24 April Wednesday

ഫ്രാൻസിൽ പ്രസിഡന്റും അന്വേഷണം പ്രഖ്യാപിച്ചു ; മോഡിക്ക്‌ മൗനം

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021


ന്യൂഡൽഹി
പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വഴി തന്റെ മൊബൈൽ ഫോണും ചോർത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവേൽ മാഖുമും അന്വേഷണം പ്രഖ്യാപിച്ചു. പുറത്തുവന്ന കാര്യങ്ങൾ സത്യമാണെങ്കിൽ അങ്ങേയറ്റം ഗുരുതരമാണെന്ന്‌ അദ്ദേഹത്തിന്റെ ഓഫീസ്‌ പ്രതികരിച്ചു. മാധ്യമവെളിപ്പെടുത്തലുകളുടെ എല്ലാവശവും അന്വേഷിക്കും. ചോർത്തലിന്‌  വിധേയരായ ചിലർ പരാതി നൽകിയിട്ടുണ്ട്‌. നിയമപരമായ എല്ലാ അന്വേഷണവും നടക്കും–-പ്രസിഡന്റിന്റെ ഓഫീസ്‌ വ്യക്തമാക്കി. മൊറോക്കോ രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടിയാണ്‌ മാഖുമിന്റെ ഫോൺ നിരീക്ഷിച്ചത്‌.

ഫ്രഞ്ച്‌ മാധ്യമം മീഡിയ പാർടിന്റെ പരാതിയിൽ സർക്കാർ പ്രോസിക്യൂഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. മീഡിയ പാർടിന്റെ സ്ഥാപകൻ എഡ്‌വി പ്ലെനേൽ, റിപ്പോർട്ടർ ലെനൈഗ്‌ ബ്രിദോക്‌സ്‌ എന്നിവരുടെ ഫോണുകളാണ്‌ ചോർത്തിയത്‌.  ഫ്രഞ്ച്‌ ദേശീയ പത്രം ലേ മുന്ദ്‌, എഎഫ്‌പി വാർത്താഏജൻസി ജീവനക്കാരുടെ ഫോണുകളും ചോർത്തി. പാരിസ്‌ ആസ്ഥാനമായ ‘ഫോർബിഡൻ സ്‌റ്റോറീസ്‌’ സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ 17 മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ്‌ ചോർത്തൽ പുറത്തുവന്നത്‌. ഇസ്രയേലി കമ്പനി എൻഎസ്‌ഒയുടെ സോഫ്‌റ്റ്‌വെയറായ പെഗാസസ്‌ ആഗോളതലത്തിൽ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്ന്‌ ഇസ്രയേൽ പ്രതിസന്ധിപരിഹാര സമിതി രൂപീകരിച്ചിട്ടുണ്ട്‌.

അതേസമയം, കേന്ദ്രമന്ത്രിമാരും ഭരണഘടനാ സ്ഥാനങ്ങൾ വഹിക്കുന്നവരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിയമവിരുദ്ധനിരീക്ഷണത്തിനു വിധേയരായിട്ടും മോഡിസർക്കാർ അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം പുറത്തുകൊണ്ടുവന്നത്‌ ‘വികസനം’ അട്ടിമറിക്കാനാണെന്ന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top