19 April Friday
കലാപത്തീയില്‍ മണിപ്പുര്‍

പലായനം ; 7527 കുക്കി വിഭാഗക്കാർ 
മിസോറമിൽ അഭയംതേടി

സാജൻ എവുജിൻUpdated: Wednesday May 24, 2023


ന്യൂഡൽഹി
സംഘർഷം തുടർക്കഥയാകുന്ന മണിപ്പുരിൽനിന്ന് അയല്‍സംസ്ഥാനമായ മിസോറമിലേക്ക് പലായനം ചെയ്‌തത്‌ 7,500ലേറെ പേർ. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചുവരെ 7,527 കുക്കി വിഭാഗക്കാർ മിസോറമിലേക്ക്‌ കടന്നു. ഇവര്‍ക്ക് താൽക്കാലിക ക്യാമ്പുകളിൽ അഭയം നൽകി. ഇതുവരെ  35,000പേർ അഭയാർഥികളായെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 72 പേരുടെ ജീവനെടുത്ത കലാപത്തിന്‌ ശേഷം മണിപ്പുർ കുറച്ചുദിവസത്തേക്ക്‌ ശാന്തമായെങ്കിലും ഞായർ, തിങ്കൾ ദിവസങ്ങളിലായി ഇംഫാലിലും മറ്റും വീണ്ടും സംഘർഷമുണ്ടായതോടെ നാട്ടുകാര്‍ കടുത്ത ആശങ്കയില്‍. സൈന്യവും അർധ സൈനിക വിഭാഗങ്ങളും രംഗത്തിറങ്ങി. തുടർസംഘർഷങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.  20 കമ്പനി സുരക്ഷാ ഭടന്മാരെ കൂടി വിന്യസിക്കണമെന്ന്‌ മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചില സ്ഥലങ്ങളിൽ പ്രദേശവാസികൾ താൽക്കാലിക ബങ്കറുകൾ ഉണ്ടാക്കി ലൈസൻസുള്ള തോക്കുകളുമായി കാവൽ നിൽക്കുന്നതായി റിപ്പോർട്ടുണ്ട്‌.

തിങ്കളാഴ്‌ച ന്യൂചെക്കൊൻ മേഖലയിൽ മുൻ ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച്‌ കടകൾ അടപ്പിക്കാൻ ശ്രമിച്ചതാണ്‌ വീണ്ടും സംഘർഷത്തിന്‌ വഴിയൊരുക്കിയത്‌. ഇവരെ അറസ്റ്റ് ചെയ്തു.

കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ
മണിപ്പുരിൽ അധികാരം പിടിക്കാൻ ധ്രുവീകരണരാഷ്ട്രീയംകളിച്ച ബിജെപിക്ക്‌ കലാപത്തിന്റെ  ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിയാനാകില്ല.സംസ്ഥാന ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്‌ത്തീ വിഭാഗത്തെ പ്രീണിപ്പിക്കാൻ ബിജെപി സർക്കാർ ശ്രമിച്ചതാണ്‌ കലാപത്തിന് വഴിമരുന്നായത്. മെയ്‌ത്തീകൾക്ക്‌ പട്ടികവർഗ പദവി നൽകാനും ഗോത്രവർഗക്കാരെ വനഭൂമിയിൽനിന്ന്‌ ഇറക്കിവിടാനും നടത്തിയ ശ്രമം ബിജെപിയിലും ആഭ്യന്തരപ്രശ്‌നം സൃഷ്ടിച്ചു. മുഖ്യമന്ത്രി  ബീരേൻ സിങ്ങിനെ മാറ്റണമെന്ന്‌ ഒരു വിഭാഗം എംഎൽഎമാർ ദേശീയനേതൃത്വത്തോട്‌ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. കലാപവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ഷായും കർണാടക തെരഞ്ഞെടുപ്പിന്റെ  തിരക്കിലായിരുന്നു.    

കലാപത്തിന്റെ ആദ്യ മണിക്കൂറുകളിൽ  പൊലീസ്‌ ട്രെയിനിങ്‌ കോളേജിൽനിന്നും സ്‌റ്റേഷനുകളിൽനിന്നും മെയ്‌ത്തീ സംഘടനകൾ ആയിരത്തോളം തോക്കും 10,000ഓളം തിരയും കൊള്ളയടിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഇതോടെ കുക്കികൾക്ക്‌ സംരക്ഷണമൊരുക്കാന്‍  പ്രത്യേക സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട്‌ 10 എംഎൽഎമാർ അമിത്‌ഷായെ കണ്ടു. ചിൻ–-കുക്കി–-മിസോ–-സോമി–-ഹമർ വിഭാഗങ്ങളിലെ  ഈ എംഎൽഎമാരിൽ ഏഴ്‌ പേർ ബിജെപിക്കാരാണ്. പിന്നാലെ ബീരേൻ സിങ്‌ ഡൽഹിയില്‍ അമിത്‌ഷായുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും ക്രിയാത്മക ഇടപെടലുണ്ടായില്ല. കലാപത്തിനുശേഷം ഒറ്റ കേന്ദ്രമന്ത്രിപോലും മണിപ്പുർ സന്ദർശിച്ചിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top