ബിർളയെ കണ്ടു. മോദിക്ക്‌ പുറമെ രാജ്‌നാഥ്‌ സിങ്‌, പ്രഹ്ലാദ്‌ ജോഷി, കിരൺ റിജിജു തുടങ്ങിയ മന്ത്രിമാരാണ്‌ സ്‌പീക്കറെ കണ്ടത്‌. സഭാ സ്‌തംഭനം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായതായാണ്‌ സൂചന. രാഹുൽ അയോഗ്യനാക്കപ്പെട്ടതിന്‌ പിന്നാലെയാണ്‌ കൂടിക്കാഴ്‌ചയെന്ന പ്രത്യേകതയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top